shop

കാട്ടാക്കട: ചൂണ്ടുപലക ജംഗ്ഷനിലെ ബസ് സ്റ്റോപ്പിൽ റോഡരികിൽ നിൽക്കുന്ന കൂറ്റൻ ഇലവുമരത്തിന്റെ ശിഖരം ഒടിഞ്ഞ് വീണ് സമീപത്തെ കടയ്ക്ക് നാശം. ചൂണ്ടുപലക മുഹമ്മദ് ഹനീഫയുടെ കടയുടെ മുകളിലൂടെയാണ് ഇന്നലെ ഉച്ചയ്ക്ക് 12 ഒാടെ ശിഖരം വീണത്. കാലപ്പഴക്കം ചെന്ന ഇലവുമരത്തിൽ നിറയെ കായ് പിടിച്ചു നിന്നിരുന്നതിനാൽ ഭാരം താങ്ങാനാകാതെയാണ് വലിയ ശിഖരം ഒടിഞ്ഞുവീണത്. സമീപത്തെ സിനിമാ തിയേറ്ററിൽ എത്തുന്നവരും രാവിലെയും വൈകിട്ടും സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി ആളുകളും ബസ് കാത്ത് നിൽക്കുന്ന സ്ഥലമാണിത്. ഉച്ചസമയത്ത് ആളില്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. അടിയന്തരമായി മരം മുറിച്ചുമാറ്റാൻ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി കാട്ടാക്കട യൂണിറ്റ് ഭാരവാഹികൾ ആവശ്യപ്പെട്ടു.