തിരുവനന്തപുരം: അരുവിക്കരയിലെ ജലശുദ്ധീകരണ ശാലയിലെ രണ്ട് പ്ളാന്റുകൾ അവസാനഘട്ട നവീകരണ ജോലികൾക്കായി നിറുത്തിവച്ചതോടെ നഗരത്തിലേക്കുള്ള ജലവിതരണം നിലച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് 86,74 എം.എൽ.ഡി പ്ളാന്റുകളിൽ നവീകരണ ജോലികൾ തുടങ്ങിയത്. മുന്നറിപ്പുണ്ടായിരുന്നതിനാലും ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതിനാലും വെള്ളത്തിന് മുട്ടുണ്ടായില്ല. ജലക്ഷാമം നേരിടാൻ കുടിവെള്ള കിയോസ്‌കുകൾ വാട്ടർ അതോറിട്ടി സജ്ജമാക്കിയിരുന്നു. രാവിലെ തന്നെ ടാങ്കറുകളിൽ വെള്ളമെത്തിച്ച് കിയോസ്‌കുകൾ നിറയ്ക്കുകയും ചെയ്തു. സ്വന്തമായി ടാങ്കറില്ലാത്തവർ പാത്രങ്ങളിലും മറ്റും വെള്ളം മുൻകൂട്ടി കരുതാൻ സൗകര്യങ്ങളില്ലാത്തവരുമായ സാധാരണക്കാർ താമസിക്കുന്ന കോളനികളും മറ്റ് മേഖലകളിലുമാണ് കിയോസ്‌കുകൾ ഏർപ്പെടുത്തിയത്.
ഉച്ചയോടെയാണ് ജലവിതരണം തടസപ്പെട്ടതെന്നതിനാൽ കാര്യമായ ആവശ്യക്കാരുണ്ടായിരുന്നില്ല. അതേസമയം അടുത്ത ദിവസത്തെ പ്രതിസന്ധി മുന്നിൽ കണ്ട് കരുതലിനായി വാഹനങ്ങളിലും മറ്റും നിരവധിപേർ രാത്രിയും കിയോസ്‌കുകളിൽ വെള്ളമടുക്കാനെത്തി. ജലഅതോറിട്ടിയുടെ വെൻഡിംഗ് പോയിന്റുകളിൽ നിന്നാണ് ടാങ്കറുകളിൽ കിയോസ്‌കുകളിലേക്ക് വെള്ളമെത്തിക്കുന്നത്. ഇതുകൂടാതെ നഗരസഭ, സൈന്യം, പൊലീസ്, ഫയർഫോഴ്‌സ് എന്നീ വിഭാഗങ്ങളുടെ ടാങ്കറുകളും കുടിവെള്ള വിതരണത്തിനായി വിന്യസിച്ചിട്ടുണ്ട്.
നാല് ഘട്ടങ്ങളിലായി നടക്കുന്ന ജോലികളുടെ ഒടുവിലത്തെ ഘട്ടത്തിൽ 86 എം.എൽ.ഡി ശുദ്ധീകരണ ശാലകളുടെ പ്രവർത്തനം 16 മണിക്കൂർ നേരമാണ് നിറുത്തിയത്. നാളെ ജലവിതരണം പൂർവസ്ഥിതിയിലാകുമെന്നാണ് വാട്ടർഅതോറിട്ടി വ്യക്തമാക്കുന്നതെങ്കിലും ചൊവ്വാഴ്ച രാവിലെ വരെയാകുമെന്നാണ് കണക്കുകൂട്ടൽ. നാല് ഘട്ടവും പൂർത്തിയാവുന്നതോടെ റാ വാട്ടർ (അശുദ്ധ ജല) വിഭാഗത്തിൽ ആകെയുള്ള നാല് പമ്പുകൾക്ക് പകരം അതിശേഷിയുള്ള രണ്ട് പമ്പുകളാവും പ്രവർത്തിക്കുക. ശുദ്ധജല വിഭാഗത്തിലെ പഴയ മൂന്ന് പമ്പുകൾക്ക് പകരം രണ്ട് പുതിയ പമ്പുകളുമുണ്ടാകും.
വെൻഡിംഗ് പോയിന്റുകൾ ഇവിടെ
വെള്ളയമ്പലം
അരുവിക്കര
പി.ടി.പി നഗർ
ചൂഴാറ്റുകോട്ട
ആറ്റിങ്ങൽ വാളക്കാട്