കിളിമാനൂർ: കിളിമാനൂർ ഉപജില്ലയിൽ അക്കാഡമിക അക്കാഡമികേതര മികവിൽ മികവുറ്റ പ്രകടനം കാഴ്ചവെക്കുന്ന വഞ്ചിയൂർ യു .പി എസിലെ കുരുന്നുകൾ ഇനി ഐ ടി മേഖലയിലും കുതിക്കും. പ്രമുഖ ഐ.ടി കമ്പനിയായ യു.എസ്.ടി ഗ്ലോബലാണ് സ്കൂളിലെ വിവരവിനിമയ സാങ്കേതികവിദ്യയിൽ കുതിച്ച് ചാട്ടത്തിന് ഉതകുന്ന പദ്ധതികളുമായി രംഗത്തെത്തിയത്. യു.എസ്.ടി ഗ്ലോബൽ നടപ്പിലാക്കുന്ന അഡോപ്റ്റ് എ സ്കൂൾ പദ്ധതിയുടെ ഭാഗമായാണ് സ്കൂളിനെ ഏറ്റെടുത്തത്.ജില്ലയിൽ 13 സ്കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കിളിമാനൂർ സബ് ജില്ലയിൽ പദ്ധതിക്കായി തെരഞ്ഞെടുത്ത ഏക സ്കൂളും വഞ്ചിയൂർ ഗവ :യു.പിഎസാണ്. സന്നദ്ധ സംഘടനയായ കളർറോസും പദ്ധതിക്ക് ഒപ്പമുണ്ട്. പദ്ധതിയുടെ ഭാഗമായി 8 കമ്പ്യൂട്ടറുകൾ സ്കൂളിന് സൗജന്യമായി നൽകും. ഇന്റർനെറ്റ് സംവിധാനവും ഏർപ്പെടുത്തും. കമ്പനിയുടെ പ്രതിനിധികൾ എല്ലാ വ്യാഴാഴ്ചയും സ്കൂളിലെത്തി കുട്ടികൾക്ക് പരിശീലനവും നൽകും. ഇതോടൊപ്പം എം.എസ്.ഓഫീസ് എന്ന സർട്ടിഫിക്കറ്റ് കോഴ്സ് കുട്ടികളെ പരിശീലിപ്പിക്കും. പദ്ധതിയുടെ വിശദീകരണയോഗം യു.എസ്.ടി ഗ്ലോബൽ അക്കൗണ്ട്സ് മാനേജർ തോമസ് ജോൺസൺ ഉദ്ഘാടനം ചെയ്തു. സ്കൂൾ ലീഡർ അമൃത അദ്ധ്യക്ഷയായി. അഭിലാഷ്, ബബിത, ചന്ദന, യാസർ അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. പ്രഥമാദ്ധ്യാപിക പുഷ്കല സ്വാഗതവും ഭഗവത് രജീവ് നന്ദിയും പറഞ്ഞു.