thomas-issac

തിരുവനന്തപുരം: ധനകമ്മികുറയ്ക്കാൻ കേന്ദ്രസർക്കാർ റിസർവ് ബാങ്കിനെകൊള്ളയടിച്ചെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് ആരോപിച്ചു. ഒരു ലക്ഷം കോടിയിലേറെ തുക റിസർവ് ബാങ്കിൽ നിന്ന് ഡിവിഡന്റായി കവർന്നെടുത്താണ് കേന്ദ്ര സർക്കാർ കമ്മി കുറച്ചതെന്ന ഐസക് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. തൊഴിലുറപ്പ് പദ്ധതിക്കും മറ്രും കൂടുതൽ പണം നൽകി മാന്ദ്യത്തെ മറികടക്കണമെന്ന ബിഹാർ ധനമന്ത്രി സുശീൽകുമാർ മോ‌ഡിയുടെതുൾപ്പെടെയുള്ള സംസ്ഥാന ധനമന്ത്രിമാരുടെ നിർദ്ദേശങ്ങളെ കേന്ദ്ര ധനമന്ത്രി അവഗണിച്ചതായി ഐസക് ആരോപിച്ചു. മാന്ദ്യകാലത്ത് ചെലവ് വർദ്ധിപ്പിക്കുന്നതിന് പകരം കമ്മി പിടിച്ചുനിറുത്തുന്നതിന് വേണ്ടി ചെലവ് ചുരുക്കുന്ന ബ‌ഡ്ജറ്രാണിതെന്ന് ഐസക് ആരോപിച്ചു. എന്നിട്ടും കേന്ദ്രത്തിന്റെ കമ്മി 3.5 ശതമാനമാണ്. സാമ്പത്തിക മാന്ദ്യത്തെ മറച്ചുപിടിക്കാനുള്ള വാചകക്കസർത്തു മാത്രമാണ് കേന്ദ്ര ബഡ്ജറ്രിലുള്ളത്. നടപ്പുവർഷം സാമ്പത്തിക വളർച്ച 4.9 % ലേക്ക് താഴുമെന്നു മന്ത്രിസമ്മതിച്ചതായി ഐസക് പറഞ്ഞു.

ബ‌ഡ്ജറ്റ് കുത്തകകളെ സഹായിക്കാനാണ്. 7.6 ലക്ഷം കോടി രൂപ കോർപ്പറേറ്ര് ടാക്സ് കിട്ടേണ്ടിടത്ത് പുതുക്കിയ കണക്കു പ്രകാരം 6.1 ലക്ഷം കോടിയേ കിട്ടിയുള്ളൂ. അനുഭവത്തിൽ നിന്നും കേന്ദ്ര ധനമന്ത്രി ഒരു പാഠവും പഠിച്ചിട്ടില്ല.

ഐ.ഡി.ബി.ഐ പൂർണമായി സ്വകാര്യവത്കരിക്കുന്നതിനും എൽ.ഐ.സി സ്വകാര്യവത്കരിക്കണം ആരംഭിക്കുന്നതിനും പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. കേരളത്തിന് ഇതുപോലെ തിരിച്ചടി നൽകിയ ബ‌ഡ്ജറ്ര് ഇല്ല. ധനമന്ത്രി കേരളത്തോട് യുദ്ധപ്രഖ്യാപനമാണ് നടത്തുന്നത്. ജി.എസ് ടി നികുതി കുടിശ്ശിക തരാത്തതിനെയും ഐസക് വിമർശിച്ചു. വയോജന പെൻഷൻ തുക വർദ്ധിപ്പിക്കുന്നതിന് പകരം അതിന്റെ അടങ്കലും കുറച്ചു. കാർഷിക മേഖലയ്ക്ക് തുക കൂട്ടിയിട്ടില്ലെന്നും ഐസക് ആരോപിച്ചു.