കിളിമാനൂർ: വാമനപുരത്തെ ടയർകട അടിച്ചു തകർത്ത് ജീവനക്കാരനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിലായി. വാമനപുരം ധനവർഷിണി വീട്ടിൽ ധനീഷ് (30), നെല്ലനാട് അമ്പലമുക്ക് ലക്ഷ്മി വിലാസത്തിൽ ഗോകുൽ (25), പടിപ്പുര വീട്ടിൽ പ്രിൻസ് (29), സുനിത ഭവനിൽ കൃഷ്ണ (20), കണിച്ചോട് വലിയവീട്ടിൽ അനുരാഗ് (28) എന്നിവരാണ് അറസ്റ്റിലായത്. പൊലീസ് പറയുന്നതിങ്ങനെ: നിരവധി അടിപിടി കേസുകളിൽ പ്രതിയായ ഇവർ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പതിവാണ്. കഴിഞ്ഞ ദിവസം വാമനപുരം കാർത്തിക ബാറിന് സമീപമുള്ള വി.വി.എൻ ടയർ കടയ്ക്ക് സമീപം മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവർ തുടർന്ന് കടയിൽ അതിക്രമിച്ച് കയറി ജീവനക്കാരനായ അരുൺകുമാറിനെ ആയുധങ്ങൾ കൊണ്ട് തലയ്ക്കടിച്ച് വധിക്കാൻ ശ്രമിക്കുകയായിരുന്നു. കിളിമാനൂർ സി.ഐ കെ.ബി. മനോജ് കുമാർ, എസ്.ഐ അഷറഫ്, അബ്ദുള്ള, ഷാജി, അബ്ദുൽ സലാം, കൃഷ്ണൻകുട്ടി, സുനിൽ കുമാരി, സി.പി.ഒമാരായ സോജു, ബിനു, വിനീഷ്, മോഹനൻ, അജോ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഫോട്ടോ: അറസ്റ്റിലായ പ്രതികൾ