കാട്ടാക്കട: കാട്ടാക്കട ജംഗ്ഷനിലെ ഹൈമാസ് ലൈറ്റ് നോക്കുകുത്തിയായിട്ട് മാസങ്ങളായി. വൈദ്യുതി ബില്ല് മാത്രമാണ് പഞ്ചായത്ത് ഒടുക്കേണ്ടതെന്നും അറ്റകുറ്റപ്പണികൾ നടത്തേണ്ടത് തങ്ങളല്ലെന്നുമാണ് ഗ്രാമപഞ്ചായത്ത് അധികൃതർ പറയുന്നത്.
മുൻ എം.പി. ഡോ.എ. സമ്പത്തിന്റെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ചാണ് കാട്ടാക്കട ജംഷനിൽ ഹൈമാസ് ലൈറ്റ് സ്ഥാപിച്ചത്. ഉദ്ഘാടനശേഷം രണ്ട് വർഷം വരെ പ്രകാശിച്ചു. തുടർന്ന് എൽ.ഇ.ഡി. ബൾബുകൾ ഓരോന്നായി കേടായി. വ്യാപകമായി പരാതി ഉയർന്നതോടെ ഹൈമാസ് സ്ഥാപിച്ച കരാറുകരൻ എത്തി അറ്റകുറ്റ പണി നടത്തി മടങ്ങി. എന്നാൽ കരാർ കാലാവധി കഴിഞ്ഞതോടെ കരാറുകാരനും ഇപ്പോൾ കൈമലർത്തി. തുടർന്ന് തെരുവുവിളക്കുകളുടെ നവീകരണത്തിനായി ലക്ഷങ്ങൾ ചെലവിടുന്ന പഞ്ചായത്ത് അധികൃതരോട് നാട്ടുകാർ പരാതിപ്പെട്ടങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല.
ഹൈമാസ് ലൈറ്റ് കത്തുന്നില്ലങ്കിലും ഇതിലേയ്ക്കുള്ള വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാത്തതിനാൽ പഞ്ചായത്ത് ഇപ്പോഴും പണം അടയ്ക്കുന്നതായാണ് രേഖകളിൽ കാണുന്നത്. ഏറെ തിരക്കുള്ള കാട്ടാക്കട ജംഗ്ഷനിലെ ഹൈമസ് ലൈറ്റുകൾ കത്താതായതോടെ വിവിധ സംഘടനകൾ പ്രതിക്ഷേധിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.
ജംഗ്ഷനിലെ ഹൈമാസ് ലൈറ്റ് വെളിച്ചം ഇല്ലാതായതോടെ ജംഗ്ഷനിലെ കടകൾ അടയ്ക്കുമ്പോൾ കാട്ടാക്കട പട്ടണം കൂരിരിട്ടിലാകും.