തിരുവനന്തപുരം:കണ്ണഞ്ചിപ്പിക്കുന്ന നിറക്കൂട്ടുകളും,ചിത്രങ്ങളും അലങ്കാരങ്ങളുമായി കുതിക്കുന്ന
ടൂറിസ്റ്റ് ബസുകളുടെ ശ്രദ്ധയ്ക്ക്. ഇനി അധികം ഡെക്കറേഷനൊന്നും വേണ്ട..ഉള്ളതും മായ്ച്ച് കളഞ്ഞ് മൊത്തം വെള്ള പൂശണം..
ടൂറിസ്റ്റ് ബസുകളുടെ പുറം ബോഡിയിൽ വെള്ളയും മദ്ധ്യഭാഗത്ത് കടുംചാര നിറത്തിലെ വരയുമാണ് മോട്ടോർ വാഹന വകുപ്പ് അനുവദിച്ചിരിക്കുന്നത്. മുൻവശത്ത് ടൂറിസ്റ്റ് എന്ന് മാത്രമേ എഴുതാവൂ. ഓപ്പറേറ്ററുടെ പേര് പിൻവശത്ത് പരമാവധി 40 സെന്റീമീറ്റർ ഉയരത്തിൽ എഴുതാം.ചാരനിറത്തിലെ വരയ്ക്ക് പത്ത് സെന്റീമീറ്റർ വീതി വേണം.
ടൂറിസ്റ്റ് ബസ് നടത്തിപ്പുകാർ തമ്മിലുള്ള അനാരോഗ്യകരമായ മത്സരം ഒഴിവാക്കാനാണ് ഏകീകൃത നിറം ഏർപ്പെടുത്താൻ ട്രാൻസ്‌പോർട്ട് കമ്മിഷണർ ആർ. ശ്രീലേഖ അദ്ധ്യക്ഷയായ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിട്ടി (എസ്.ടി.എ.) തീരുമാനിച്ചത്. .ഒരു വിഭാഗം ടൂർ ഓപ്പറേറ്റർമാരുടെ എതിർപ്പ് തള്ളിക്കൊണ്ടാണിത്. പുതുതായി റജിസ്റ്റർ ചെയ്യുന്ന ബസുകളും ഫിറ്റ്‌നസ് പരിശോധനയ്ക്ക് ഹാജരാക്കുന്നവയും വെള്ള നിറത്തിലേക്ക് മാറണം. ഏപ്രിൽ ഒന്നു മുതൽ ഏകീകൃത നിറമാക്കിയില്ലെങ്കിൽ പിഴ ഈടാക്കും. ടൂറിസ്റ്റ് ടാക്‌സി വാഹനങ്ങൾക്ക് അനുവദിച്ച വെള്ളനിറമാണ് കോൺട്രാക്ട് കാര്യേജ് ബസുകൾക്കും ബാധകമാക്കിയത്.
പ്രത്യേക നിയന്ത്രണമില്ലാത്തതിനാൽ ടൂറിസ്റ്ര് ബസ്സുടമകൾ അവർക്കിഷ്ടമുള്ള ചിത്രങ്ങളാണ് ബസുകളിൽ പതിച്ചിരുന്നത്. മോഡലുകളുടെയും സിനിമാതാരങ്ങളുടെയും ചിത്രങ്ങൾ മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധ തിരിച്ച് അപകടമുണ്ടാക്കുന്നുന്നതായി കണ്ടെത്തിയിരുന്നു.
ടൂറിസ്റ്റ് ബസുകളുടെ പേരിലുള്ള ഫാൻസ് അസോസിയേഷൻ യുദ്ധവും രൂക്ഷമായ സാഹചര്യത്തിലാണ് പേരിനും നിയന്ത്രണം .
കൊമ്പനും ചെകുത്താനും
വർണ്ണലൈറ്റുകളും വേണ്ട
സിനിമാ പോസ്റ്ററുകളിലെ അക്ഷരങ്ങളെ വെല്ലുന്ന ഡിസൈനിലും വർണ്ണപ്പൊലിമയിലുമാണ് ടൂറിസ്റ്റ് ബസുകൾ പേരുകൾ എഴുതി വയ്ക്കുന്നത്. കൊമ്പൻ, ചെകുത്താൻ, ബാഹുബലി എന്നിങ്ങനെയൊക്കെയാണ് പേരുകൾ.
വശങ്ങളിലും പിന്നിലുമെല്ലാം കാഴ്ചയെ ആകർഷിക്കുന്ന വിധത്തിൽ ചലച്ചിത്രതാരങ്ങളുടേയും മോഡലുകളുടേയും വന്യമൃഗങ്ങളുടേയും ചിത്രങ്ങളും .ഇതിന് പുറമെയാണ് വർണ്ണപ്രകാശങ്ങളുടെ ധാരാളിത്തം. അകത്തു മാത്രമല്ല, മറ്റ് വാഹനങ്ങൾ ഓടിച്ചുപോകുന്നവരുടെ കാഴ്ച മങ്ങുപോകുന്ന വിധത്തിൽ ബസിന്റെ പുറത്തും എൽ.ഇ.ഡി വർണ്ണലൈറ്റുകൾ.. വിനോദയാത്രയ്ക്കിടെ പാതയോരങ്ങലിൽ ബസുകൾ നിരത്തിയിട്ട് വിദ്യാർത്ഥികളുടെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ .
ഇത്തരം അഭ്യാസങ്ങൾ അപകടങ്ങൾക്ക് ഇടയാക്കുന്നതായാണ് മോട്ടോർവാഹന വകുപ്പിന്റെ വിലയിരുത്തൽ. ബസ് രജിസ്‌ട്രേഷന് കൊണ്ടു വരുമ്പോൾ മിതമായ നിറങ്ങളാണുണ്ടാവുക. അതിന് ശേഷമാണ് കടും നിറങ്ങളും ചിത്രങ്ങളും കൊണ്ടുള്ള ഡെക്കറേഷൻ.
നിറം മാറ്റാൻ ചെലവ്- 3.5 മുതൽ 4 ലക്ഷം വരെ
ലൈറ്റ് & സൗണ്ട് സംവിധാനത്തിന് -5 മുതൽ 6 ലക്ഷം വരെ