കിവീസിൽ അഞ്ച് ട്വന്റി 20 കളുടെ പരമ്പര
തൂത്തുവാരി ഇന്ത്യ
അവസാന മത്സരത്തിൽ ഇന്ത്യൻ വിജയം ഏഴ് റൺസിന്
ബുംറ മാൻ ഒഫ് ദ മാച്ച്, രാഹുൽ മാൻ ഒഫ് ദ സിരീസ്
മൗണ്ട് മൗംഗാനുയ് : ചരിത്രത്തിലാദ്യമായി വിദേശമണ്ണിൽ അഞ്ച് ട്വന്റി 20 കളുടെ പരമ്പര തൂത്തുവാരി ഇന്ത്യ ഇന്നലെ ന്യൂസിലൻഡിനെ അഞ്ചാം മത്സരത്തിൽ ഏഴ് റൺസിന് കീഴടക്കിയാണ് ഇന്ത്യ പരമ്പരയ്ക്ക് പഞ്ചാമൃതത്തിന്റെ മാധുര്യമേകിയത്.
കഴിഞ്ഞ മത്സരങ്ങളിലേതുപോലെ വിജയത്തിന് അടുത്തെത്തി തകർന്നുവീഴുകയായിരുന്നു അവസാന ട്വന്റി 20 യിലും ന്യൂസിലൻഡ്. മൗണ്ട് മൗംഗാനുയിയിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയത് 163/3 എന്ന സ്കോർ മറുപടിക്കിറങ്ങിയ കിവീസ് 12.3 ഒാവറിൽ 116/3 എന്ന നിലയിലായിരുന്നു. എന്നാൽ തുടർന്ന് ചീട്ടുകൊട്ടാരം പോലെ വിക്കറ്റുകൾ പൊഴിഞ്ഞപ്പോൾ 156/9 എന്ന സ്കോറിൽ ഇന്നിംഗ്സ് അവസാനിപ്പിക്കേണ്ടിവന്നു.
സ്ഥിരം നായകൻ വിരാട് കൊഹ്‌ലിക്ക് വിശ്രമം നൽകിയപ്പോൾ ഇന്നലെ ഇന്ത്യയെ നയിച്ച രോഹിത് ശർമ്മയും (60 റിട്ടയേഡ് ഹർട്ട്), ഒാപ്പൺ കെ.എൽ. രാഹുലും (45), ശ്രേയസ് അയ്യരും (33 നോട്ടൗട്ട്) ബാറ്റിംഗിൽ കാട്ടിയ മികവാണ് ഇന്ത്യയെ 163 ലെത്തിച്ചത്. ഒാപ്പണറായി ഒരിക്കൽകൂടി അവസരം ലഭിച്ച മലയാളിതാരം സഞ്ജു സാംസൺ അഞ്ച് പന്തുകളിൽ രണ്ട് റൺസ് മാത്രമെടുത്ത് സുവർണാവസരം പാഴാക്കി മടങ്ങി. രോഹിത് ശർമ്മ കാൽവണ്ണയ്ക്ക് പരിക്കേറ്റ് മടങ്ങിയതാണ് ഇന്ത്യയുടെ സ്കോറിംഗ് റേറ്റ് കുറച്ചത്.
മറുപടിക്കിറങ്ങിയ കിവീസിനെ ആദ്യ ഒാവറുകളിലും അവസാന ഒാവറുകളിലും ജസ‌്‌പ്രീത് ബുംറ നിറുത്തിപ്പൊരിച്ചതാണ് കളിയിൽ വഴിത്തിരിവായത്. നാലോവറുകൾ എറിഞ്ഞ ബുംറ ഒരു മെയ്ഡനടക്കം 12 റൺസ് വഴങ്ങി നേടിയത് മൂന്ന് വിക്കറ്റുകളാണ്. ആദ്യ സ്‌പെല്ലൽ ഗപ്ടിലിനെ (2) പുറത്താക്കിയ ബുംറ 19-ാം ഒാവറൽ ഡാരിൽ മിച്ചലിനെയും (2), ടിം സൗത്തിയെയും പുറത്താക്കിയതോടെ കിവീസ് ചേസിംഗിന്റെ മുനയൊടിഞ്ഞു. ശിവം ദുബെയെ ഒരോവറിൽ 34 റൺസിന് ശിക്ഷിച്ചതുൾപ്പെടെ അർദ്ധ സെഞ്ച്വറികൾ നേടിയ ടിം സീഫർട്ടും (50), റോസ് ടെയ്‌ലറും (53) ചേർന്നാണ് കിവീസിന്റെ ചേസിംഗിന് മുന്നിൽ നിന്നത്. മറ്റുള്ളവരെ നിർവീര്യരാക്കാൻ കഴിഞ്ഞതാണ് ഇന്ത്യൻ വിജയത്തിന് വഴിമരുന്നിട്ടത്. യുവപേസർമാരായ ശാർദ്ദൂൽ താക്കൂറും നവ്‌ദീപ സെയ്നിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ വാഷിംഗ്ടൺ സുന്ദർ ഒരു വിക്കറ്റ് വീഴ്ത്തി. ടോം ബ്രൂസിനെ തകർപ്പൻ ഫീൽഡിംഗിലൂടെ സഞ്ജു റൺ ഒൗട്ടാക്കി. ബൗണ്ടറി ലൈനിനരികിൽ സിക്‌സെന്നുറപ്പിച്ച ഷോട്ട് പറന്നുതടുത്തും സഞ്ജു ശ്രദ്ധയാകർഷിച്ചു. പരിക്കിൽനിന്ന് മോചിതനാകാത്ത കേൻവില്യംസൺ ഇന്നലെയും കളത്തിലിറങ്ങിയില്ല. സൗത്തിയാണ് ടീമിനെ നയിച്ചത്.
ഗപ്ടിൽ (2), മൺറോ (15), ബ്രൂസ് (0) എന്നിവർ നാലാം ഒാവറിനകം പുറത്തായതോടെ കിവീസ് 17/3 എന്ന നിലയിലായിരുന്നു. തുടർന്ന് സീഫർട്ടും ടെയ്‌ലറും ചേർന്ന് 116/4 ലെത്തിച്ചു. പിന്നീട്
സീഫർട്ട്,
സാന്റ്‌നർ (6), കുഗെയ്‌ലിൻ (0) ഡാരിൽ മിച്ചൽ (2), ടെയ്‌ലർ , സൗത്തീ എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായത് കിവീസിനെ തോൽവിയിലെത്തിച്ചു.