photo

നെടുമങ്ങാട്: വാഴപ്പഴത്തിന് കടകളിൽ വിലയേറുമ്പോഴും കഷകർക്ക് കണ്ണീർ മാത്രം. ഏത്തന് 34 രൂപയാണ് ഇപ്പോഴത്തെ വിപണി വില. കടകളിൽ അമ്പതും അറുപതും ഈടാക്കുമ്പോഴാണ് കർഷകരോട് അനീതി കാട്ടുന്നത്. മകരത്തിൽ നേന്ത്രപ്പഴത്തിന് മികച്ച വില പ്രതീക്ഷിച്ച് വിളവെടുത്ത ക്വിന്റൽ കണക്കിന് നേന്ത്രക്കായ വിറ്റഴിക്കാൻ പാങ്ങില്ലാതെ ദുരിതത്തിലാണ് വാഴ കർഷകർ. കൃഷിവകുപ്പിന്റെ നിയന്ത്രണത്തിലുള്ള നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റിൽ ഹോർട്ടികോർപ്പ് നേരിട്ട് ന്യായവില നല്കി വാഴപ്പഴം ശേഖരിച്ചിരുന്നതായിരുന്നു കർഷകരുടെ ഏക ആശ്വാസം. എന്നാൽ, ഒന്നര മാസമായി ഹോർട്ടികോർപ്പും വാഴക്കുല എടുക്കാൻ കൂട്ടാക്കുന്നില്ല. ഒമ്പത് കോടി രൂപയോളം കർഷകർക്ക് വിതരണം ചെയ്യാനുണ്ടെന്നും ഈ തുക കൊടുത്ത ശേഷം വാഴക്കുല സംഭരിക്കാമെന്നുമാണ് വേൾഡ് മാർക്കറ്റ് അധികൃതരുടെ വിശദീകരണം. അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഗുണമേന്മ കുറഞ്ഞ വാഴക്കുലകൾ യഥേഷ്ടം ഇറക്കുമതി ചെയ്യുന്നതും പ്രാദേശിക കർഷകർക്ക് തിരിച്ചടിയാണ്. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ജൈവഗ്രാമത്തിൽ എത്തുന്ന വാഴക്കുലകളും സംഭരിക്കാൻ അധികൃതർ വിമുഖത കാട്ടുകയാണെന്ന് ആക്ഷേപമുണ്ട്. ആനാട്ടും കരകുളത്തും ജനകീയമായി ആരംഭിച്ച ആഴ്ചച്ചന്തകളിൽ ഏത്ത വാഴക്കുലകളുടെ പ്രവാഹമായിരുന്നു. കൃഷിഭവനുകൾ നേതൃത്വം നല്കുന്ന ഇക്കോഷോപ്പിന്റെ പ്രവർത്തകർ അടിസ്ഥാന വില നല്കി കുലകൾ ഏറ്റെടുത്ത് ഗ്രാമപ്പഞ്ചായത്തുകളിലെ ഉൾപ്രദേശങ്ങൾ തോറും കൊണ്ടുനടന്നു വിറ്റു തീർക്കേണ്ട അവസ്ഥയാണ്. ഇക്കോഷോപ്പുകൾ നാൽപ്പത്തിമൂന്നു രൂപ നിരക്കിൽ ലേലം കൊണ്ടുവെങ്കിലും കടക്കാർ ഏറ്റെടുക്കാൻ കൂട്ടാക്കുന്നില്ലെന്നാണ് പരാതി.

 പ്രതിസന്ധി കടക്കാൻ കഴിയാതെ

ഓണക്കാലത്ത് ആരംഭിച്ച വിലയിടിവാണ് ഇപ്പോൾ പാരമ്യത്തിലെത്തിയത്. ഓണം സീസണിൽ ക്വിന്റലിന് 5,000 രൂപ ലഭിച്ചിരുന്നത് ഇത്തവണ 3,600 ൽ ഒതുങ്ങി. കഴിഞ്ഞദിവസം നേന്ത്രപ്പഴം ക്വിന്റലിന് വെറും ആയിരം രൂപയാണ് ലഭിച്ചത്. പ്രതിസന്ധി മറികടക്കാൻ കൃഷിമന്ത്രി ഇടപെട്ട് ഹോർട്ടി കോർപ്പ് വഴി വാഴക്കുലകൾ സംഭരിക്കാൻ നിർദേശം ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് നെടുമങ്ങാട് വേൾഡ് മാർക്കറ്റിൽ വാഴക്കുലയ്ക്ക് സ്റ്റോപ്പ് മെമ്മോ ലഭിച്ചത്. വാഴകർഷകരുടെ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർക്ക് റിപ്പോർട്ട് നല്കുമെന്നും നെടുമങ്ങാട് അസിസ്റ്റന്റ് അഗ്രികൾച്ചർ ഡയറക്ടർ ആന്റണി റോസ് കേരളകൗമുദിയോട് പറഞ്ഞു.

ഏത്തക്കുല ഏറ്റെടുക്കാൻ ആളില്ല

നെടുമങ്ങാട് വേൾഡ് മാർക്കറ്റും കൈമലർത്തി
കർഷകർക്ക് ലഭിക്കാനുള്ള കുടിശിക - 8.75 കോടി

 അയൽ സംസ്ഥാനത്ത് നിന്നും ഇറക്കുമതി തകൃതി

ഇനം.......... വിപണി വില................ കർഷകന് ലഭിക്കുന്നത് ഏത്താൻ....... -50 ........................... 30 കപ്പ .................. 50 ...........................-38 രസകദളി, പൂവൻ - ...........50.............................28 പാളയൻതോടാൻ - 30 .................-10

പ്രതികരണം
-------------------
''വേനൽ കടുത്തതോടെ വാഴക്കുലകളും പച്ചക്കറികളും വിളവെടുപ്പ് സജീവമായിട്ടുണ്ട്. ന്യവില ഉറപ്പാക്കാൻ കൃഷിവകുപ്പും തദ്ദേശസ്ഥാപനങ്ങളും അടിയന്തര നടപടി സ്വീകരിക്കണം. നെടുമങ്ങാട് വേൾഡ് മാർക്കറ്റിൽ ഹോർട്ടി കോർപ്പ് വാഴക്കുല സംഭരിക്കുന്നത് പുനരാംരംഭിക്കണം. വാങ്ങാനാളുണ്ടെങ്കിൽ എത്ര വേണമെങ്കിലും വിപണിയിൽ എത്തിക്കാനും കർഷകർക്ക് സാധിക്കും""

പ്രമോദ് (സെക്രട്ടറി,ഇക്കോഷോപ്പ്,ആനാട്)