shylaja

തിരുവനന്തപുരം: ആറുവർഷം മുൻപ് അനുവദിച്ച ആൾഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽസയൻസ് (എയിംസ്) കേരളത്തിന് ഇന്നും ഒരു വാഗ്ദാനമാണ്. എന്നാൽ രണ്ടുവർഷം മുൻപ് തമിഴ്നാട്ടിന് പ്രഖ്യാപിച്ച എയിംസ് മധുരയിൽ 2022ൽ പ്രവർത്തനം തുടങ്ങും. ജപ്പാൻ അന്താരാഷ്ട്ര കോർപറേഷന്റെ (ജൈക്ക) വായ്‌പയടക്കം 1246കോടി ചെലവിൽ 224.24 ഏക്കറിലാണ് എയിംസ്. ആറ് ബഡ്‌ജറ്റുകളിൽ കേരളത്തെ പരിഗണിക്കാതിരുന്ന കേന്ദ്രസർക്കാർ തമിഴ്നാടിന്റെ എയിംസിന് വാരിക്കോരി പണവും നൽകുന്നുണ്ട്.

കുടിവെള്ളവും റോഡുമുള്ള ഇരുനൂറേക്കർ നൽകിയാൽ എയിംസ് നൽകാമെന്നായിരുന്നു കേന്ദ്രത്തിന്റെ വാഗ്ദാനം. കഴിഞ്ഞ സർക്കാർ തിരുവനന്തപുരത്തും കോട്ടയത്തും എറണാകുളത്തും കോഴിക്കോട്ടും സ്ഥലംകണ്ടെത്തി. പിന്നെ എയിംസിനായി ജില്ലകളുടെ പിടിവലിയായിരുന്നു. നാല് സ്ഥലങ്ങളുടെ പട്ടിക കിട്ടിയപ്പോൾ, റവന്യൂരേഖകൾ, റോഡ്-റെയിൽ-വ്യോമ കണക്ടിവിറ്റി അടക്കം നൂറുചോദ്യങ്ങൾ കേന്ദ്രസർക്കാർ ഉന്നയിച്ചു. ജില്ലാകളക്ടർമാർ വിശദമായ റിപ്പോർട്ട് കേന്ദ്രആരോഗ്യ സെക്രട്ടറിക്ക് സമർപ്പിച്ചെങ്കിലും അനക്കമുണ്ടായില്ല. രണ്ടുവർഷം കഴിഞ്ഞപ്പോൾ കേരളത്തിന് എയിംസ് പരിഗണനയില്ലെന്നും അറിയിച്ചു.

കേന്ദ്രമന്ത്രിയായിരുന്ന ജെ.പി. നദ്ദയെ കണ്ട് കേരളത്തിൽ എയിംസിന്റെ ആവശ്യകത മുഖ്യമന്ത്രി പിണറായി വിജയൻ ധരിപ്പിച്ചു. കോഴിക്കോട് കിനാലൂരിൽ കെ.എസ്.ഐ.ഡി.സിയുടെ പക്കലുള്ള 200ഏക്കർ വിട്ടുനൽകാമെന്ന് രേഖാമൂലം അറിയിച്ചു. സമ്മർദ്ദത്തിനൊടുവിൽ ബഡ്‌ജറ്റിൽ തുക വകയിരുത്തുമെന്ന ഉറപ്പുകിട്ടിയെങ്കിലും നദ്ദ മന്ത്രിപദമൊഴിഞ്ഞതോടെ എല്ലാം പഴയപടിയായി. പിന്നീട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരുടെ സംഘം ഡൽഹിയിലെത്തി പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് തെലങ്കാനയിലും എയിംസ് അനുവദിച്ചു.

എയിംസ് കിട്ടിയാൽ

 നൂതനചികിത്സാ-ഗവേഷണ സംവിധാനം

 ഗുണനിലവാരമുള്ള സൗജന്യ ചികിത്സ

 100എം.ബി.ബി.എസ്, 60നഴ്സിംഗ് സീറ്റുകൾ

 20സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗം, മികച്ച ചികിത്സ

 750കിടക്കകളുള്ള അത്യാധുനിക ആശുപത്രി

 പ്രതിദിനം 1500 റഫറൽ ഒ.പി സൗകര്യം

കേരളം ചെയ്യേണ്ടത്

1) എം.പിമാർ വഴി കേന്ദ്രത്തിൽ നിരന്തര സമ്മർദ്ദം ചെലുത്തണം
2) വൈറസ് കേസുകളടക്കം കേന്ദ്രത്തെ ബോദ്ധ്യപ്പെടുത്തണം
3) എയിംസ് നേടിയെടുക്കാൻ സ്‌പെഷ്യൽ ഓഫീസറെ നിയമിക്കണം

'നിരവധി തവണ ആവശ്യപ്പെട്ടിട്ടും കേരളത്തെ തഴഞ്ഞു. കേന്ദ്രമന്ത്രി ഹർഷവർദ്ധനെയടക്കം കണ്ട് ആവശ്യമുന്നയിച്ചിട്ടും കേരളത്തിന് എയിംസ് നൽകുന്നില്ല".

- കെ.കെ. ശൈലജ, ആരോഗ്യമന്ത്രി