തിരുവനന്തപുരം: വിവാഹത്തിനും ഗൃഹപ്രവേശത്തിനുമൊക്കെ ക്ഷണിച്ചില്ലെങ്കിലും അതിഥികളായി എക്സൈസ് ഉദ്യോഗസ്ഥർ ഇനി വീടുകളിലെത്തും!! ആഘോഷവേളകളിൽ മദ്യത്തിന്റെയും മറ്ര് ലഹരി വസ്തുക്കളുടെ ഉപഭോഗം കുറയ്ക്കാനും ബോധവത്കരണത്തിനുമാണ് വരുന്നത്. മദ്യത്തിന്റെയും ലഹരിവസ്തുക്കളുടെയും വ്യാപനം തടയാൻ നടപ്പാക്കിവരുന്ന വിമുക്തി പദ്ധതിയുടെ ഭാഗമാണിത്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മറ്റും വിവാഹസത്കാരവും ഗൃഹപ്രവേശം പോലുള്ള ചടങ്ങുകളും ഉത്സവാഘോഷങ്ങളുമാണ് പുതുതലമുറയെ മദ്യപിക്കാനും ലഹരി ഉപയോഗിക്കാനും പലപ്പോഴും പ്രേരിപ്പിക്കുന്നത്. വീര്യം കൂട്ടാൻ വ്യാജമദ്യം നിർമ്മിച്ച് ആഘോഷിക്കുന്നവരും കുറവല്ല. ഇത് ദുരന്തങ്ങൾക്ക് വഴിവയ്ക്കാനുളള സാദ്ധ്യതയും ഏറെയാണ്. അത് തടയുകയാണ് ലക്ഷ്യം. എക്സൈസ് റേഞ്ച് ഓഫീസുകളിലും വിമുക്തി പ്രവർത്തന ചുമതലയുള്ളവരും സിവിൽ എക്സൈസ് ഓഫീസർമാരും ഗൃഹസമ്പർക്ക പരിപാടിയിൽ പങ്കെടുക്കും.
ആഘോഷങ്ങളെ തടസപ്പെടുത്തുകയോ ആരെയും ബുദ്ധിമുട്ടിക്കുകയോ അല്ല ഗൃഹസമ്പർക്ക പരിപാടിയുടെ ലക്ഷ്യം. മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും ദൂഷ്യവശങ്ങളെപ്പറ്റി ബോധവത്കരിക്കുകയും പുതിയതലമുറയെ നേർവഴിക്ക് നയിക്കുകയുമാണ് ഉദ്ദേശം. എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾക്കൊപ്പം ബോധവത്കരണം കൂടി നടത്തിയാലേ ലഹരിയെ പിടിച്ചുകെട്ടാനാവുകയുള്ളൂ.
ജോയിന്റ് എക്സൈസ് കമ്മിഷണർ, എൻഫോഴ്സ്‌മെന്റ് വിഭാഗം