കല്ലമ്പലം: നാവായിക്കുളം, കരവാരം, മണമ്പൂർ, ഒറ്റൂർ മേഖലയിലെ ഒട്ടുമിക്ക അങ്കണവാടി ജീവനക്കാരും ജോലിഭാരത്താൽ നരകയാതന അനുഭവിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന അങ്കണവാടികളുടെ നിയന്ത്രണം ഒരു അദ്ധ്യാപികയും ഹെൽപ്പറും ചേർന്നാണ് നിർവഹിക്കുന്നത്.

എല്ലാ ദിവസവും ഫീൽഡ് സർവേ നടത്തുന്നതിനായി നിശ്ചയിക്കപ്പെട്ടിട്ടുള്ള സമയം വൈകിട്ട് മൂന്നര മുതൽ നാലര വരെയാണ്. സ്മാർട്ട് ഫോൺ നൽകി മൊബൈൽ ആപ്പ് വഴി പുതിയ രീതിയിൽ വിവര ശേഖരണം ആരംഭിച്ചതോടെ ജോലി ഭാരം കൂടുതൽ സങ്കീർണമായി. ഇതിന് ആധാർ പ്രധാന ഘടകമായതോടെ എവിടെയോ വച്ച് മറന്ന ആധാർ തിരയുന്ന വീട്ടുകാരുടെ മുന്നിൽ മണിക്കൂറുകളോളം നിൽക്കേണ്ട അവസ്ഥയാണ് ടീച്ചർമാർക്ക്. പൗരത്വ ബിൽ ഭേദഗതി നിയമം വന്നതോടെ കണക്കെടുപ്പിനെത്തുന്ന ജീവനക്കാർക്ക് ആക്രമണ ഭയവും നേരിടുന്നു. ഒരുമാസം മുൻപ് വർക്കല മണ്ഡലത്തിലെ ഒരു അങ്കണവാടി ടീച്ചറേയും സഹായിയെയും സംശയത്തിന്റെ പേരിൽ തടഞ്ഞു വച്ച് അപായപ്പെടുത്താൻ ശ്രമിച്ചത് വിവാദമായിരുന്നു. വർക്കല പൊലീസ് ഇടപെട്ടതിനെ തുടർന്നാണ്‌ അനിഷ്ട സംഭവങ്ങൾ ഒഴിവായത്. ഒരു അങ്കണവാടിക്ക് 350 വീടുകൾ നൽകുന്നതോടെ അനുവദിക്കപ്പെട്ട സമയത്തിനും അധികമായി ഫീൽഡിൽ തങ്ങേണ്ട അവസ്ഥയാണ് പല അദ്ധ്യാപികമാർക്കും. ആരോഗ്യ വകുപ്പിന് ആശാവർക്കർമാരുടെ സേവനത്തിൽ ചെയ്യാവുന്ന കാര്യങ്ങൾ പോലും അങ്കണവാടി ടീച്ചർമാരുടെ മേൽ അധിക ജോലിഭാരമായി അടിച്ചേൽപ്പിക്കുന്നുവെന്ന ആരോപണവും ശക്തമാണ്. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത വാടക കെട്ടിടത്തിലാണ് ബഹുഭൂരിപക്ഷം അങ്കണവാടികളും പ്രവർത്തിക്കുന്നത്. പലതിലും കുടിവെള്ളവുമില്ല കുട്ടികളുടെ സുരക്ഷയും അടിസ്ഥാന വിദ്യാഭ്യാസവും കൈകാര്യം ചെയ്യുന്ന അങ്കണവാടി ജീവനക്കാരുടെ ആവലാതികൾക്ക് പരിഹാരം കാണാൻ അധികൃതർക്കാകുന്നില്ല.