കുളത്തൂർ: സ്‌കൂൾ ഡേയിൽ പങ്കെടുക്കാനെത്തിയ പൊലീസുകാരന്റെ കാർ ഇടിച്ചത് ചോദ്യം ചെയ്‌ത കാർ ഉടമയ്‌ക്ക് നേരെ പൊലീസുകാരന്റെ അസഭ്യവർഷം. കഴിഞ്ഞദിവസം കഴക്കൂട്ടത്തിന് സമീപമാണ് സംഭവം. സ്‌കൂൾ ഡേയ്ക്ക് മക്കൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ ആസ്വദിക്കാനാണ് നഗരത്തിലെ പൊലീസ് സ്റ്റേഷനിൽ എ.എസ്.ഐ വന്നത്. ഡ്യൂട്ടി കഴിഞ്ഞശേഷം മദ്യലഹരിയിലാണ് എ.എസ്.ഐ സ്‌കൂളിലെത്തിയത്. ആഘോഷം തീരുന്നതിന് മുമ്പ് ഭാര്യയ്‌ക്കും മക്കൾക്കുമൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്കുളം ബൈപാസ് റോഡിന് സമീപം പാർക്ക് ചെയ്‌തിരുന്ന കാർ മുന്നോട്ടെടുക്കുന്നതിനിടെ മറ്റൊരു കാറിലിടിച്ചത്. എന്തുപറ്റിയെന്ന ചോദ്യവുമായെത്തിയ കാർ ഉടമയോട് ആക്രോശിച്ചെത്തിയ എ.എസ്.ഐ ' എന്റെ കാറിന് മുന്നിൽ കാർ കൊണ്ടിടാൻ താനാരാ ' എന്ന് ചോദിച്ച് ബഹളം വച്ചു. സംഭവമറിഞ്ഞ് നാട്ടുകാർ ഓടിക്കൂടി. പൊലീസ് ഉദ്യോഗസ്ഥൻ മദ്യലഹരിയിലാണെന്ന് മനസിലാക്കിയ നാട്ടുകാർ തുമ്പ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ തുമ്പ പൊലീസിന്റെ സാന്നിദ്ധ്യത്തിൽ കാറിനുണ്ടായ തകരാർ സ്വന്തം ചെലവിൽ പരിഹരിക്കാമെന്ന് എ.എസ്.ഐ സമ്മതിച്ചു. എന്നാൽ മദ്യലഹരിയിൽ അലഷ്യമായി വാഹനമോടിച്ച ഇയാൾക്കെതിരെ കേസെടുത്തതായി തുമ്പ പൊലീസ് അറിയിച്ചു.