മെൽബൺ : നാലുമണിക്കൂറോളം നീണ്ട ആകാംക്ഷയ്ക്ക് വിരാമമിട്ട് മെൽബണിൽ നൊവാക്ക് ജോക്കോവിച്ച് എന്ന സെർബിയൻ രാജാവിന്റെ എട്ടാം പട്ടാഭിഷേകം.
ഇന്നലെ 26 കാരനായ ആസ്ട്രിയൻ താരം ഡൊമിനിക് തീമിനെ അഞ്ചുസെറ്റ് പോരാട്ടത്തിൽ 6-4, 4-6, 2-6, 6-3, 6-4 എന്ന സ്കോറിന് തോൽപ്പിച്ചാണ് 32 കാരനായ നൊവാക്ക് ഇക്കുറിയും ആസ്ട്രേലിയൻ ഒാപ്പണിലെ അവസാന വാക്കായത്. 12 കൊല്ലം മുമ്പ് ആദ്യമായി മെൽബണിൽ പുരുഷ സിംഗിൾസ് ചാമ്പ്യനായ നൊവാക്കിന്റെ ഇവിടത്തെ എട്ടാം കിരീടമാണിത് . ഇൗ വിജയത്തോടെ നൊവാക്ക് റാഫേൽ നദാലിനെ മറികടന്ന് ലോക റാങ്കിംഗിലെ ഒന്നാംസ്ഥാനത്തേക്ക് തിരിച്ചെത്തുകയും ചെയ്തു.
സെമിയിൽ സാക്ഷാൽ റോജർ ഫെഡററെ ഇൗസിയായി മറികടന്നിരുന്ന നൊവാക്കിന് കടുത്ത വെല്ലുവിളിയാണ് തീം ഒരുക്കിയത്. 6-4ന് ആദ്യസെറ്റ് നൊവാക്ക് സ്വന്തമാക്കിയപ്പോൾ രണ്ടും മൂന്നും സെറ്റുകൾ തുടർച്ചയായി നേടിയാണ് ഡൊമിനിക്ക് ആരാധകരുടെ നെഞ്ചിടിപ്പേറ്റിയത്. എന്നാൽ നാലും അഞ്ചും സെറ്റുകളിൽ തിരിച്ചടിച്ച് നൊവാക്ക് പരിചയസമ്പത്തിന്റെ പരിച ഉയർത്തിയപ്പോൾ കന്നി ഗ്രാൻസ്ളാം കിരീടമെന്ന തീമിന്റെ മോഹം തകർന്നുടയുകയായിരുന്നു.
17
നൊവാക്കിന്റെ കരിയറിലെ 17-ാം ഗ്രാൻസ്ളാം കിരീടമാണിത്. പുരുഷ സിംഗിൾസിൽ ഫെഡററും (20), റാഫേൽ നദാലും (19) മാത്രമേ ഇക്കാര്യത്തിൽ നൊവാക്കിന് മുന്നിലുള്ളു.
8
ആസ്ട്രേലിയൻ ഒാപ്പണിൽ നൊവാക്ക് പുരുഷ ചാമ്പ്യനാകുന്നത് എട്ടാം തവണയാണ്. ഒരു ഗ്രാൻസ്ളാമിൽ എട്ട് തവണ ജേതാവാകുന്ന മൂന്നാമത്തെ താരമാണ് നൊവാക്ക്. ഇക്കാര്യത്തിലും ഫെഡററും (വിംബിൾഡണിൽ എട്ട് തവണ) നദാലുമാണ് (ഫ്രഞ്ച് ഒാപ്പണിൽ 12 തവണ) മുൻഗാമികൾ.
3
തന്റെ കരിയറിലെ മൂന്നാമത്തെ ഗ്രാൻസ്ളാം ഫൈനലിലാണ് ഡൊമിനിക് തീം തോൽക്കുന്നത്.
1-2
ന് പിന്നിൽ നിന്നശേഷം ഒരു ഗ്രാൻസ്ളാം ഫൈനലിൽ നൊവാക്ക് ജയിക്കുന്നത് ഇതാദ്യം.
നൊവാക്കിന്റെ
ആസ്ട്രേലിയൻ
കിരീടങ്ങൾ
2008
2011
2012
2013
2015
2016
2019
2020
ഡൊമിനിക്, നിനക്ക് ഇന്ന് ജയിക്കാൻ കഴിഞ്ഞില്ലായിരിക്കാം. പക്ഷേ കിരീടത്തിന് അടുത്തുവരെ എത്തിയിരുന്നു. സാരമില്ല സുഹൃത്തേ; കാലം ഒന്നല്ല, ഒരുപാട് ഗ്രാൻസ്ളാം കിരീടങ്ങളുമായി നിന്നെ കാത്തിരിക്കുന്നു.
നൊവാക്ക് ജോക്കോവിച്ച്
നൊവാക്കും റാഫയും ഫെഡററും ചേർന്ന് പുരുഷ ടെന്നിസിനെ വേറെ ലെവലാക്കി മാറ്റിയിരിക്കുന്നു. നിങ്ങളുടെ കാലഘട്ടത്തിൽ കളിക്കാൻ കഴിയുന്നതുതന്നെ ഞാൻ ഭാഗ്യമായി കരുതുന്നു.
ഡൊമിനിക് തീം