തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിംഗ്, മെഡിക്കൽ/ അനുബന്ധ കോഴ്‌സുകളിലേക്ക് ഓൺലൈൻ അപേക്ഷാസമർപ്പണം www.cee.kerala.gov.in ലൂടെ 25ന് വൈകിട്ട് 5വരെ നടത്താം. എൻട്രൻസ് കമ്മിഷണറുടെ ഓഫിസിലേക്ക് ഇതിന്റെ പ്രിന്റ് അയയ്‌ക്കേണ്ട. പ്രോസ്‌പെക്ടസ് വെബ്സൈറ്റിൽ ലഭ്യമാണ്. എൻജിനിയറിംഗ്, ഫാർമസി കോഴ്‌സുകൾക്കു മാത്രമാണ് കേരള എൻട്രൻസ് അടിസ്ഥാനമാക്കിയുള്ള പ്രവേശനം. ഇതിനുള്ള പരീക്ഷ ഏപ്രിൽ 20, 21 തീയതികളിൽ നടത്തും. ബിഫാം പ്രവേശനത്തിന് എൻജിനിയറിംഗ് എൻട്രൻസിലെ ഒന്നാംപേപ്പർ (ഫിസിക്‌സും കെമിസ്ട്രിയും) മാത്രം എഴുതിയാൽ മതി. മെഡിക്കൽ, മെഡിക്കൽ അനുബന്ധ (അഗ്രികൾചർ,ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ്) കോഴ്സുകളിലെ പ്രവേശനം നീറ്റ് റാങ്ക് പരിഗണിച്ചാണ്. ആർക്കിടെക്ചർ പ്രവേശനംദേശീയതലത്തിലെ നാറ്റ യോഗ്യത പ്രകാരവുമാണ്.
വിദ്യാർത്ഥിയുടെ ഫോട്ടാ, ഒപ്പ്, ജനനത്തീയതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള രേഖയും 25നകം അപ്‌ലോഡ് ചെയ്യണം. മറ്റ് രേഖകൾ 29ന് വൈകിട്ട് അഞ്ചിനകം അപ്‌ലോഡ് ചെയ്താൽ മതി. സംസ്ഥാനത്ത് മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചതിന് പുറമേ ഈ സമയത്ത് പ്രവേശന പരീക്ഷാ കമ്മിഷണർക്ക് കൂടി നിർബന്ധമായും അപേക്ഷ സമർപ്പിക്കണം. പ്രവേശന യോഗ്യതയിൽ ഇളവ്, എൻ.സി.ഇ.ആർ.ടിയുടെ പുതിയ സിലബസ് പ്രകാരമുള്ള എൻജിനിയറിംഗ് പ്രവേശന പരീക്ഷ തുടങ്ങിയവ ഇത്തവണത്തെ പ്രവേശന പ്രക്രിയയിലെ പ്രധാന മാറ്റങ്ങളാണ്. മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് എൻജിനിയറിംഗിൽ കൂടി പത്ത് ശതമാനം സീറ്റ് സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്.
യോഗ്യതകൾ പലതരം:
എൻജിനിയറിംഗ്, ആർക്കിടെക്ചർ, മെഡിക്കൽ/ അനുബന്ധ കോഴ്‌സുകളിൽ പ്രവേശനത്തിന് വിവിധതരം യോഗ്യതകളാണ് നിശ്ചയിച്ചിരിക്കുന്നത്. അപേക്ഷകൻ കേരളീയനാണെങ്കിൽ സാമുദായിക സംവരണവും ഫീസിളവും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്ക് അർഹതയുള്ളൂ. യോഗ്യതാ പരീക്ഷയായ ഹയർസെക്കൻഡറി/ തത്തുല്യ പരീക്ഷയിലും നിശ്ചിത യോഗ്യത നേടിയിരിക്കണം.
* നേറ്റിവിറ്റി: അപേക്ഷകൻ ഇന്ത്യൻ പൗരനായിരിക്കണം. പേഴ്‌സൺസ് ഒഫ് ഇന്ത്യൻ ഒറിജിൻ (പി.ഐ.ഒ)/ ഓവർസീസ് സിറ്റിസൺസ് ഒഫ് ഇന്ത്യ(ഒ.സി.ഐ) കാർഡ് ഉള്ളവരെയും പ്രവേശനത്തിന് പരിഗണിക്കും. എന്നാൽ പി.ഐ.ഒ/ ഒ.സി.ഐ അപേക്ഷകർക്ക് സംവരണ/ ഫീസാനുകൂല്യങ്ങൾ ലഭിക്കില്ല. അപേക്ഷകരെ കേരളീയൻ, കേരളീയേതരൻ ഒന്നാം വിഭാഗം, രണ്ടാം വിഭാഗം എന്നിങ്ങനെ തരംതിരിക്കും.
* കേരളീയൻ: അപേക്ഷകനോ മാതാപിതാക്കളിൽ ആരെങ്കിലുമോ കേരളത്തിൽ ജനിച്ചവരാണ് ഈ വിഭാഗത്തിൽ വരുന്നത്. അതിനായി നിശ്ചിത സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. കേരളീയൻ വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രമാണ് വിവിധ സാമുദായിക/ പ്രത്യേക/ ശാരീരിക അവശതയുള്ളവർക്കുള്ള സംവരണ ആനുകൂല്യങ്ങളും ഫീസിളവും ലഭിക്കുകയുള്ളൂ. കേരളീയരല്ലാത്ത കേരള കേഡറിൽ ജോലി ചെയ്യുന്ന അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥരുടെ മക്കളെയും കേരളീയരായി പരിഗണിക്കും. ഇവർ രക്ഷിതാക്കൾ കേരള കേഡറിൽ ജോലി ചെയ്യുന്നവരാണെന്ന സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. ഇവർക്ക് സംവരണം/ഫീസാനുകൂല്യങ്ങൾ ലഭിക്കില്ല.
* കേരളീയേതരൻ ഒന്നാം വിഭാഗം: കേരളത്തിൽ ജനിച്ചവരല്ലെങ്കിലും നിശ്ചിത വ്യവസ്ഥകളിൽ ഏതെങ്കിലും ഒന്നിന്റെ പരിധിയിൽ വരുന്നവരെയാണ് ഈ വിഭാഗത്തിൽ പരിഗണിക്കുന്നത്.
വ്യവസ്ഥകൾ: കേരളത്തിൽ ജോലിക്ക് നിയോഗിക്കപ്പെട്ട കേരളീയരല്ലാത്ത ഇന്ത്യാ ഗവ. ജീവനക്കാരുടെയും പ്രതിരോധ വകുപ്പ് ജീവനക്കാരുടെയും മക്കൾ. അവർ യോഗ്യത പരീക്ഷ (ഹയർസെക്കൻഡറി/ തത്തുല്യം) പഠിച്ചത് കേരളത്തിൽ ആയിരിക്കണം.
കേരളത്തിലോ അല്ലെങ്കിൽ കേരളത്തിന് വേണ്ടിയോ ചുരുങ്ങിയത് രണ്ട് വർഷമെങ്കിലും സേവനമനുഷ്ഠിക്കണമെന്ന വ്യവസ്ഥയ്ക്ക് വിധേയമായി കേരള സർക്കാരിന് കീഴിൽ ജോലി നോക്കുന്ന കേരളീയരല്ലാത്ത മാതാപിതാക്കളുടെ മക്കൾ. ഇവരും യോഗ്യതാ പരീക്ഷ കേരളത്തിൽ പഠിച്ചവരാകണം.
12 വർഷ പഠനത്തിൽ അഞ്ച് വർഷം കേരളത്തിൽ താമസിച്ചിട്ടുള്ള കേരളീയരല്ലാത്ത അപേക്ഷകർ.
ഈ വിഭാഗത്തിൽ ഉൾപ്പെടുന്നുവെന്ന് തെളിയിക്കാനുള്ള രേഖ ഓൺലൈനായി അപ്ലോഡ് ചെയ്യണം. ഇവരെ സ്റ്റേറ്റ് മെരിറ്റ് സീറ്റുകളിേലക്ക് പരിഗണിക്കും. കേരളത്തിലെ സ്‌കൂളുകളിൽ 12 വരെ ക്ലാസുകൾ പഠിച്ചിട്ടുള്ള കേരളീയരല്ലാത്ത അപേക്ഷകർ. ഈ വിഭാഗത്തിൽപെടുന്നവരും തെളയിക്കുന്നതിനുള്ള രേഖകൾ അപ്‌ലോഡ് ചെയ്യണം.
* കേരളീയേതരർ രണ്ടാം വിഭാഗം: ഇവർക്ക് സർക്കാർ നിയന്ത്റിത സ്വാശ്രയ എൻജിനിയറിംഗ് കോളജുകളിലെ ഗവ. സീറ്റുകളിലേക്കും (കേരളീയതരൻ ഒന്നാം വിഭാഗത്തിന്റെ അഭാവത്തിൽ) മാനേജ്‌മെന്റ് സീറ്റുകളിലേക്കും അർഹതയുണ്ടായിരിക്കും. ഇവർക്ക് സ്വകാര്യ സ്വാശ്രയ എൻജിനിയറിംഗ്/ ആർക്കിടെക്ചർ കോളജുകളിലെ ഗവ. സീറ്റുകളിലേക്കും മാനേജ്‌മെന്റ് സീറ്റുകളിലേക്കും പ്രവേശനത്തിന് അർഹതയുണ്ടായിരിക്കും. സ്വകാര്യ സ്വാശ്രയ ഫാർമസി കോളേജുകളിലെ മാനേജ്‌മെന്റ് ക്വോട്ടയിലെ പരമാവധി പത്ത് ശതമാനം സീറ്റുകളിലേക്ക് പ്രവേശനത്തിന് അർഹരാണ്. ഇവർ സർക്കാർ മെഡിക്കൽ കോളജുകളിലെ എം.ബി.ബി.എസ് സീറ്റുകളിലേക്കും ബി.ഡി.എസ് ഉൾപ്പെടെയുള്ള മെഡിക്കൽ/ അനുബന്ധ കോഴ്‌സുകളിലും സർക്കാർ എൻജിനിയറിംഗ്/ ഫാർമസി കോളജുകളിലും പ്രവേശനത്തിന് അർഹരല്ല. സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ എം.ബി.ബി.എസ് കോഴ്‌സിന്റെ 15ശതമാനം അഖിലേന്ത്യാ ക്വോട്ട സീറ്റുകളിലേക്കുള്ള അലോട്ട്‌മെന്റ് നീറ്റ് റാങ്ക് പട്ടിക പ്രകാരം ജനന സ്ഥലം പരിഗണിക്കാതെയായിരിക്കും.
വിദ്യാഭ്യാസ യോഗ്യത:
മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ
എം.ബി.ബി.എസ്, ബി.ഡി.എസ്: കേരള ഹയർസെക്കൻഡറി ബോർഡിന്റെ ഹയർസെക്കൻഡറി പരീക്ഷയോ തത്തുല്യമായി അംഗീകരിച്ചതോ ആയ മറ്റേതെങ്കിലും പരീക്ഷകൾ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ ബയോടെക്‌നോളജി എന്നിവയ്ക്ക് മൊത്തത്തിൽ 50 ശതമാനം മാർക്കോടെ ജയിച്ചിരിക്കണം. ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ ബയോടെക്‌നോളജി എന്നിവയ്ക്ക് ഓരോന്നിനും പ്രത്യേകം മിനിമം പാസ് മാർക്കും നേടിയിരിക്കണം.
ബി.എ.എം.എസ്, ബി.എച്ച്.എം.എസ്: ഹയർസെക്കൻഡറി/ തത്തുല്യ പരീക്ഷകൾ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്ക് മൊത്തത്തിൽ 50 ശതമാനം മാർക്കോടെ ജയിച്ചിരിക്കണം. ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ ബയോടെക്‌നോളജി എന്നിവയ്ക്ക് ഓരോന്നിനും പ്രത്യേകം മിനിമം പാസ് മാർക്കും നേടിയിരിക്കണം.
ബി.യു.എം.എസ്: ഹയർസെക്കൻഡറി/ തത്തുല്യപരീക്ഷ പരീക്ഷ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജിയിൽ മൊത്തത്തിൽ 50 ശതമാനം മാർക്കോടെ പാസാകണം. ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ ബയോടെക്‌നോളജി എന്നിവയ്ക്ക് ഓരോന്നിനും പ്രത്യേകം മിനിമം പാസ് മാർക്കും നേടിയിരിക്കണം.
വിദ്യാർത്ഥി പത്താം ക്ലാസിൽ ഉറുദു, അറബിക്, പേർഷ്യൻ എന്നിവയിൽ ഏതെങ്കിലും ഒരു വിഷയമായി പഠിച്ച് ജയിക്കണം. അല്ലെങ്കിൽ സർക്കാർ അംഗീകൃത സൊസൈറ്റി/ ബോർഡ്/ യൂണിവേഴ്സിറ്റി നടത്തുന്ന ഉറുദു പരീക്ഷ അല്ലെങ്കിൽ ഒരു വർഷം ദൈർഘ്യമുള്ള പ്രീടിബ് പരീക്ഷ വിജയിച്ചിരിക്കണം.
അഗ്രികൾച്ചർ, ഫിഷറീസ് കോഴ്‌സ്: ഹയർസെക്കൻഡറി/ തത്തുല്യ പരീക്ഷ പരീക്ഷ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്ക് മൊത്തത്തിൽ 50 ശതമാനം മാർക്കോടെ വിജയിക്കണം.
വെറ്റിറിനറി (ബി.വി.എസ്‌സി ആൻഡ് എ.എച്ച്) കോഴ്‌സ്: ഹയർസെക്കൻഡറി/ തത്തുല്യ പരീക്ഷ ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്ക് മൊത്തത്തിൽ 50 ശതമാനം മാർക്കോടെ വിജയിക്കണം.
ബി.എസ്‌സി യോഗ്യതയുള്ളവർ: ഫിസിക്‌സ്, കെമിസ്ട്രി/ ബയോളജി ഐച്ഛിക വിഷയമായി ഹയർസെക്കൻഡറി/ തത്തുല്യ കോഴ്‌സ് വിജയിക്കണം. ഇതിന് പുറമേ മുഖ്യവിഷയത്തിനും ഉപവിഷയത്തിനും മൊത്തത്തിൽ 50 ശതമാനം മാർക്കോടെ ഫിസിക്‌സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി അല്ലെങ്കിൽ ബയോടെക്‌നോളജി മുഖ്യവിഷയമായോ അല്ലെങ്കിൽ ഇവയിൽ ഒന്നോ രണ്ടോ എണ്ണം ഉപവിഷയമായും എടുത്ത് ത്രിവത്സര ബി.എസ്‌സി പാസായവർക്ക് എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.എസ്.എം.എസ് കോഴ്‌സുകളിലേക്ക് അർഹതയുണ്ടായിരിക്കും.
എൻജിനിയറിംഗ് കോഴ്‌സുകൾ:
കാർഷിക സർവകലാശാല, വെറ്ററിനറി സർവകലാശാല, ഫിഷറീസ് സർവകലാശാല എന്നിവയ്ക്ക് കീഴിലെ കോളജുകളിലെ ബി.ടെക്ക് കോഴ്‌സുകൾ ഉൾപ്പെടെയുള്ളവയിലേക്കുള്ള യോഗ്യത:
ഹയർസെക്കൻഡറി/ തത്തുല്യ പരീക്ഷയിൽ മാത്തമാറ്റിക്സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവയ്ക്ക് മൊത്തത്തിൽ 45 ശതമാനം മാർക്കും വേണം. കെമിസ്ട്രി പഠിച്ചിട്ടില്ലാത്തവർക്ക് കമ്പ്യൂട്ടർ സയൻസിന്റെയും ഇവ രണ്ടും പഠിച്ചിട്ടില്ലാത്തവർക്ക് ബയോടെക്‌നോളജിയുടെയും ഇവ മൂന്നും പഠിച്ചിട്ടില്ലാത്തവർക്ക് ബയോളജിയുടെയും മാർക്ക് പരിഗണിക്കും.
ആർക്കിടെക്ചർ കോഴ്‌സ്:
ബി.ആർക് കോഴ്‌സിന് 10+2 സ്‌കീമിലുള്ള പരീക്ഷയിൽ മൊത്തത്തിൽ 50 ശതമാനം മാർക്കും ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് എന്നീ വിഷയങ്ങൾക്ക് മൊത്തത്തിൽ 50 ശതമാനം മാർക്കും യോഗ്യതയായി നേടിയിരിക്കണം. അല്ലെങ്കിൽ കേന്ദ്ര, സംസ്ഥാന സർക്കാർ അംഗീകരിച്ച ഏതെങ്കിലും സ്ട്രീമിലുള്ള മാത്തമാറ്റിക്സ് വിഷയമായി പഠിച്ച 10+3 സ്ട്രീമിലുള്ള ഡിപ്ലോമ 50 ശതമാനം മാർക്കോടെ വിജയിക്കണം. പുറമേ അപേക്ഷകർ നാഷനൽ ആപ്‌റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (നാറ്റ) പരീക്ഷയിൽ നിശ്ചിത യോഗ്യതയും നേടണം.
ബി.ഫാം കോഴ്‌സ്: ഹയർസെക്കൻഡറി/ തത്തുല്യ പരീക്ഷകൾ ഇംഗ്ലീഷ് ഒരു വിഷയമായും ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ്/ ബയോളജി വിഷയങ്ങൾ ഓപ്ഷണലായും പഠിച്ച് ഓരോന്നിലും മിനിമം പാസ്മാർക്ക് നേടിയിരിക്കണം.
യോഗ്യതാ പരീക്ഷയിലെ മാർക്ക് ഇളവ്:
എം.ബി.ബി.എസ്/ ബി.ഡി.എസ് കോഴ്‌സിന് എസ്.സി/എസ്.ടി./ എസ്.ഇ.ബി.സി വിഭാഗം വിദ്യാർഥികൾക്ക് യോഗ്യത പരീക്ഷയിൽ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ ബയോടെക്‌നോളജി എന്നിവയ്ക്ക് മൊത്തിൽ 40 ശതമാനം മാർക്ക് മതിയാകും.
ശാരീരിക വൈകല്യമുള്ളവർക്ക് എം.ബി.ബി.എസ്/ ബി.ഡി.എസ് കോഴ്‌സുകൾക്ക് യോഗ്യതാ പരീക്ഷയിൽ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ ബയോടെക്‌നോളജി എന്നിവയ്ക്ക് മൊത്തത്തിൽ 45 ശതമാനം മാർക്കും നേടണം. ഈ വിഭാഗങ്ങൾക്ക് എൻജിനിയറിംഗ്, മറ്റ് മെഡിക്കൽ/ അനുബന്ധ കോഴ്‌സുകൾക്കും യോഗ്യതാ പരീക്ഷയിൽ മാർക്ക് ഇളവുണ്ടായിരിക്കും. ആർക്കിടെക്ചർ കോഴ്‌സുകളിലേക്ക് എസ്.ഇ.ബി.സി/ശാരീരികവൈകല്യമുള്ള വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് മിനിമം യോഗ്യതയിൽ അഞ്ച് ശതമാനം ഇളവുണ്ടാകും. എസ്.സി/ എസ്.ടി വിദ്യാർഥികൾക്ക് യോഗ്യത പരീക്ഷയിൽ മിനിമം പാസ് മാർക്ക് മതിയാകും. ബി.ഫാം കോഴ്‌സിലും എസ്.സി/ എസ്.ടി വിദ്യാർഥികൾക്ക് ഈ ഇളവ് ബാധകം.
പ്രായപരിധി:
അപേക്ഷകന് 2020 ഡിസംബർ 31ന് 17 വയസ് പൂർത്തിയായിരിക്കണം. കുറഞ്ഞ പ്രായപരിധിയിൽ ഇളവില്ല. എൻജിനിയറിങ്/ ആർക്കിടെക്ചർ/ ബി.ഫാം കോഴ്‌സുകൾക്ക് ഉയർന്ന പ്രായപരിധി ഇല്ല. മെഡിക്കൽ/ അനുബന്ധ കോഴ്‌സുകളിലെ ഉയർന്ന പ്രായപരിധി നീറ്റ് യു.ജി 2020 ന്റെ വ്യവസ്ഥകൾ പ്രകാരമായിരിക്കും. അപേക്ഷകന്റെ ജനനത്തീയതി തെളിയിക്കുന്ന രേഖ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.
എൻജിനിയറിംഗ് പ്രവേശന പരീക്ഷ തീയതിയും സമയവും:
ഏപ്രിൽ 20ന് രാവിലെ പത്ത് മുതൽ 12.30 വരെ പേപ്പർ ഒന്ന് ഫിസിക്‌സ്, കെമിസ്ട്രി.
21ന് രാവിലെ പത്ത് മുതൽ 12.30 വരെ പേപ്പർ രണ്ട് മാത്‌സ്.
ബി.ഫാം കോഴ്‌സിൽ പ്രവേശനം ആഗ്രഹിക്കുന്നവർ എൻജിനിയറിംഗ് പ്രവേശന പരീക്ഷയുടെ പേപ്പർ ഒന്ന് നിർബന്ധമായും എഴുതണം.
സംസ്ഥാനത്തെയും ന്യൂഡൽഹി, മുംബയ്, ദുബായ് എന്നിവിടങ്ങളിൽ ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം അനുസരിച്ചായിരിക്കും പരീക്ഷ.
അപേക്ഷാ ഫീസ്: എൻജിനിയറിംഗ് മാത്രം/ ബി.ഫാം മാത്രം/ രണ്ടും കൂടി ജനറൽ വിഭാഗത്തിന് 700 രൂപയും എസ്.സി വിഭാഗത്തിന് 300 രൂപയും. ആർക്കിടെക്ചർ മാത്രം/ മെഡിക്കൽ ആൻഡ് അനുബന്ധം മാത്രം/ രണ്ടും കൂടി ജനറൽ വിഭാഗത്തിന് 500 രൂപയും എസ്.സി വിഭാഗത്തിന് 200 രൂപയും. എൻജിനിയറിംഗ്/ ബി.ഫാം/ ആർക്കിടെക്ചർ/ മെഡിക്കൽ ആൻഡ് അനുബന്ധ കോഴ്‌സുകൾ എന്നിവയ്ക്ക് ഒന്നിച്ച് അപേക്ഷിക്കാൻ ജനറൽ വിഭാഗത്തിന് 900 രൂപയും എസ്.സി വിഭാഗത്തിന് 400 രൂപയുമാണ് ഫീസ്. എസ്.ടി വിഭാഗത്തിന് അപേക്ഷാഫീസ് ഇല്ല.
ന്യൂനപക്ഷ സമുദായ ക്വോട്ട സീറ്റിൽ പ്രവേശനം: ന്യൂനപക്ഷ പദവിയുള്ള സ്വാശ്രയ എൻജിനിയറിംഗ്/ ആർക്കിടെക്ചർ/ ഫാർമസി/ എം.ബി.ബി.എസ്/ ബി.ഡി.എസ് കോഴ്‌സുകളിൽ ന്യൂനപക്ഷ സമുദായ ക്വോട്ട (ക്രിസ്ത്യൻ/ മുസ്ലിം) സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ വില്ലേജ് ഓഫീസറിൽ നിന്നും അവരവരുടെ സമുദായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഓൺലൈനായി അപ്ലോഡ് ചെയ്യണം.
പ്രധാന തീയതികൾ:
അപേക്ഷ സമർപ്പണം: ഫെബ്രുവരി 25ന് വൈകിട്ട് അഞ്ച് വരെ.
യോഗ്യത, അനുബന്ധ രേഖകളുടെ സമർപ്പണം: ഫെബ്രുവരി 29ന് വൈകിട്ട് അഞ്ച് വരെ.
അഡ്മിറ്റ് കാർഡ്: എൻജിനിയറിംഗ് അഡ്മിറ്റ് കാർഡ് ഏപ്രിൽ പത്ത് മുതൽ ഡൗൺലോഡ് ചെയ്യാം.
പരീക്ഷ തീയതി: ഏപ്രിൽ 20, 21
ഹെൽപ്പ് ലൈൻ നമ്പർ: 0471 2525300 (രാവിലെ എട്ട് മുതൽ വൈകിട്ട് എട്ട് വരെ)
സിറ്റിസൺസ് കോൾ സെന്റർ: 155300, 0471 2335523 (ദേശീയ അവധി ദിവസങ്ങളൊഴികെ 24 മണിക്കൂറും)