പാറശാല: കളിയിക്കാവിളയിൽ എ.എസ്.ഐയെ വെടിവെച്ച് കൊന്ന തീവ്രവാദ ആക്രമണത്തെ തുടർന്ന് ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിൽ പൊലീസ് ഔട്ട്പോസ്റ്റ് അനുവദിച്ചു. തീവ്രവാദ ആക്രമണ കേസിലെ പ്രതികളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങൾ വിലയിരുത്തിയതിനെ തുടർന്ന് പാറശാല ഇഞ്ചിവിളയിലും ചെങ്കൽ ക്ഷേത്രത്തിന് സമീപത്തുമായി രണ്ട് പൊലീസ് ഔട്ട് പോസ്റ്റുകൾ സ്ഥാപിക്കാനാണ് തീരുമാനം. ക്ഷേത്രത്തിന്റെയും ഇവിടെ ദിനംപ്രതിയെത്തുന്ന ആയിരക്കണക്കിന് ഭക്തജനങ്ങളുടെയും സുരക്ഷ മുൻനിറുത്തി സ്ഥാപിക്കുന്ന ഔട്ട് പോസ്റ്റിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് ക്ഷേത്രത്തിന് മുന്നിൽ നടക്കുന്ന ചടങ്ങിൽ റൂറൽ എസ്.പി ബി. അശോകൻ നിർവഹിക്കും. നെയ്യാറ്റിൻകര ഡിവൈ.എസ്.പി അനിൽകുമാർ, പാറശാല സി.ഐ കണ്ണൻ തുടങ്ങിയവർ പങ്കെടുക്കും. ക്ഷേത്രത്തിലെ ലോകപ്രസിദ്ധമായ മഹാശിവലിംഗത്തിനെതിരെയും ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദക്കെതിരെയും നേരത്തെ മൂന്ന് തവണ ഭീഷണി ഉണ്ടായിട്ടുണ്ട്. ഇതിന്റെ അന്വേഷണം തുടരവെ തന്നെ മഠാധിപതിയുടെ സംരക്ഷണത്തിനായി ഇപ്പോൾ 24 മണിക്കൂറും പൊലീസ് സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ട്. ക്ഷേത്ര ദർശനത്തിനും ശിവലിംഗ ദർശനത്തിനുമായി നിരവധി ഭക്തരാണ് ഇവിടെയെത്തുന്നത്. ഉത്തരേന്ത്യക്കാരും വിദേശികളും ഉൾപ്പെടെയുള്ളവർ നിത്യേന ശിവലിംഗ ദർശനത്തിനായി ക്ഷേത്രത്തിലെത്തുന്നുണ്ട്.