തിരുവനന്തപുരം: അഗതികളുടെയും അശരണരുടെയും ജീവതങ്ങൾക്ക് ചിറകുനൽകി ഒരു നൂറ്റാണ്ടിന്റെ ചരിത്രമെഴുതിയ പൂജപ്പുര ഹിന്ദു മഹിളാമന്ദിരത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഇന്ന് വൈകിട്ട് അഞ്ചിന് ടാഗോർ തിയേറ്ററിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. ശതാബ്ദി പുരസ്‌കാര സമർപ്പണവും സുവനീർ പ്രകാശനവും മഹിളാമന്ദിരത്തിന്റെ തൊഴിൽ സംരംഭമായ മഹിമ യൂണിറ്റിന്റെ ഉദ്ഘാടനവും ഗവർണർ നിർവഹിക്കും.
മന്ത്രി കെ.കെ. ഷൈലജ അദ്ധ്യക്ഷയാകും. മഹിളാ മന്ദിരം രക്ഷാധികാരി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി ആമുഖപ്രഭാഷണവും ഒ. രാജഗോപാൽ എം.എൽ.എ മുഖ്യപ്രഭാഷണവും നടത്തും. ശതാബ്ദി പുരസ്‌കാര ജേതാവ് സെൽവി. കെ, പൂജപ്പുര വാർഡ് കൗൺസിലർ ഡോ.ബി. വിജയലക്ഷ്മി, മഹിളാമന്ദിരം പ്രസിഡന്റ് കെ.വൈ. രാധാലക്ഷ്മി, സെക്രട്ടറി എം. ശ്രീകുമാരി, ജോയിന്റ് സെക്രട്ടറി മീന രമേഷ് തുടങ്ങിയവർ സംസാരിക്കും. മഹിളാമന്ദിരത്തിൽ 18 വർഷം താമസിച്ച് തയ്യൽ, എംബ്രോയിഡറി, ബുക്ക് ബൈൻഡിംഗ് എന്നിവയിൽ പ്രാവീണ്യം നേടി സ്വയംപര്യാപ്‌തയായ ഭിന്നശേഷിക്കാരിയാണ് ശതാബ്ദി പുരസ്‌കാര ജേതാവായ സെൽവി. മഹിളാ മന്ദിരത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയും ചടങ്ങിൽ പ്രദർശിപ്പിക്കും. തുടർന്ന് മഹിളാമന്ദിരത്തിലെ അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറും.