നെയ്യാറ്റിൻകര: തമിഴ്നാട്ടിൽ നിന്നും രാസപദാർത്ഥം കലർന്ന പച്ചക്കറി ഒഴിവാക്കാൻ അതിർത്തി ഗ്രാമങ്ങളിൽ നിരവധി പദ്ധതികളാണ് ആവിഷ്കരിച്ചത്. എന്നാൽ അതെല്ലാം ഏതാണ്ട് വാടിക്കരിഞ്ഞ മട്ടാണ്. നെയ്യാർ ഇറിഗേഷൻ കനാൽ പ്രദേശത്തെ വീട്ടുകാരെ സംയോജിപ്പിച്ച് നടപ്പാക്കിയ നീർത്തട കാർഷിക പദ്ധതിയാണ് ഏറ്റവും ഒടുവിൽ ചരമഗതിയിലായത്.

കാർഷികാവശ്യത്തിന് വേണ്ട ജലം നെയ്യാർഡാമിൽ നിന്നും തുറുന്നു വിടാത്തതാണ് പദ്ധതി പരാജയപ്പെടുവാൻ കാരണം. കൃഷി പരിപോഷിപ്പിക്കാനായി വിളവംകോട്, നെയ്യാറ്റിൻകര, താലൂക്കുകളെ സംയോജിപ്പിച്ച് കോടികൾ മുടക്കി നിർമ്മിച്ച നെയ്യാർ ഇറിഗേഷൻ കനാലുകളും അതോടനുബന്ധിച്ചുള്ള അക്വഡക്ടുകളും നാശോന്മുഖമായി മാറി. കോൺക്രീറ്റിൽ നിർമ്മിച്ച ഇറിഗേഷൻ കനാലുകളും അക്വഡക്ടുകളും ഇടിഞ്ഞു പൊളിഞ്ഞു തുടങ്ങി. നെയ്യാർഡാമിലെ ജലം മുൻകാലങ്ങളിൽ എപ്പോഴും കനാൽ വഴി തുറന്നു വിടുമായിരുന്നു. എന്നാൽ ഇന്നതില്ല. കനാൽ വഴി ജലം തുറന്നു വിടുമ്പോൾ സമീപപ്രദേശത്തെ കിണറുകൾ നിറയുകയും സമീപവാസികൾക്ക് വീട്ടാവശ്യത്തിനും കൃഷിക്കായുമുള്ള ജലം ലഭിക്കുകയും ചെയ്യുമായിരുന്നു. കനാലിൽ നിന്നും ജലം കിട്ടാതായതോടെ കനാൽ പ്രദേശത്തെ ചെറുകിട കൃഷിത്തോട്ടങ്ങൾ ഇല്ലാതായി. മഴക്കാലത്താകട്ടെ നെയ്യാർജല സംഭരണിയിൽ ഉയരുന്ന ജലം നെയ്യാർ വഴി കടലിലേക്ക് തുറന്നു വിട്ട് പാഴാക്കിക്കളയുകയാണ്. ആയതിനാൽ കനാലുകളിലേക്ക് ജലം തുറന്നു വിടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

കാർഷിക ആവശ്യത്തിനുള്ള ജലവിതരണത്തനായി 1956ലാണ് നെയ്യാർഡാം കമ്മിഷൻ ചെയ്യുകയും ഇടതുകര വലതുകര കനാലുകൾ നിർമ്മിക്കുകയും ചെയ്തത്. 44 കിലോമീറ്റർ ദൈർഘ്യത്തിൽ ഇടതുകര കനാലും 34 കിലോമീറ്റർ ദൈർഘ്യത്തിൽ വലതുകര കനാലും ഇതിലേക്കായി നിർമ്മിച്ചു. മാരായമുട്ടം, ശാസ്താന്തല, അത്താഴമംഗലം എന്നിവടങ്ങളിലായി ഏതാണ്ട് 5 അക്വഡക്ടുകളും നിർമ്മിച്ചിട്ടുണ്ട്. എന്നാൽ വെള്ളം തുറന്നുവിടാതെ ഇവയെല്ലാം വറ്റിവരണ്ട നിലയിലാണ്.

നെയ്യാർഡാമിൽ നിന്നും മുൻകാലങ്ങളിൽ സ്ഥിരമായി കൃഷി ആവശ്യത്തിന് ജലം തുറന്നു വിടാറുണ്ടെങ്കിലും കഴിഞ്ഞ പതിനഞ്ച് വർഷത്തോളമായി ജലം തുറന്നു വിടുന്നില്ലെന്ന് കൃഷിക്കാർ പറയുന്നു.

നെയ്യാർ ഇറിഗേഷൻ വകുപ്പിന്റെ കീഴിലുള്ള കനാൽവിഭാഗത്തിന്റെ മേൽനോട്ടത്തിൽ എല്ലാ വർഷവും കനാലുകൾ അറ്റകുറ്റപ്പണികൾ ചെയ്യുമായിരുന്നത് ഇപ്പോഴില്ല. ജലം തുറന്നു വിട്ടാൽ കനാൽക്കരയിൽ താമസിക്കുന്നവരുടെ പരാതി ഏറുമെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. എന്നാൽ കനാലുകൾ ജലച്ചോർച്ച ഇല്ലാതെ അറ്റകുറ്റപ്പണികൾ ചെയ്താൽ ഈ പരാതി ഒഴിവാക്കാവുന്നതേയുള്ളു. അടുത്തിടെ കനാൽക്കരയിൽ താമസിക്കന്നവരെ സംയോജിപ്പിച്ച് സംയോജിത കൃഷിക്ക് രൂപം നൽകി. സൗജന്യമായി വിത്തും വളവും നൽകി. ജലലഭ്യത ഇല്ലാതായതോടെ കൃഷികരിഞ്ഞു. കിണറുകളും വറ്റി.

സ്ഥിരമായി ജലം തുറന്നു വിടാത്തത് കാരണം മിക്ക സ്ഥലത്തേയും കനാലുകൾ മാലിന്യം കൊണ്ടിടുവാനുള്ള ഇടമായി മാറി. മാലിന്യം കൊണ്ടിടുന്നത് തടസ്സപ്പെടുത്തിയും കനാലുകൾ ഭംഗിയാം വിധം അറ്റകുറ്റപ്പണികൾ ചെയ്തും സ്ഥിരമായി ജലം തുറന്നു വിട്ടാൽ നെയ്യാറ്റിൻകര താലൂക്കിലും സമീപത്തെ ഏതാണ്ട് 12 ഓളം പഞ്ചായത്തു പ്രദേശത്തേയും ജനങ്ങൾക്ക് ആവശ്യമായ പച്ചക്കറികൾ ഇവിടെ തന്നെ ഉത്പാദിപ്പിക്കുവാനാകും.