കടുത്ത സാമ്പത്തിക വ്യഥകൾക്ക് നടുവിൽ നിർമ്മല സീതാരാമൻ അവതരിപ്പിച്ച രണ്ടാം ബഡ്ജറ്റിൽ നിരവധി ആശാവഹമായ കാര്യങ്ങളുണ്ട്.ചില ന്യൂനതകളും.
ഒന്നാമത് ഈ ബഡ്ജറ്റിനൊരു ചട്ടക്കൂടുണ്ട്. ആശയപരമായ കവചമണിഞ്ഞിട്ടുവേണം ആയുധമെടുക്കാൻ എന്നുള്ള ആഹ്വാനം ചെവിക്കൊണ്ട്, സാമ്പത്തിക യുദ്ധത്തിന് ഇറങ്ങിപ്പുറപ്പെടുന്ന ധനമന്ത്രിയെ ബഡ്ജറ്റിൽ കാണാം. ഇതിവൃത്തങ്ങൾ പ്രത്യാശ നിറഞ്ഞ ഇന്ത്യ, എല്ലാവർക്കും സാമ്പത്തിക വികസനം, സാമൂഹ്യ സുരക്ഷ എന്നിവയാണെന്ന് വ്യക്തമാക്കി അവയുടെ സാക്ഷാത്കരണത്തിനുള്ള കർമ്മപരിപാടികൾ അക്കമിട്ട് നിരത്തുന്നു.
കാർഷിക-ഗ്രാമീണ മേഖല
ബഡ്ജറ്റിൽ ഊന്നൽ നൽകിയിട്ടുള്ളത് ഗ്രാമീണ ഭാരതത്തിന്റെ വറുതി ശമിപ്പിക്കാനുള്ള നിർദ്ദേശങ്ങൾക്കാണ്. 16 കർമ്മബിന്ദുക്കളിൽ തിളക്കമാർന്നത് കാർഷിക ഉത്പന്നങ്ങളുടെ സ്ഥല - കാലപരിമിതികൾ മറികടക്കാനുള്ള നടപടികളായ കിസാൻ ട്രെയിൻ, കൃഷി ഉദ്ധാൻ എന്നീ റെയിൽ - വിമാന സൗകര്യങ്ങൾ ഒരുക്കുന്നതുതന്നെ. ജല ഞെരുക്കമുള്ള 100 ജില്ലകളിലെ കാർഷിക അഭിവൃദ്ധിക്കായുള്ള സമഗ്ര പദ്ധതി, വില്ലേജ് തലത്തിൽ പടുത്തുയർത്തപ്പെടുന്ന സംഭരണ ശാലകൾ, ക്ഷീര - മത്സ്യ മേഖലകളുടെ ശക്തി വർദ്ധിപ്പിക്കൽ, 15 ലക്ഷം കോടി രൂപയുടെ വായ്പ തരപ്പെടുത്തൽ എന്നിങ്ങനെയുള്ള നടപടികൾ ഗ്രാമീണ മേഖലയ്ക്ക് താങ്ങാവും. മൊത്തം ബഡ്ജറ്റ് ചെലവിന്റെ ഏകദേശം 9 ശതമാനം വരുന്ന 2.83 ലക്ഷം കോടി രൂപ ഇതിനായി നീക്കിവച്ചിരിക്കുന്നു.
പശ്ചാത്തല സൗകര്യ വികസനം
മറ്റൊരു പ്രധാന നീക്കം പശ്ചാത്തല സൗകര്യ വികസനത്തിന് നൽകിയിട്ടുള്ള ഊന്നലാണ്. ബഡ്ജറ്റിന് തൊട്ട് മുൻപ് പ്രഖ്യാപിക്കപ്പെട്ട, ദേശീയ അടിസ്ഥാന സൗകര്യ ശൃംഖലയെന്ന അഞ്ച് വർഷം കൊണ്ട് പൂർത്തിയാകുന്ന പദ്ധതിക്ക് വേണ്ട 103 ലക്ഷം കോടി രൂപയെന്ന ഭീമൻ സംഖ്യ സമാഹരിക്കാനുള്ള മാർഗങ്ങൾ ബഡ്ജറ്റിൽ വ്യക്തമാക്കുന്നത് മുന്നോട്ടുള്ള പ്രയാണത്തിന് സഹായകരമാകും. ഗതാഗത വികസനത്തിന് 1.7 ലക്ഷം കോടി രൂപയും ഇൗ മേഖലയ്ക്കായി 40,740 കോടി രൂപയും നീക്കിവച്ചിട്ടുള്ളത് ശക്തിപകരും.
വിദ്യാഭ്യാസ മേഖല
വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉയർത്താനും, ഡോക്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കാനുമുള്ള നിർദ്ദേശങ്ങൾ ശരിയായ ദിശയിലുള്ളതാണ്. ബ്രിഡ്ജ് കോഴ്സുകളിലൂടെയും, നൈപുണ്യദായക പരിപാടികളുടെയും സഹായത്തോടെ ബിരുദധാരികളെ ജോലിക്ക് സജ്ജരാക്കും.
വ്യവസായ മേഖല
ലാഭവിഹിതത്തിൻ മേൽ കമ്പനികൾ നൽകേണ്ട നികുതി ഇല്ലാതാക്കിയതും, കോർപ്പറേറ്റ് ബോണ്ടുകളിലെ വിദേശ നിക്ഷേപ പരിധി ഉയർത്തിയതും വ്യവസായ മേഖലയ്ക്ക് ഗുണം ചെയ്യും.ചെറുകിട - കുഞ്ഞു സംരംഭങ്ങളുടെ രക്ഷയ്ക്കായി വിദേശ ഉത്പന്നങ്ങളിന്മേലുള്ള നികുതി ഉയർത്തിയതും, ഓഡിറ്റിംഗ് ബാദ്ധ്യതയുടെ പരിധി വർദ്ധിപ്പിച്ചതും, കൂടുതൽ മൂലധനം സ്വരൂപിക്കാനുള്ള അവസരം ഒരുക്കിയതും ഈ മേഖലയ്ക്ക് ഗുണകരമാകും.
ന്യൂനതകളുടെ പട്ടിക
ലോകത്ത് ഏറ്റവും കൂടുതൽ ചെറുപ്പക്കാരുള്ള രാജ്യം ഇന്ത്യയാണെന്ന് പറയുന്ന ധനമന്ത്രി എത്ര തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് വ്യക്തമാക്കുന്നില്ല. പ്രത്യക്ഷമായ പരിപാടികളിലൂടെ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന കാര്യം വേണ്ടത്ര പരിഗണിച്ചില്ല.
ഉപഭോഗച്ചെലവിലെ മുരടിപ്പാണ് വളർച്ചയ്ക്ക് വിഘാതമാകുന്നതെന്ന് വ്യക്തമാക്കിയിട്ടും, ഈ വഴിക്ക് ഇതിനകം തന്നെ വിജയം വരിച്ച പദ്ധതികൾക്ക് അർഹിക്കുന്ന പ്രാധാന്യം നൽകിയില്ല.
തൊഴിലുറപ്പ് പദ്ധതിക്ക് ബഡ്ജറ്റ് വിഹിതം ഉയർത്തുന്നതിന് പകരം, താഴ്ത്തുകയാണുണ്ടായത്. കഴിഞ്ഞ വർഷം 71,000 കോടി രൂപ നീക്കിവച്ച സ്ഥാനത്ത് ഈ വർഷം 61,500 കോടി രൂപ മാത്രം
ദുർബല കർഷകർക്ക് നേരിട്ട് 6000 രൂപ നൽകുന്ന പദ്ധതിയായ 'പ്രധാൻമന്ത്രി കിസാൻ" ഗ്രാമീണ മേഖലയ്ക്ക് ഗുണം ചെയ്യുമെന്നത് ഇതിനകം തെളിഞ്ഞ വസ്തുതയാണ്. കഴിഞ്ഞ വർഷം ഇതിലേക്കായി നീക്കിവച്ച 75,000 കോടി രൂപയിൽ 54,370 കോടി രൂപ മാത്രം ചെലവഴിച്ചുവെന്നത് നടത്തിപ്പിലെ പോരായ്മകൾ കാരണമായിരുന്നു. പക്ഷേ കഴിഞ്ഞ വർഷത്തെ തുകയിൽ നിന്ന് വർദ്ധനവുണ്ടാകാത്തത് പരിമിതിയാകുന്നു.
രണ്ട് വർഷത്തിനുള്ളിൽ കർഷക വരുമാനം ഇരട്ടിപ്പിക്കുമെന്നത് പ്രാവർത്തികമാകണമെങ്കിൽ കാർഷിക മേഖലയുടെ ഇന്നത്തെ വളർച്ചാനിരക്കായ 3 ശതമാനമെന്നത് മൂന്ന് മടങ്ങ് വർദ്ധിക്കേണ്ടതുണ്ട്. അതിനുള്ള സാദ്ധ്യത വിരളമാണെന്നതുകൊണ്ടുതന്നെ വരുമാനം ഇരട്ടിപ്പിക്കൽ നടക്കാത്ത സ്വപ്നമായി മാറാനാണ് സാദ്ധ്യത.