ചിറയിൻകീഴ്: ശാർക്കര ദേവീക്ഷേത്രത്തിലെ ഉപദേവതയായ യക്ഷിയമ്മയുടെ പുനഃപ്രതിഷ്ഠാ ചടങ്ങുകൾ ക്ഷേത്രതന്ത്രി തരുണനല്ലൂർമന സജി ഗോവിന്ദൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ നടന്നു. ശനിയാഴ്ച രാവിലെ തന്ത്രിയുടെ നേതൃത്വത്തിൽ പീഠത്തിൽ നിന്നും വിഗ്രഹത്തെ നാലമ്പലത്തിനകത്തെ മുളയറയിൽ താത്കാലികമായി പ്രതിഷ്ഠിച്ച് പൂജിക്കുകയായിരുന്നു. ഇന്നലെ രാവിലെ 6.30ഓടെയാണ് പ്രതിഷ്ഠാകർമ്മങ്ങൾ ആരംഭിച്ചത്. 7.30ന് തന്ത്രിയും മേൽശാന്തി വടക്കേമഠത്തിൽ രാജഗോപാലൻ നമ്പൂതിരിയും വിഗ്രഹത്തെ ഉപക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ച് പ്രതിഷ്ഠാകർമ്മങ്ങൾക്ക് തുടക്കം കുറിച്ചു. സുരേഷ് പോറ്റി, അരുൺ പോറ്റി, ഈശ്വർ പോറ്റി, ദേവസ്വം അധികൃതർ, ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പേരാലിന്റെ ചുവട്ടിലെ പ്രതിഷ്ഠയ്‌ക്ക് മരത്തിന്റെ വേരുകൊണ്ട് ഇളക്കം തട്ടിയതിനെ തുടർന്നാണ് പുനഃപ്രതിഷ്ഠ നടത്താൻ തീരുമാനിച്ചത്.