budget

തിരുവനന്തപുരം: പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ ആദ്യ ശുപാർശയിൽ തന്നെ കേരളത്തിന് തിരിച്ചടി. ഈ വർഷം കേന്ദ്രത്തിൽ നിന്ന് 20,000 കോടിയെങ്കിലും പ്രതീക്ഷിച്ചിടത്ത് കിട്ടിയത്15,236 കോടി മാത്രം. കഴിഞ്ഞ തവണ 17,872 കോടിയാണ് കിട്ടിയത്. 14-ാം ധനകാര്യ കമ്മിഷൻ ശുപാർശ പ്രകാരം കേന്ദ്രനികുതി വിഹിതത്തിന്റെ 42 ശതമാനമാണ് സംസ്ഥാനങ്ങൾക്ക് വീതിച്ചു നൽകുന്നത്. എന്നാൽ ജമ്മുകാശ്മീരിന് പ്രത്യേക പരിഗണന കൊടുക്കുന്നതിന് പുതിയ കമ്മിഷൻ അത് 41 ശതമാനമാക്കി.

കേരളത്തിന് കഴിഞ്ഞ തവണ ലഭിച്ചത് 2.51 ശതമാനമായിരുന്നു. എന്നാൽ ഇത്തവണ അത് 1.9 ശതമാനമാക്കി കുറച്ചു. കമ്മിഷൻ നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരമാണ് സംസ്ഥാനങ്ങളുടെ വിഹിതം നിശ്ചയിക്കുന്നത്. പക്ഷേ ഇത്തവണത്തെ മാനദണ്ഡങ്ങൾ എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. റിപ്പോർട്ട് നേരത്തെ രാഷ്ട്രപതിക്ക് നൽകിയെങ്കിലും ധനമന്ത്രി പാർലമെന്റിൽ അവതരിപ്പിക്കുമ്പോൾ മാത്രമാണ് ഇത് പുറത്തുവരുന്നത്.

14-ാം ധനകാര്യ കമ്മിഷൻ മാനദണ്ഡങ്ങളിലൊന്നായി തിരഞ്ഞെടുത്തത് 1971ലെ ജനസംഖ്യയായിരുന്നു. എന്നാൽ 2011ലെ ജനസംഖ്യയാണ് പുതിയ കമ്മിഷൻ പരിഗണിച്ചത്. മറ്ര് സംസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ കേരളത്തിലെ ജനസംഖ്യാ നിയന്ത്രണ പ്രവർത്തനങ്ങൾ സംസ്ഥാനത്തിന് തിരിച്ചടിയായെന്നാണ് അനുമാനം. ജനസംഖ്യ മാനദണ്ഡമായി പരിഗണിക്കുമ്പോൾ നിയന്ത്രണത്തിനെടുത്ത പരിശ്രമങ്ങളും പരിഗണിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. കൂടുതൽ ആളോഹരി വരുമാനമുള്ള സംസ്ഥാനത്തിൽ നിന്നുള്ള അകലത്തിന് എത്ര വെയിറ്രേജ് നൽകി എന്നതായിരുന്നു മാനദണ്ഡമായി പരിഗണിച്ച മറ്രൊരു ഘടകം. ഇതും കേരളത്തിന് പ്രതികൂലമായെന്നാണ് കരുതുന്നത്. ആളോഹരി വരുമാനം കൂടുതലുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം മുകളിലാകാനാണ് സാദ്ധ്യത. എൻ.കെ. സിംഗിന്റെ നേതൃത്വത്തിലുള്ള 15-ാം ധനകാര്യ കമ്മിഷൻ വിശദമായ റിപ്പോർട്ട് ഒക്ടോബറിലാണ് നൽകുക. 2025-26വരെ സംസ്ഥാനങ്ങൾക്കുള്ള കേന്ദ്രവിഹിതം എത്രയാണെന്ന് ഈ റിപ്പോർട്ടിലുണ്ടാവും.

 കേരളത്തിന് തിരിച്ചടി

5000 കോടി അധികം കേന്ദ്രത്തിൽ നിന്ന് കിട്ടുമെന്ന് കരുതിയാണ് കേരള ബ‌ഡ്‌ജറ്ര് തയ്യാറാക്കുന്നത്. ഇനി ഒന്നുകിൽ 5000 കോടി രൂപ വേറെ കണ്ടെത്തുകയോ അത്ര തുകയ്‌ക്കുള്ള പദ്ധതികൾ വെട്ടിച്ചുരുക്കുകയോ ചെയ്യേണ്ടി വരും.

- തോമസ് ഐസക്, ധനമന്ത്രി