malayali-students

തിരുവനന്തപുരം: വിദ്യാഭ്യാസം പൂർത്തിയാകുന്നതിന് മുമ്പ് പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചയപ്പിക്കുന്ന രീതി മറ്റ് സംസ്ഥാനങ്ങളിൽ പെരുകുമ്പോൾ കേരളത്തിലെ പെൺകുട്ടികൾ പഠന വഴിയിലൂടെ നടന്ന് ഇന്ത്യയിൽ ഒന്നാമതെത്തി! സംസ്ഥാനത്തെ പെൺകുട്ടികളിൽ 99.5 ശതമാനം പേരും പ്ളസ് ടു വിദ്യാഭ്യാസം നേടിയവരാണ്. തുടർന്ന് പ്രൊഫഷണൽ കോഴ്സുകളിലും ബിരുദാനന്തര ബിരുദ പഠനത്തിലുമെല്ലാം മലയാളി പെൺകുട്ടികളുടെ മുന്നേറ്റമാണ്. നാഷണൽ സാമ്പിൾ സർവേ പുറത്തുവിട്ട കണക്കിലാണ് കേരളത്തിന് സബാഷ് പറയുന്നത്. ദേശീയതലത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസക്കണക്ക് 77.5ശതമാനമാണ്. ആ സ്ഥാനത്താണ് കേരളത്തിലെ പെൺകുട്ടികൾ 99.5 ശതമാനത്തിലേക്ക് കുതിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ സ്‌കൂളുകളിൽ പ്രീ പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളിൽ 60 ശതമാനം പേരും പെൺകുട്ടികളാണ്. ദേശീയതലത്തിൽ ഈ കണക്ക് 32.1 ശതമാനം മാത്രമാണ്.കേന്ദ്ര സർക്കാരിന്റെ സ്റ്റാറ്റിസ്റ്റിക്സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയമാണ് സർവേ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പെൺകുട്ടികളുടെ വിവാഹപ്രായം നിർണയിക്കുന്നതിന് ദൗത്യസംഘം രൂപീകരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബഡ്ജറ്റിൽ പ്രഖ്യാപിച്ചത്. 2001ൽ 18 ആയിരുന്നു പെൺകുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം. 2011ൽ 19 ആയി ഉയർത്തി. പുരുഷൻമാരുടെ വിവാഹ പ്രായം 2001ൽ 22 ആയിരുന്നത് 2011 ആയപ്പോൾ 23 ആയി ഉയർത്തി.

ഏകദേശം 33.3 ലക്ഷം പേരാണ് 2014-15 വർഷത്തിൽ ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം നേടിയത്. ഇതിൽ 17.9 ലക്ഷം ആൺകുട്ടികളും 15.4 ലക്ഷം പെൺകുട്ടികളുമാണ്. മാനവ വിഭവശേഷി മന്ത്രാലയം പുറത്തുവിട്ട ഉന്നത വിദ്യാഭ്യാസത്തെ സംബന്ധിച്ച സർവേയിലെ കണക്കാണിത്. അതിനുശേഷം പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന്റെ തോത് കൂടിയെങ്കിലും കേരളത്തിനൊപ്പം ഒരു സംസ്ഥാനത്തിനും എത്താനായിട്ടില്ല.

മാനവ വിഭവശേഷി വകുപ്പ് പുറത്തുവിട്ട കണക്കനുസരിച്ച് ബിരുദാനന്തര ബിരുദ കോഴ്സുകളിൽ 49 ശതമാനം ആൺകുട്ടികളും 51 ശതമാനം പെൺകുട്ടികളും പ്രവേശനം നേടുന്നു. പെൺകുട്ടികൾ കൂടുതലും മാനവിക വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇഷ്ടപ്പെടുന്നത്. 38 ശതമാനം പെൺകുട്ടികളും മാനവിക വിഷയങ്ങൾ തിരഞ്ഞെടുക്കുമ്പോൾ 28 ശതമാനം ആൺകുട്ടികളാണ് ഈ വിഷയത്തിൽ പ്രവേശനം നേടുന്നത്.

തൊഴിലിലും കുതിപ്പ്

2015 മാർച്ചിൽ ഇന്ത്യസ്‌പെൻഡ് പുറത്തുവിട്ട റപ്പോർട്ടിൽ ഇന്ത്യയിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം കുറഞ്ഞുവരുന്നതായി കണ്ടെത്തിയിരുന്നു. എന്നാൽ, 2019 ൽ സ്ഥിതി നേരെ മറിച്ചായി. സ്ത്രീകൾ തൊഴിൽ മേഖലയിൽ കൂടുതലായി ആധിപത്യം സ്ഥാപിച്ചിരിക്കുന്നു. മാത്രമല്ല, സകലമേഖലകളിലും പെൺകരുത്ത് പ്രകടമാണെന്നാണ് പുതിയ റിപ്പോർട്ടിൽ പറയുന്നത്.

സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 1991ൽ 35 ശതമാനമായിരുന്നത് 2014ൽ 27 ശതമാനമായി ചുരുങ്ങി. 2015ൽ ഐ.എം.എഫ് നടത്തിയ പഠനത്തിൽ അന്താരാഷ്ട്ര തലത്തിൽ വനിതകളുടെ തൊഴിൽ പങ്കാളിത്തം 50 ശതമാനവും കിഴക്കൻ ഏഷ്യൻ മേഖലയിൽ 63 ശതമാനവുമാണ്. ഇപ്പോൾ അത് 88 ശതമാനത്തിലെത്തിയിരിക്കുന്നു.

ചിന്തകൾ ബലമായി

സ്വന്തം കാലിൽ നിൽക്കണം എന്നിട്ട് മതി വിവാഹം എന്ന ചിന്തയാണ് മലയാളി പെൺകുട്ടികളെ ഈ മാറ്റത്തിലേക്ക് നയിച്ചത്. സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന കേരളം കൈവരിച്ച ഈ നേട്ടം ഇന്ത്യയ്ക്ക് തന്നെ അഭിമാനം പകരുന്നതാണ്. പഠിക്കേണ്ട സമയത്ത് പഠിക്കുക എന്നിട്ട് വിവാഹം, ആ രീതിയിലേക്ക് മാറിയ മലയാളി പെൺകുട്ടികളുടെ മനസാണ് നിർമല സീതാരാമന്റെ മനസിനെ സ്പർശിച്ചതും.