pump

തിരുവനന്തപുരം: അരുവിക്കരയിലെ നാലാമത്തെയും അവസാനത്തെയും ഘട്ട നവീകരണം പൂർത്തിയായതോടെ നഗരത്തിലേക്കുള്ള പമ്പിംഗ് പുനരാംരഭിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ ഇന്നലെ രാത്രിയോടെ തന്നെ ജലമെത്തിയെങ്കിലും ഉയർന്ന പ്രദേശങ്ങളിൽ വെള്ളമെത്താൻ ഇന്ന് രാത്രിയോ,​ നാളെ പുലർച്ചയോ ആയേക്കും. ശനിയാഴ്ച ഉച്ചയോടെയാണ് നവീകരണ ജോലികൾ ആരംഭിച്ചത്. 74 എം.എൽ.ഡി പ്ലാന്റിൽ ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയും 86 എം.എൽ ഡി പ്ലാന്റിൽ രാവിലെ ആറോടെയുമാണ് നവീകരണം പൂർത്തിയായത്. രണ്ടാം ഘട്ടത്തിൽ അസംസ്‌കൃതജല,​ ശുദ്ധജല പമ്പ് ഹൗസുകളിൽ 631 ബി.എച്ച്.പി. 770 ബി.എച്ച്.പി വീതം ശേഷിയുള്ള രണ്ട് പമ്പ് സെറ്റുകൾ മാറ്റിസ്ഥാപിച്ചിരുന്നു. ഈ പമ്പുകൾക്ക് കേട് വന്നാൽ ഉപയോഗിക്കാനുള്ള കരുതൽ പമ്പുകൾ സ്ഥാപിക്കുന്ന ജോലികളാണ് ഇന്നലെ നടന്നത്. ഇതിനൊപ്പം സബ് സ്റ്റേഷനിലെ 74,​ 86 എം.എൽ.ഡി ജലശുദ്ധീകരണ ശാലകളിലെ പ്രവർത്തനങ്ങൾ യോജിപ്പിക്കലും നടന്നു. നവീകരണം പൂർത്തിയായതോടെ 10 ദശലക്ഷം ലിറ്റർ വെള്ളം അധികമായി നഗരവാസികൾക്ക് ലഭിക്കുമെന്ന് വാട്ടർ അതോറിട്ടി വ്യക്തമാക്കി. ഉച്ചയ്ക്ക് പമ്പിംഗ് തുടങ്ങിയതിനാൽ തന്നെ ജലക്ഷാമം രൂക്ഷമായില്ലെന്നാണ് വാട്ടർ അതോറിട്ടിയുടെ കണക്കുകൂട്ടൽ.

നഗരത്തിൽ ശുദ്ധജലമെത്തിക്കുന്ന 86 എം.എൽ.ഡി ജലശുദ്ധീകരണ ശാലയിലെ പമ്പ് സെറ്റുകൾക്കും അനുബന്ധ വൈദ്യുതോപകരണങ്ങൾക്കും 20 വർഷത്തെ കാലപ്പഴക്കമുണ്ട്. കാലപ്പഴക്കവും തേയ്‌മാനവും മൂലം ശേഷി കുറയുന്നതിനാൽ നഗരത്തിലേക്കുള്ള ശുദ്ധജലവിതരണത്തിൽ പലപ്പോഴും കുറവുണ്ടായിരുന്നു. അതിനാലാണ് പുതിയ പമ്പുകൾ മാറ്റിസ്ഥാപിച്ചത്. ഡിസംബർ 13,​ 14 തീയതികളിലായിരുന്നു ആദ്യഘട്ട നവീകരണം. ജനുവരി 4ന് രണ്ടാംഘട്ടവും 11ന് മൂന്നാംഘട്ടവും നടന്നിരുന്നു. അരുവിക്കരയിൽ വാട്ടർ അതോറിട്ടിക്ക് നിലവിൽ 86 എം.എൽ.ഡി, 72 എം.എൽ.ഡി, 74 എം.എൽ.ഡി വീതം ശേഷിയുള്ള ജലശുദ്ധീകരണ ശാലകളാണുളളത്. പുതിയ 75 എം.എൽ.ഡി ജലശുദ്ധീകരണശാല മാർച്ചിൽ കമ്മിഷൻ ചെയ്യും. വാട്ടർ അതോറിട്ടി ദക്ഷിണമേഖലാ ചീഫ് എൻജിനീയർ ജി.ശ്രീകുമാർ, തിരുവനന്തപുരം പി.എച്ച് സർക്കിൾ സൂപ്രണ്ടിംഗ് എൻജിനിയർ സുരേഷ് ചന്ദ്രൻ, അരുവിക്കര ഹെഡ് വർക്‌സ് ഡിവിഷൻ എക്‌സിക്യുട്ടീവ് എൻജിനീയർ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് നവീകരണ ജോലികൾ നടന്നത്