പാറശാല: സർക്കാരിന്റെ ലഹരി വർജ്ജന മിഷൻ പദ്ധതിയായ വിമുക്തിയുടെ ഭാഗമായി "നാളത്തെ കേരളം ലഹരിമുക്ത കേരളം" എന്ന ബോധവത്കരണ സന്ദേശവുമായി അമരവിള എക്സൈസ് റെയ്ഞ്ചിന്റെ ഗൃഹസമ്പർക്ക പരിപാടി ഗാന്ധിയൻ പി. ഗോപിനാഥൻ നായർ ഉദ്ഘാടനം ചെയ്തു. പാറശാല ശിവാനന്ദൻ പിള്ളയുടെ വസതിയിൽ നടന്ന ചടങ്ങിൽ പാറശാല ഗവ.വി ആൻഡ് എച്ച്.എസ്.എസ് പി.ടി.എ വൈസ് പ്രസിഡന്റ് ജയറാം അദ്ധ്യക്ഷത വഹിച്ചു. പാറശാല സർക്കിൾ ഇൻസ്പെക്ടർ കണ്ണൻ, പാറശാല ഗ്രാമ പഞ്ചായത്ത് അംഗംങ്ങളായ പി.എ. നീല, ഗിരിജ, സ്കൂൾ പ്രിൻസിപ്പൽ ചന്ദ്രിക എന്നിവർ സംസാരിച്ചു. അമരവിള എക്സൈസ് ഇൻസ്പെക്ടർ അജീഷ് എൽ.ആർ. ലഹരി വിരുദ്ധ സന്ദേശം നൽകി. തുടർന്ന് ജനപ്രതിനിധികളും അദ്ധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും എക്സൈസ് ഉദ്യോഗസ്ഥരും ചേർന്ന് റെയ്ഞ്ചിന്റെ പരിധിയിലെ വിവിധ മേഖലകളിൽ ഗൃഹസമ്പർക്കം നടത്തി. ഗൃഹസമ്പർക്ക വേളയിൽ ലഹരിക്ക് അടിമയായ പാറശാല മുര്യങ്കര സ്വദേശി രാജുവിനെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെ വിമുക്തി ലഹരി ചികിത്സാ കേന്ദ്രത്തിൽ എത്തിച്ചു.