job

തിരുവനന്തപുരം: ദേശീയ തലത്തിൽ നിന്ന് വ്യത്യസ്തമായി സംസ്ഥാനത്ത് തൊഴിൽ അന്വേഷിക്കുന്നവരുടെ എണ്ണത്തിൽ മുന്നിൽ സ്ത്രീകൾ.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 37.5 ലക്ഷം പേരാണ്. ഇതിൽ 23.70 ലക്ഷം പേർ സ്ത്രീകളാണ്. അതായത്

ആകെ തൊഴിലന്വേഷകരുടെ 63 ശതമാനവും സ്ത്രീകളാണ്. സർക്കാർ പുറത്തുവിട്ട സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. 2018ൽ 35.6 ലക്ഷമായിരുന്നു തൊഴിലന്വേഷകരുടെ എണ്ണം. എട്ട് വർഷത്തിനിടെ തൊഴിലന്വേഷകരുടെ എണ്ണത്തിൽ 5.48 ലക്ഷം പേരുടെ കുറവുണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കേരളത്തിലെ ഗ്രാമീണ,​ നഗരപ്രദേശങ്ങളിലെ സ്ത്രീ/പുരുഷ തൊഴിലില്ലായ്‌മനിരക്ക് അഖിലേന്ത്യാ ശരാശരിയെക്കാൾ വളരെ കൂടുതലാണെന്നും റിപ്പോർട്ടിലുണ്ട്. പ്രൊഫഷണൽ ബിരുദമുള്ള തൊഴിലന്വേഷകരുടെ എണ്ണം 3.82 ലക്ഷമാണ്. ഇവരിൽ 69.2 ശതമാനവും ഐ.ടി.ഐ,​ ഡിപ്ളോമ,​ എൻജിനിയറിംഗ് യോഗ്യതയുള്ളവരാണ്.

ആകെ തൊഴിന്വേഷകർ: 37.5 ലക്ഷം

എസ്.എസ്.എൽ.സി യോഗ്യതയുള്ളവർ: 56%
എസ്.എസ്.എൽ.സി മുതൽ മുകളിലോട്ട്: 91.5 %
ഹയർസെക്കൻഡറി യോഗ്യതയുള്ളവർ: 24.2 %

പ്രൊഫഷണൽ യോഗ്യതയുള്ളവർ: 3.82 ലക്ഷം

എൻജിനിയറിംഗ് ബിരുധധാരികൾ: 44,​638
മെഡിക്കൽ ബിരുദമുള്ളവർ: 8588

തലസ്ഥാനം മുന്നിൽ
പൊതുവിഭാഗത്തിലെയും പ്രൊഫഷണൽ/സാങ്കേതിക വിഭാഗത്തിലെയും തൊഴിലന്വേഷകരുടെ എണ്ണത്തിൽ 5.5 ലക്ഷം പേരുമായി തിരുവനന്തപുരം ജില്ലയാണ് ഒന്നാമത്. ഇതിൽ 3.5 ലക്ഷം പേർ സ്ത്രീകളും രണ്ട് ലക്ഷം പുരുഷന്മാരുമാണ്. രണ്ടാം സ്ഥാനത്തുള്ള കോഴിക്കോട് ജില്ലയിൽ 3.8 ലക്ഷം തൊഴിലന്വേഷകരാണുള്ളത്. ഏറ്റവും കുറവ് തൊഴിലന്വേഷകരുള്ളത് കാസർകോട് ജില്ലയിലാണ്,​ 95,002.