bjp

ചിറയിൻകീഴ്: മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണ് പ്രതിപക്ഷം നിയമസഭയിൽ ഗവർണറെ അധിക്ഷേപിക്കാൻ ശ്രമിച്ചതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. ചിറയിൻകീഴ് ജനജാഗരണ സമിതി ശാർക്കരയിൽ സംഘടിപ്പിച്ച ജനജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

മുഖ്യ മന്ത്രി സ്ഥാനത്തിന് ഇളക്കം തട്ടാതിരിക്കാൻ രമേശ് ചെന്നിത്തലയുമായിചേർന്ന് ചക്കളത്തിൽ പോരാട്ടമാണ് പിണറായി നടത്തുന്നത്. പാർലമെന്റ് പാസ്സാക്കിയ പൗരത്വ ഭേദഗതി ബില്ല് നടപ്പാക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും ബാധ്യതയുണ്ട്. അതിൽ നിന്ന് ആർക്കും മാറി നിൽക്കാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ഹിന്ദു ഐക്യവേദി നേതാവ് അഴൂർ ജയൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആർ.എസ്.എസ് വിഭാഗ് കാര്യ സദസ്യൻ പത്മകുമാർ മുഖ്യ പ്രഭാഷണം നടത്തി. ദേശ സ്നേഹത്തിന്റെ പേരിൽ ആർ.എസ്.എസിനെ എതിർക്കുന്ന രമേശ് ചെന്നിത്തല മുൻ പ്രധാനമന്ത്രി നെഹ്റു ആർ.എസ്.എസിന്റെ ദേശസ്നേഹത്തെക്കുറിച്ച് മതിപ്പ് രേഖപ്പെടുത്തിയതും റിപ്പബ്ലിക് ദിന പരേഡിലേക്ക് ക്ഷണിച്ചതും ഓർക്കണമെന്ന് പത്മകുമാർ പറഞ്ഞു.

ആർ.എസ്.എസ് ആറ്റിങ്ങൽ ജില്ലാ സംഘചാലക് സുശീലൻ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സാബു, കടയ്ക്കാവൂർ അശോകൻ, പ്രമോദ്, ജയൻ എന്നിവർ സംസാരിച്ചു. ചിറയിൻകീഴ് ബാബു സ്വാഗതവും രഞ്ജിത്ത് നന്ദിയും പറ‌ഞ്ഞു.