പൂവാർ: ആഗോള താപനത്തിന്റെയും കാലാവസ്ഥാവ്യതിയാനത്തിന്റെയും സാഹചര്യത്തിൽ വയലുകൾ ഉൾപ്പെടെയുള്ള എല്ലാ തണ്ണീർത്തടങ്ങളും സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ. വി. സുഭാഷ് ചന്ദ്രബോസ്. ജലസമ്പത്തും സ്രോതസ്സുകളും സംരക്ഷിക്കാൻ കോട്ടുകാൽ പരിസ്ഥിതി സംരക്ഷണസമിതി ചപ്പാത്ത് ജംഗ്ഷനിൽ സംഘടിപ്പിച്ച തണ്ണീർത്തട സംരക്ഷണ പൊതുജന സഭയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ ഏറെ അനുഭവിക്കേണ്ടി വരുന്നത് നിലവിലുള്ള തലമുറയേക്കാൾ അടുത്ത തലമുറയാണെന്നത് ഓർക്കാതെയാണ് വികസനത്തിന്റെ പേരിൽ നടക്കുന്ന പ്രകൃതി വിഭവങ്ങളുടെ ചൂഷണം. കോട്ടുകാൽ പോലുള്ള പ്രദേശങ്ങളെ സമുദ്രജലനിരപ്പ് ഉയരുന്ന പ്രതിഭാസം പ്രതികൂലമായി ബാധിക്കുമെന്ന് അറിയാമായിരുന്നിട്ടും തണ്ണീർത്തടങ്ങൾ നികത്തുന്നു- ശാസ്ത്രസാഹിത്യ പരിഷത്ത് പരിസ്ഥിതി വിഷയ സമിതി ചെയർമാൻ വി. ഹരിലാൽ അഭിപ്രായപ്പെട്ടു. ചപ്പാത്ത് എസ്. ഷൂജയുടെ അദ്ധ്യക്ഷത വഹിച്ചു. ഗ്രീൻ റിപ്പോർട്ടർ ചീഫ് എഡിറ്ററും പശ്ചിമഘട്ട രക്ഷാ ഏകോപന സമിതി കൺവീനറുമായ ഇ.പി. അനിൽ, നഗരസഭ മുല്ലൂർ വാർഡ് കൗൺസിലർ സി. ഓമന, വെള്ളായണി കായൽ സംരക്ഷണ സമിതി ചെയർമാനും കല്ലിയൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ എസ്. ഉദയകുമാർ, വിഴിഞ്ഞം റസിഡന്റ്സ് അസോസിയേഷൻ കൗൺസിൽ (സി.ആർ.എ.വി.എസ്) പ്രസിഡന്റ് അഡ്വ. കെ. ജയചന്ദ്രൻ, മുല്ലൂർ സുരേന്ദ്രൻ അനുസ്മരണ സമിതി ചെയർമാൻ മുക്കാല പി. രത്നാകരൻ, എൻ.ജെ. ഷമ്മി, എൽ. പങ്കജാക്ഷൻ തുടങ്ങിയവർ സംസാരിച്ചു. പയറ്റുവിള ഉണ്ണിയും, ബി. സുധയും പരിസ്ഥിതി സംരക്ഷണ ഗാനം ആലപിച്ചു. തുടർന്ന് കോട്ടുകാൽ തണ്ണീർത്തട സംരക്ഷണ പ്രതിജ്ഞ എടുക്കലും പ്രമേയം പാസ്സാക്കലും നടന്നു. കോട്ടുകാൽ പരിസ്ഥിതി സംരക്ഷണ സമിതി ചെയർമാൻ എ.കെ. ഹരികുമാർ സ്വാഗതവും ജനറൽ കൺവീനർ അനിൽ ചൊവ്വര നന്ദിയും പറഞ്ഞു.