തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 1793 പേർ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിൽ. 70 പേർ ആശുപത്രിയിലും 1723 പേർ വീടുകളിലുമാണ്. വൈറസ് സ്ഥിരീകരിച്ച തൃശൂരിലെ വിദ്യാർത്ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്നു ആരോഗ്യവകുപ്പ് അറിയിച്ചു. സംശയാസ്‌പദമായി 39 സാമ്പിളുകൾ പൂനെയിലെ വൈറോളജി ലാബിൽ അയച്ചതിൽ 23പേരുടെ ഫലം നെഗറ്റീവാണ്. തൃശൂരിലാണ് കൂടുതൽ പേർ ആശുപത്രിയിലുള്ളത്. 20പേരാണ് ഇവിടെ ഐസോലേഷൻ വാർഡുകളിലുള്ളത്. ഇടുക്കി, കോട്ടയം, വയനാട്, കാസർകോട് ജില്ലകളിൽ ആരും ആശുപത്രികളിലില്ല.

വീടുകളിലുള്ളവർ 28 ദിവസത്തിന് ശേഷമേ പുറത്തിറങ്ങാവൂവെന്ന് ആരോഗ്യവകുപ്പ് കർശനമായി നിർദ്ദേശിച്ചു. വീടുകളിൽ കഴിയുന്നവർ പ്രത്യേക മുറിയും ടോയ്‌ലെറ്റും ഉപയോഗിക്കണം. വീട്ടിൽ പരിപാടികൾ സംഘടിപ്പിക്കാനോ പൊതുപരിപാടികളിൽ പങ്കെടുക്കാനോ പാടില്ല. ഒരിക്കലും സ്വമേധയാ ആശുപത്രികളിൽ പോകരുത്. കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് അവർ നൽകുന്ന വാഹനത്തിൽ മാത്രം ആശുപത്രിയിലെത്തണം. സഹായത്തിന് ദിശ 0471 255 2056 എന്ന നമ്പരിൽ വിളിക്കാം.

24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ സജ്ജമാക്കി. ഫോൺ: 0471 2309250, 2309251, 2309252.

മറ്റുള്ള ജില്ലകളിൽ ആശുപത്രിയിലുള്ളവർ

തിരുവനന്തപുരം - 7

കൊല്ലം -9

പത്തനംതിട്ട -1

ആലപ്പുഴ - 8

എറണാകുളം - 9

പാലക്കാട് - 3

മലപ്പുറം -6

കോഴിക്കോട് -6

കണ്ണൂർ - 1