varkala-tunnel

വർക്കല: ചരിത്രത്തിലിടം നേടിയ വർക്കല തുരപ്പിന്റെ നവീകരണം പുരോഗമിക്കുന്നു. ദേശീയജലപാതയുടെ നിർമ്മാണം പൂർത്തീകരിച്ച് 2020 സെപ്തംബറിൽ ബോട്ട് സർവ്വീസ് ആരംഭിക്കുന്നതിനുളള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നു വരുന്നത്. ദേശീയജലപാത യാഥാർത്ഥ്യമാക്കുന്നതിനുളള പ്രവർത്തനങ്ങളിലെ ഏറ്റവും ദുർഘടമായിട്ടുളളത് വർക്കല തുരങ്കങ്ങളാണ്. രണ്ട് തുരങ്കങ്ങളും വർഷങ്ങളായി ചെളിയും മണലുമടിഞ്ഞ് കിടക്കുകയായിരുന്നു. ഇതിൽ ചിലക്കൂർ വളളക്കടവിലെ ചെറിയതുരപ്പിന്റെ നവീകരണം ഏറെക്കുറെ പൂർത്തിയായി. മുഖ്യമന്ത്റിയുടെ ഇടപെടലിന്റെ ഭാഗമായി ചെറിയ തുരപ്പിന്റെ ആഴംകൂട്ടൽ പണിയും പൂർത്തിയായിട്ടുണ്ട്. ശിവഗിരിയിലെ വലിയ തുരപ്പിന്റെ നവീകരണ പണികളും തുടങ്ങിയിട്ടുണ്ട്. പണി പൂർത്തിയായ ചെറിയതുരപ്പിന്റെ ഉൾവശം പെയിന്റിംഗ്, ലൈറ്രിംഗ്, കോൺക്രീറ്റ് പണികൾ എന്നിവയും ഉടനെ പൂർത്തിയാകും. കൊങ്കൺ റെയിൽപാതയിലെ തുരങ്കങ്ങൾ നിർമ്മിച്ച മുംബൈയിൽ നിന്നുളള തൊഴിലാളികളാണ് വർക്കല തുരപ്പുകളുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ബ്രിട്ടീഷ് എൻജിനീയർമാരുടെ മേൽനോട്ടത്തിൽ നിർമ്മിച്ച വർക്കല തുരപ്പുകളുടെ ഉൾവശത്ത് യാതൊരുവിധ തകരാറും സംഭവിച്ചിട്ടില്ലെന്നാണ് ഉൾനാടൻ ജലവകുപ്പ് അധികൃതർ പറയുന്നത്.

തിരുവനന്തപുരം മുതൽ ഷൊർണ്ണൂർ വരെ നീണ്ടുകിടന്ന ടി.എസ്.കനാൽ ഒരു നൂറ്റാണ്ട് കാലത്തോളം കേരളത്തിന്റെ പ്രധാന ചരക്ക് ഗതാഗത മാർഗമായിരുന്നു. 168 കിലോമീറ്ററാണ് ഇതിന്റെ നീളം. അഷ്ടമുടി കായലിനെ പരവൂർ കായലുമായും ഇടവ നടയറ കായലിനെ അഞ്ചുതെങ്ങ് കോവിൽത്തോട്ടം കായലുമായും ബന്ധിപ്പിക്കുന്ന കനാലുകളും കോവളത്തെയും ആക്കുളം കായലിനെയും ബന്ധിപ്പിക്കുന്ന പാർവതീ പുത്തനാറും ചേർന്നതാണ് ടി.എസ്.കനാൽ. അഞ്ചുതെങ്ങ് കോവിൽത്തോട്ടം കായലിനെയും ഇടവ നടയറ കായലിനെയും ബന്ധിപ്പിക്കുന്ന വർക്കല കനാലിലാണ് ചിലക്കൂരിലും ശിവഗിരിയിലുമായി രണ്ട് തുരങ്കങ്ങൾ (ചെറിയതുരപ്പും വലിയതുരപ്പും) ഉളളത്.

തിരുവിതാംകൂറിലെ സ്വാതിതിരുനാൾ മഹാരാജാവിന് മുമ്പ് റീജന്റായി (പകരം ഭരണം) ഭരണം നടത്തിയിരുന്ന അദ്ദേഹത്തിന്റെ ഇളയമ്മ റാണി ഗൗരി പാർവ്വതി ഭായിയാണ് വർക്കല കനാൽ നിർമ്മിച്ചത്. ഇതിന്റ നിർമ്മാണം വർക്കല വരെയുള്ള ഗതാഗതത്തെ വളരെയേറെ സഹായിച്ചു. പക്ഷേ വർക്കല കുന്ന് എന്ന കടമ്പയാണ് മറ്റു സ്ഥലങ്ങളിലേക്കുള്ള പോക്കുവരവിന് തടസമായി അവശേഷിച്ചത്. അനന്തപുരിയിൽ നിന്നും വരുന്ന കെട്ടുവള്ളങ്ങളും യാത്രാ വള്ളങ്ങളും വർക്കല കുന്നുവരെ മാത്രമെ വരുമായിരുന്നുള്ളു. ശേഷം കാൽനടയായി കുന്നുകയറി വേണം ആലപ്പുഴയിലേക്കും കൊച്ചിയിലേക്കുമൊക്കെ പോകാൻ.

വർക്കല കുന്നിന്റെ കാര്യത്തിൽ ഒരു തീരുമാനമാകാൻ പിന്നേയും വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു. ആയില്യം തിരുനാളിന്റെ കാലത്ത് സർ ടി. മാധവറാവു ദിവാനയിരുന്നപ്പോൾ ബ്രിട്ടനിൽ നിന്നും വന്ന വില്യം ബാർട്ടനെ ദിവാനായി നിയമിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തുരങ്കം നിർമ്മിക്കുകയുമായിരുന്നു.