narender-batra
narender batra

ഇന്ത്യ 2026ൽ നടക്കുന്ന യൂത്ത് ഒളിംപിക്സ് വേദിയായി തിരഞ്ഞെടുക്കപ്പെട്ടാൽ കേരളത്തിലും മൽസരം നടത്താൻ അവസരമുണ്ടാകും

തിരുവനന്തപുരം: അന്തർദ്ദേശീയ ഗെയിംസുകൾക്കുൾപ്പെടെ വേദികൾ നിശ്ചയിക്കുമ്പോൾ കേരളത്തിന് പ്രധാന പരിഗണ നൽകുമെന്ന് ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡൻറ് ഡോ. നരേന്ദർ ധ്രുവ് ബത്ര പറഞ്ഞു.

2026ലെ യൂത്ത് ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യയ്ക്ക് അവസരം ലഭിച്ചാൽ അതിൽ ചില മത്സരങ്ങൾക്ക് കേരളം വേദിയാകുമെന്നും ഇന്നലെ ഉച്ചയ്ക്ക് മാസ്‌കറ്റ് ഹോട്ടലിൽ നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.

ഹോക്കി ടർഫുകളുടെ എണ്ണത്തിലുള്ള പരിമിതി മാറ്റിനിറുത്തിയാൽ സ്റ്റേഡിയങ്ങളുടെ നിലവാരത്തിലും മറ്റ് സൗകര്യങ്ങളിലും മറ്റ് സംസ്ഥാനങ്ങളെക്കൾ കേരളം വളരെ മുന്നിലാണ്. നിലവിൽ ദേശീയ ഗെയിംസിനായി ഗോവ തയ്യാറായി കഴിഞ്ഞു. ഗോവക്ക് ശേഷം ചത്തീസ്ഗഡും ഉത്തരാഖണ്ഡും മേഘാലയുമാണ് ദേശീയ ഗെയിംസ് വേദിയായി പരിഗണിച്ചിരിക്കുന്നത്. ഇവർക്ക് ഗെയിംസ് നടത്താൻ കഴിയാതെ വരികയാണെങ്കിൽ കേരളവും പരിഗണനയിലുണ്ട്. രണ്ട് വർഷത്തിനിടെ ദേശീയ ഗെയിംസ് നടത്തണം. തയ്യാറെടുപ്പുകൾക്കും നിർമാണ പ്രവർത്തനങ്ങൾക്കും മറ്റുമായി നാലുമുതൽ അഞ്ച് വർഷം വരെ സംസ്ഥാനങ്ങൾ എടുക്കുന്നത് ശരിയായ രീതിയല്ല. 2024 ഒളിമ്പിക്സിൽ ഇരുപതിൽ കൂടുതൽ മെഡൽ നേടുകയാണ് ലക്ഷ്യം. അതിനായി ഫെൻസിങ്, നീന്തൽ, ബോക്സിങ്, സൈക്ലിങ്, ഷൂട്ടിങ്, ഗുസ്തി തുടങ്ങിയവയിൽ കൂടുതൽ ശ്രദ്ധ നൽകും. ഫെൻസിങിന് കേരളത്തിൽ കൂടുതൽ പ്രാധാന്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡൻറ് വി.സുനിൽകുമാർ സെക്രട്ടറി എസ്. രാജീവ്, ട്രഷറർ എം.ആർ. രഞ്ജിത്ത് തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ബത്രയ്ക്ക് സ്വീകരണം നൽകി

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ഡോ.നരീന്ദർ ധ്രുവ് ബത്രയ്ക്ക് കേരള ഒളിമ്പിക് അസോസിയേഷനും തിരുവനന്തപുരം ജില്ലാ ഒളിമ്പിക് അസോസിയേഷനും സംയുക്തമായി സ്വീകരണം നൽകി. ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ അധ്യക്ഷനായി.
2020 ടോക്കിയോ ഒളിമ്പിക്സിന്റെ ഭാഗ്യമുദ്ര‌യുടെ സംസ്ഥാനതല പ്രചാരണത്തിന്റെ ഉദ്ഘാടനവും ബത്ര നിർവഹിച്ചു. ദേശീയ കായിക ഇനമായ ഹോക്കിയെ പ്രോത്സാഹിപ്പിക്കാൻ കേരളത്തിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമെന്ന് ബത്ര പറഞ്ഞു.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ ബത്രയ്ക്ക് ഉപഹാരം നൽകി. ഹോക്കി ഇന്ത്യ പ്രസിഡന്റ് മുഹമ്മദ് മുഷ്താക്ക് അഹമ്മദ്, ഐ.ഒ.എ മുൻ എക്സിക്യൂട്ടിവ് അംഗം ഭോലാനാഥ് സിംഗ്, കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ, മേയർ കെ.ശ്രീകുമാർ, എൽ.എൻ.സി.പി.ഇ ആൻഡ് സായ് ഡയറക്ടർ ഡോ.ജി. കിഷോർ, ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് എസ്.എസ്. സുധീർ, ടി.ഡി.ഒ.എ. ചെയർമാൻ ബാലഗോപാൽ, കൺവീനർ ആർ.അയ്യപ്പൻ തുടങ്ങിയവർ സംസാരിച്ചു. കേരള ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എസ്.രാജീവ് സ്വാഗതവും ട്രഷറർ എം.ആർ. രഞ്ജിത്ത് നന്ദിയും പറഞ്ഞു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഇന്നലെ രാത്രി മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ 2022 ലെ ദേശീയ ഗെയിംസ് വേദിയായി കേരളത്തെ പരിഗണിക്കുന്നതായി ബത്ര അറിയിച്ചു. ഏഷ്യൻ ബീച്ച് ഗെയിംസ് ഉൾപ്പടെയുള്ള മത്സരങ്ങൾക്ക് കേരളത്തെയും വേദിയാക്കാമെന്നും അറിയിച്ച ബത്ര വിശദമായ പദ്ധതിരേഖ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് സമർപ്പിക്കാനും ആവശ്യപ്പെട്ടു.