palam

പാലോട്: ചെറ്റച്ചൽ - പാലോട് പ്രധാന പാതയിൽ സ്ഥിതി ചെയ്യുന്ന പൊട്ടൻ ചിറപാലം അപകടാവസ്ഥയിൽ. ചെറ്റച്ചൽ - നന്ദിയോട് റോഡു നവീകരത്തോടനുബന്ധമായി ഈ പാലം പുനർനിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വർഷങ്ങൾ പഴക്കമുള്ള ഈ പാലം പുളിച്ചാ മലയിൽ നിന്നു തുടങ്ങി വാമനപുരം ആറ്റിൽ ചേരുന്ന തോടിനു കുറുകെയാണ് സ്ഥിതി ചെയ്യുന്നത്. പൊൻമുടിയിലേക്കുള്ള യാത്ര സൗകര്യത്തിനായി ബ്രിട്ടീഷുകാരാണ് ഈ പാലം നിർമ്മിച്ചത്. കുതിര സവാരിക്കായി പണിത ചെറിയ പാലം പിന്നീട് വിവിധ സർക്കാരുകളുടെ നേതൃത്വത്തിൽ വീതി കൂട്ടുകയും കൈവരികളും കലുങ്കുകളും പുനർനിർമ്മിക്കുകയും ചെയ്തു.ചെറിയ അറ്റകുറ്റപണികൾ നടത്തിയിരുന്നെങ്കിലും ഇപ്പോൾ ഏറെ നാളുകളായ് കോൺക്രീറ്റ് അടർന്നു മാറി കമ്പികൾ പുറത്തായ അവസ്ഥയിലാണ്. 1991-92 കാലഘട്ടത്തിലുണ്ടായ വെള്ളപ്പൊക്കത്തിൽ പാലം മുങ്ങുകയും ഇത് പാലത്തിന്റെ ഉറപ്പിനെ ബാധിക്കുകയും ചെയ്തു. റോഡ് നിർമ്മാണം പുരോഗമിക്കുന്നതിനോടൊപ്പം തന്നെ പാലവും പുതുക്കിപണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.