തിരുവനന്തപുരം: ജീവന്റെ ഉറവകളെ മലിനമാക്കുക മാത്രമല്ല, അവ ഓരോന്നോരോന്നായി സ്വന്തമാക്കാനാണ് ഇന്നത്തെ മനുഷ്യന്റെ അദമ്യമായ ത്വരയെന്ന് കവി മുരുകൻ കാട്ടാക്കട. വൈലോപ്പിള്ളി സംസ്കൃതിഭവന്റെ പ്രതിമാസ സാംസ്കാരികോത്സവമായ 'സംസ്കൃതി'യുടെ ഭാഗമായി നടന്ന കാവ്യ സായാഹ്നത്തിൽ കവികൾക്കും കവിതാസ്വാദകർക്കും മുന്നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതിലുകൾക്കപ്പുറം നിലവിളിക്കുന്ന നദീമുഖങ്ങൾ ഇന്ന് ഏറെയാണ്. അവയെയെല്ലാം വാമനാവതാരങ്ങളുടെ കൗടില്യങ്ങളിൽ നിന്ന് ജീവിതത്തിലേക്ക് പഴയ പടി തിരിച്ചെടുക്കപ്പെടണമെങ്കിൽ ഇനിയും ഏറെ പുതു ഭഗീരഥ പ്രയത്നങ്ങൾ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാനും കവിയുമായ വിനോദ് വൈശാഖി ആദ്ധ്യക്ഷനായിരുന്നു. വിവിധ തലമുറകളിൽപ്പെട്ട പ്രമുഖ കവികളായ ജി. ഹരി നീലഗിരി, ദേശാഭിമാനി ഗോപി, തിരുമല ശിവൻ കുട്ടി, എസ് സരസ്വതി, പ്രീത കുളത്തൂർ, അയിഷ ഹസീന, സുമിന, അജിത് വി.എസ്, ഡി. അനിൽ കുമാർ, സനൽ ഡാലുംമുഖം, ദിലീപ് കുറ്റിയാണിക്കാട്, കാഞ്ഞിരംകുളം വിൻസെന്റ്, ഡോ. എസ് പ്രേം കുമാർ എന്നിവർ രചനകൾ അവതരിപ്പിച്ചു.