തിരുവനന്തപുരം: കേന്ദ്ര ബഡ്ജറ്റ് നിരാശാജനകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബഡ്ജറ്റിൽ കേരളത്തെ പൂർണമായി അവഗണിച്ചത് പ്രതിഷേധാർഹമാണ്. സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് രാഷ്ട്രത്തിന്റെ സമ്പദ്ഘടനയെ രക്ഷിക്കുന്നതിനുള്ള ക്രിയാത്മകമായ നടപടികളൊന്നും ബഡ്ജറ്റിലില്ല. ആദായ നികുതിയിൽ ഇളവ് പ്രഖ്യാപിച്ച പ്രതീതി ഉണ്ടാക്കിയെങ്കിലും അത് എന്തുമാത്രം പ്രയോജനം ചെയ്യുമെന്ന് കണ്ടറിയണം. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും നടപടിയില്ല. പതിവുപോലെ കോർപറേറ്റുകൾക്ക് വാരിക്കോരി നൽകിയിരിക്കുകയാണ്. എയിംസുൾപ്പെടെ കേരളം ചോദിച്ചതൊന്നും നൽകാത്തത് പ്രതിഷേധാർഹമാണ്. റബറിന്റെ താങ്ങുവില കൂട്ടണമെന്ന ആവശ്യം നിരാകരിച്ച ബഡ്ജറ്റ് സംസ്ഥാനത്തിന്റെ പരമ്പരാഗത വ്യവസായങ്ങളെയും അവഗണിച്ചെന്ന് ചെന്നിത്തല പറഞ്ഞു.