പാലോട്. കിഫ്ബി പദ്ധതിയിൽ നിന്നും 49.69 കോടി രൂപ മുടക്കി നവീകരിച്ച പാലോട് - ബ്രൈമൂർ റോഡിന്റെ ഉദ്ഘാടനം പെരിങ്ങമ്മല ഗാർഡ് സ്റ്റേഷൻ ജംഗ്ഷനിൽ മന്ത്രി ജി. സുധാകരൻ നിർവഹിച്ചു. ഡി.കെ. മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു മുഖ്യാതിഥിയായി. കളിയിക്കാവിള നിന്നും കാസർകോട്ടേക്കുള്ള മലയോര ഹൈവേയ്ക്ക് 46.69 കോടി രൂപ അനുവദിച്ചതിൽ ഏകദേശം 4.50 കോടി രൂപ മിച്ചമുണ്ടെന്നും ഇനിയും എന്തെങ്കിലും വികസനത്തിന് ആവശ്യമായി വന്നാൽ ഈ തുക കൂടി അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രൻ, പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്റ് പി. ചിത്ര കുമാരി, നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ് ദീപാ സുരേഷ് പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ സംസാരിച്ചു. പണി പൂർത്തീകരിച്ചതിനുള്ള ഉപഹാരം ശ്രീ ധന്യ ഗ്രൂപ്പിനു വേണ്ടി കിളിമാനൂർ ചന്ദ്രബാബു മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. വകതിരിവില്ലാത്ത ചില ഉദ്യോഗസ്ഥരാണ് വികസനത്തിന് തുരങ്കം വയ്ക്കുന്നതെന്നും വകതിരിവിന്റെ അർത്ഥം വക തിരിച്ച് കാണാത്തവരാണെന്നും റോഡിന്റെ വികസനത്തിനു വേണ്ടി ഓട സ്ലാബ് ഇട്ട് മൂടുന്ന ജോലി തടഞ്ഞതിനെ കുറിച്ച് പരാമർശിക്കവെ മന്ത്രി സുധാകരൻ പറഞ്ഞു.