തിരുവനന്തപുരം : മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ദൗത്യമായ ഗഗൻയാൻ വിജയിച്ചാൽ ഇന്ത്യയ്ക്ക് ബഹിരാകാശമേഖലയിൽ നിന്ന് വൻ വാണിജ്യനേട്ടം സ്വന്തമാകുമെന്ന് ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ജി. മാധവൻ നായർ പറഞ്ഞു. സ്‌പെയ്സ് പാർക്ക് സംഘടിപ്പിച്ച ദ്വിദിന ഉച്ചകോടിയായ 'എഡ്ജ് 2020' ന്റെ രണ്ടാം ദിനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഗഗൻയാൻ ദൗത്യം 2021 ഡിസംബറിൽ സാദ്ധ്യമായാൽ രാജ്യത്തിന് ബഹിരാകാശ വിനോദസഞ്ചാര മേഖലയിലേക്ക് പ്രവേശിക്കാനാകും. ചെലവ് ചുരുങ്ങിയതും അത്യാധുനികവും മികവേറിയതുമായ സാങ്കേതികവിദ്യകളുള്ള ഇന്ത്യയ്ക്ക് ഇത് സാദ്ധ്യമാണെന്നും അദ്ദേഹം പറഞ്ഞു.കേരള സ്റ്റാർട്ടപ് മിഷൻ സി.ഇ.ഒ ഡോ. സജി ഗോപിനാഥ്, കേരള സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എം.ഡി ഡോ.ജയശങ്കർ പ്രസാദ്, സ്‌പെയ്സ് പാർക്ക് സ്‌പെഷ്യൽ ഓഫീസർ സന്തോഷ് കുറുപ്പ്, ബഹിരാകാശ സാങ്കേതികവിദ്യാ മേഖലയിലെ ആഗോള വിദഗ്ധരും വ്യവസായ പ്രമുഖരും ഉച്ചകോടിയിൽ പങ്കെടുത്തു.