കിളിമാനൂർ: മലയാളിക്ക് എന്തിനും ഏതിനും "നാടൻ വേണം. നാടൻ ഊണ്, നാടൻ പച്ചക്കറി എന്നിങ്ങനെ നീണ്ടുപോകുന്നു നാടനുകളുടെ നിര. നാടൻ നാളികേരമാണ് ഇപ്പോൾ മലയാളി തിരക്കിയോടുന്ന സാധനം. എന്നാൽ കിട്ടുന്നതാകട്ടെ "തമിഴ് നാടൻ " നാളികേരവും.കേരം തിങ്ങും കേരള നാട്ടിൽ നാടൻ നാളികേരം തേടിയുള്ള പരക്കം പാച്ചിലിന് അറുതിയില്ല.
സിറ്റിയിൽ മാത്രമല്ല നമ്മുടെ നാട്ടിൻപുറങ്ങളിലും തമിഴ്നാടൻ തേങ്ങ തന്നെയാണ് താരം. നാടൻ നാളികേരം കിട്ടണമെങ്കിൽ നന്നായൊന്നു അലയണമെന്നാണ് മാർക്കറ്റിലെത്തുന്നവരുടെ അടക്കം പറച്ചിലുകൾ. തെങ്ങ് കൃഷിയിൽ നിന്നും റബറിലേക്കുള്ള മാറ്റം ഗ്രാമീണ മേഖലകളിൽ തെങ്ങിനെ പറമ്പുകളിൽ നിന്നകറ്റി. തെങ്ങ് കൃഷി അപ്രത്യക്ഷമായതോടെ അന്യം നിന്നുപോയത് അനുബന്ധ വ്യവസായങ്ങളായ കയർ, കൊപ്ര,എണ്ണ മില്ലുകൾ, ചൂള എന്നിവയാണ്.കലർപ്പില്ലാത്ത ശുദ്ധമായ വെളിച്ചണ്ണയുടെ സ്ഥാനത്ത് ഇന്ന് മായം ചേർന്ന എണ്ണകൾ എത്തി.
കിലോക്ക് 27 രൂപ നിരക്കിൽ പച്ച തേങ്ങ സംഭരിക്കാൻ സർക്കാർ തീരുമാനമുണ്ടങ്കിലും തേങ്ങ തമിഴ് നാട്ടിൽ നിന്ന് സംഭരിക്കേണ്ടി വരുമെന്ന് കർഷകർ പറയുന്നു.സർക്കാർ ഇനിയെങ്കിലും കേരകൃഷിക്ക് വേണ്ട പദ്ധതികൾ നടപ്പിലാക്കിയില്ലെങ്കിൽ വരും തലമുറയ്ക്ക് തെങ്ങ് കാണാൻ തമിഴ്നാട്ടിലേയ്ക്ക് വണ്ടി കയറേണ്ടി വരും.
നാടൻ തെങ്ങുകളുടെ കാലം കഴിഞ്ഞു
നാടൻ തെങ്ങുകളെ വിട്ട് കേരകർഷകർ കൂട്ടത്തോടെ സങ്കരയിനം തെങ്ങുകളുടെയും കുള്ളൻ തെങ്ങുകളുടെ പിന്നാലെ പോകുകയാണ്.
നാടൻ തെങ്ങുകൾ പ്രധാനമായും രണ്ടുതരം
1)നെടിയത്
2)കുറിയത് (കുള്ളൻ)
ഇവ രണ്ടിനത്തിനും ഇടയിൽപ്പെട്ട ഒരിനവും കൂടിയുണ്ട്.
നാടൻ തെങ്ങുകളുടെ ഉയരം--15 മുതൽ 25മീറ്റർ വരെ
ആയുസ്---80മുതൽ100വയസുവരെ
കുള്ളൻ ഇനത്തിൽപ്പെട്ടവയുടെ ആയുസ്---45
സങ്കരയിനം
കുള്ളൻ ഇനങ്ങളും നാടൻ ഇനങ്ങളും തമ്മിൽ പരാഗണം നടത്തിയാണ് സങ്കരയിനം തെങ്ങ് ഉത്പാദിപ്പിക്കുന്നത്.ഒരാൾക്ക് കയ്യെത്തി നാളികേരം പറിച്ചെടുക്കാൻ പാകത്തിലാണ് മിക്ക സങ്കരയിനം തെങ്ങുകളും.
ആയുസ്.... 30 വർഷം
മരംകയറാൻ ആളുവേണ്ട
കായ്ഫലംകൂടുതൽ
ഉത്പ്പാദനച്ചെലവുകൾ ഇല്ല
രോഗപ്രതിരോധശേഷികൂടുതൽ
ലോകത്തിലെ ആദ്യ സങ്കരയിനം തെങ്ങായ ടിഃഡി മുതൽ ലക്ഷഗംഗ, കേരഗംഗ, അനന്തഗംഗ, കേരശ്രീ, കേരള സൗഭാഗ്യ എന്നീ ഇനങ്ങൾ വരെ എത്തി നിൽക്കുന്നു സങ്കരയിനം തെങ്ങുകളുടെ വൈവിദ്ധ്യം.
ഇന്നും ഗ്രാമീണ മേഖലകളിൽ തേങ്ങ വ്യാപാരികൾ ഉണ്ടങ്കിലും അവർ വാങ്ങുന്നതും തമിഴ് നാട്ടിൽ നിന്ന് തന്നെയാണ്.നാഗർകോവിൽ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്ന് തൊണ്ട് കളഞ്ഞ മൂപ്പെത്താത്ത തേങ്ങ രണ്ടു ദിവസം വെയിൽ കൊള്ളിച്ച് കാഴ്ച്ചയിൽ മൂപ്പ് തോന്നിപ്പിച്ചാണ് വ്യാപാരം നടത്തുന്നത്. ഇത്തരം തേങ്ങകൾ വളരെ പെട്ടന്ന് പാഴായിപോകുന്നതായും, ഗുണനിലവാരം ഇല്ലന്നും വീട്ടമ്മമാർ പറയുന്നു.
ബ്ലോക്ക് തലത്തിൽ കേരഫെഡറേഷനുകൾ പ്രവർത്തനം വിപുലപ്പെടുത്തി കേരകർഷക കൂട്ടായ്മ, സബ്സിഡി നിരക്കിൽ ഉല്പാദനക്ഷമതയുള്ള തെങ്ങിൻ തൈ വിതരണം നടത്തുക എന്നിവ വഴി നഷ്ടപ്പെട്ട കേര സംസ്കാരത്തെ തിരികെ കൊണ്ടു വരാൻ സർക്കാർ ശ്രമിക്കണം.- ഹംസ , കർഷകൻ)
മണ്ഡരി രോഗം
തൊഴിലാളി പ്രശ്നം
വർദ്ധിച്ച ചിലവ്.
റബ്ബറിന്റെ കടന്നു കയറ്റം
വില സ്ഥിരതയില്ലായ്മ