തിരുവനന്തപുരം: പ്രൊമോഷൻ നടപടികൾ അനന്തമായി നീളുന്നത് തദ്ദേശസ്വയംഭരണ വകുപ്പിലെ എൻജിനിയർമാരുടെ സ്വപ്നങ്ങൾക്ക് നിറം കെടുത്തുന്നു. ഗ്രാമീണറോഡുകളുടെ പുനരുദ്ധാരണ ചുമതലയുള്ള ചീഫ് എൻജിനിയറുടെ ഓഫീസ് നാഥനില്ലാതായതാണ് പ്രശ്നം.

ചീഫ് എൻജിനിയർ ആറ് മാസം മുമ്പ് വിരമിച്ചിട്ടും പുതിയ ആളെ നിയമിച്ചില്ല. പകരം ചുമതല സൂപ്രണ്ടിംഗ് എൻജിനിയർക്ക് നൽകിയാണ് പ്രവർത്തനം തള്ളിനീക്കുന്നത്. ഇതോടെ താഴേത്തട്ടിൽ അസിസ്റ്റന്റ് എൻജിനിയർ മുതൽ മുകളിലോട്ടുള്ള തസ്തികളിൽ പ്രൊമോഷൻ പാടെ നിലച്ചു.

തദ്ദേശവകുപ്പിൽ ജനറൽ വിഭാഗത്തിലുള്ള മറ്റൊരു ചീഫ് എൻജിനിയറും ഈ വർഷം ആഗസ്റ്റിൽ വിരമിക്കും. ഈ തസ്തികയിലും പകരം ആളെ നിയമിക്കാൻ സർക്കാർ നടപടി തുടങ്ങിയിട്ടില്ല. ഓരോവർഷവും ഡിസംബറിന് മുമ്പ് ഡി.പി.സി യോഗം ചേർന്ന് അടുത്ത പ്രൊമോഷൻ ലിസ്റ്റ് തയ്യാറാക്കണമെന്നാണ് ചട്ടം. എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി തദ്ദേശവകുപ്പിൽ ഇത് നടക്കുന്നില്ല.

കൊല്ലം കോർപ്പറേഷനിലെ പി.ജെ.അജയകുമാർ, കണ്ണൂർ കോർപ്പറേഷനിലെ കെ.എ. സജീവൻ എന്നിവരാണ് നിലവിൽ ചീഫ് എൻജിനിയർ പ്രൊമോഷൻ ലഭിക്കേണ്ട മുതിർന്ന സൂപ്രണ്ടിംഗ് എൻജിയർമാർ. ഈ വർഷം വിരമിക്കേണ്ട ഇരുവർക്കും ഇനിയും വൈകിയാൽ അർഹമായ പ്രൊമോഷൻ ലഭിക്കാതാവും. ഒരുവർഷം മുമ്പ് സൂപ്രണ്ടിംഗ് എൻജിയർമാരായ ഇവരുടെ പ്രൊബേഷൻ പോലും ഇതുവരെ ഡിക്ലയർ ചെയ്തിട്ടില്ല. ഒരു തസ്തികയിലേക്ക് പ്രൊമോഷൻ ലഭിച്ചാൽ ആറ് മാസത്തിനുള്ള പ്രൊബേഷൻ ഡിക്ലയർ ചെയ്യണമെന്നാണ് സർവീസ് ചട്ടം.


കേന്ദ്രപദ്ധതികൾ

അവതാളത്തിൽ

പ്രധാൻമന്ത്രി നാഷണൽ സടക്ക് യോജനയെന്ന കേന്ദ്ര പദ്ധതി പ്രകാരമുള്ള ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ചുമതലയുള്ള ചീഫ് എൻജിനിയുടെ കസേരയാണ് ആറ് മാസമായി ഒഴിഞ്ഞിരിക്കുന്നത്. സമയബന്ധിതമായി പണികൾ പൂർത്തീകരിച്ചില്ലെങ്കിൽ കേന്ദ്രത്തിൽ നിന്നുള്ള കോടിക്കണക്കിന് രൂപ സംസ്ഥാനത്തിന് നഷ്ടമാകും. ഈവർഷം 400 കോടിയുടെ പദ്ധതികളാണുള്ളത്.

'തദ്ദേശ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുൾപ്പെടെയുള്ളവരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയാണുണ്ടായത്. സർവീസ്ചട്ടം നടപ്പാക്കണം.'


- എസ്.ആർ.മോഹനചന്ദ്രൻ

കെ.ജി.ഒ.എ

സംസ്ഥാന സെക്രട്ടറി