പരിഷ്കാരങ്ങളുടെ പേരിൽ അനാവശ്യമായ ബാദ്ധ്യതകൾ സൃഷ്ടിക്കുന്ന നടപടിയ്ക്കാണ് ടൂറിസ്റ്റ് ബസുകളുടെ നിറംമാറ്റവുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിട്ടി ഒരുങ്ങുന്നത്. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള ടൂറിസ്റ്റ് ബസുകൾക്കെല്ലാം ഏപ്രിൽ ഒന്നു മുതൽ ഒറ്റനിറമേ ആകാവൂ എന്നാണു നിബന്ധന. ടൂറിസ്റ്റ് ബസുകളുടെ പുറം ബോഡി വെള്ള മാത്രമേ ആകാവൂ. മദ്ധ്യഭാഗം പത്തു സെന്റിമീറ്റർ വീതിയിൽ ചാര നിറത്തിൽ വരയുമാകാം. മുൻവശത്ത് ടൂറിസ്റ്റ് ബസ് എന്ന് എഴുതിവയ്ക്കാം. ഇതൊഴികെ മറ്റ് പേരുകളോ ചിത്രങ്ങളോ ഒന്നും പാടില്ല. ടൂറിസ്റ്റ് ബസ് നടത്തിപ്പുകാർ തമ്മിലുള്ള മത്സരം ഒഴിവാക്കാൻ വേണ്ടിയാണ് അവയ്ക്ക് ഏകീകൃത നിറം മതിയെന്ന നിബന്ധന കൊണ്ടുവരുന്നതെന്നാണു വിശദീകരണം. ഏപ്രിൽ ഒന്നിനു മുൻപ് നിബന്ധന പാലിച്ചില്ലെങ്കിൽ പിടികൂടി പിഴ ചുമത്താനാണ് തീരുമാനം.
ടൂറിസ്റ്റ് ബസുകൾക്ക് നിയന്ത്രണവും പെരുമാറ്റച്ചട്ടവുമൊക്കെ വേണ്ടതുതന്നെ. എന്നാൽ അതിന്റെ ഭാഗമായി വലിയ സാമ്പത്തിക ബാദ്ധ്യത വരുന്ന നിറം മാറ്റം പോലുള്ള പരിഷ്കാരങ്ങൾക്കു നിർബന്ധിക്കുന്നത് അന്യായമെന്നേ പറയാനാവൂ. ഒരു ബസിന്റെ നിലവിലെ കളർ മാറ്റി ആർ.ടി.എ നിർദ്ദേശിക്കുന്ന വെള്ളയടിച്ച് പുറത്തിറക്കാൻ വലിയ തുക തന്നെ വേണ്ടിവരും. കടുത്ത മാത്സര്യം മൂലം ഇപ്പോൾത്തന്നെ പ്രതിസന്ധി നേരിടുന്ന ഈ മേഖലയ്ക്ക് പുതിയ നിബന്ധന അധിക ഭാരമാകുമെന്നു തീർച്ച. ഇത് നേരിട്ട് ബസ് ഉടമകളെയാണു ബാധിക്കുകയെങ്കിലും പരോക്ഷമായി ഈ അധികച്ചെലവ് യാത്രക്കാരുടെ തലയിലാകും വന്നുചേരുക. ഇപ്പോൾത്തന്നെ തോന്നുംപടിയാണ് ഇവർ യാത്രക്കൂലി ഈടാക്കുന്നത്. വെള്ള നിറത്തിലേക്കു മാറിയതിന്റെ ചെലവു കൂടി ഇനി യാത്രക്കൂലിയിൽ ഉൾപ്പെടാനാണു സാദ്ധ്യത.
സംസ്ഥാനത്ത് ഓടിക്കൊണ്ടിരിക്കുന്ന ടൂറിസ്റ്റ് ബസുകളിൽ പലതും ഭീകരരൂപം വരിച്ചതാണ് ആർ.ടി.എ യെക്കൊണ്ട് വിവാദ തീരുമാനമെടുപ്പിച്ചിരിക്കുന്നത്. ബസിനകത്തു മാത്രമല്ല പുറത്തും ചിത്രപ്പണികൾ ചെയ്തും ഒറ്റനോട്ടത്തിൽത്തന്നെ മറ്റു സാധാരണ വാഹനങ്ങളുടെ ശ്രദ്ധ വ്യതിചലിപ്പിക്കും വിധത്തിലുമാണ് പല ആഡംബര ബസുകളും ഓടുന്നത്. ഭീകരരൂപികളും വന്യമൃഗാദികളുമൊക്കെ ഇത്തരം ബസുകളിൽ ദൃശ്യഭീതി സൃഷ്ടിക്കുന്നു. ഇതൊന്നും പോരാതെ നാലുവശങ്ങളിലും പുറത്തുമൊക്കെ എൽ.ഇ.ഡി വിളക്കുകളും കാണാം. രാത്രികാലത്ത് നിരത്തുകളിലൂടെ പായുന്ന ഇത്തരം ചലിക്കുന്ന ഭീകരരൂപികൾ സാധാരണ വാഹനയാത്രക്കാർക്ക് വലിയ ഭീഷണി തന്നെയാണ്. ആഡംബരത്തിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന ഇത്തരം കോപ്രായങ്ങൾക്ക് വിരാമമിടേണ്ടത് ആവശ്യം തന്നെയാണ്. അതേസമയം മനസിനിണങ്ങിയ നിറം തിരഞ്ഞെടുത്തതിന്റെ പേരിൽ ടൂറിസ്റ്റ് ബസുകളെ മുഴുവൻ ശിക്ഷിക്കുന്നത് ശരിയാണെന്നു തോന്നുന്നില്ല. പെയിന്റ് കമ്പനികൾക്കും സർവീസ് സെന്ററുകൾക്കും വൻതോതിൽ വരുമാനം ഉണ്ടാകുമെന്നതൊഴിച്ചാൽ ജനങ്ങൾക്കോ ബസുടമകൾക്കോ ഒരു നേട്ടവും നൽകാത്ത പരിഷ്കാരത്തിനാണ് ആർ.ടി.എ ഒരുങ്ങുന്നത്. ടൂറിസ്റ്റു ബസുകളിൽ അടിച്ചുവച്ചിട്ടുള്ള ഭീകര ദൃശ്യങ്ങളും മറ്റുള്ളവരുടെ ശ്രദ്ധ തിരിക്കുന്ന രീതിയിലുള്ള അലങ്കാര ചിത്രീകരണവുമെല്ലാം നീക്കം ചെയ്യാൻ ആവശ്യപ്പെടാവുന്നതാണ്. ഒരേ നിറമേ ആകാവൂ എന്ന നിർബന്ധബുദ്ധിയാണ് മനസിലാക്കാൻ വിഷമം. അടുത്തകാലത്താണ് ഗതാഗത മേഖലയിൽ ഈ നിറംമാറ്റ പരിഷ്കാരഭ്രമം പടർന്നുപിടിച്ചത്. സ്വകാര്യ ബസുകൾക്കെല്ലാം ഒരേ നിറമായിക്കഴിഞ്ഞു. അതുപോലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്കും ഒരൊറ്റ നിറമാണിപ്പോൾ. നഗരസഭയുടെ കുടിവെള്ള ടാങ്കറുകളുടെയും സെപ്റ്റേജ് ടാങ്കുകളുടെയും നിറഭേദം വച്ചുകൊണ്ട് അവ തിരിച്ചറിയാൻ എളുപ്പമാണെന്ന സൗകര്യമുണ്ട്. എന്നാൽ ടൂറിസ്റ്റ് ബസുകളും ഒരേ നിറത്തിലാകണമെന്നു വാദിക്കുന്നതിൽ അർത്ഥമില്ല. നിരത്തുകളിലെ ഗതാഗത നിയമ ലംഘനങ്ങൾ പിടികൂടാനുള്ള നടപടികളാണ് യഥാർത്ഥത്തിൽ ശക്തിപ്പെടുത്തേണ്ടത്. ടൂറിസ്റ്റ് ബസുകൾ ചുവന്നതായാലും പച്ചയായാലും മഞ്ഞയായാലും നീലയായാലും പ്രത്യേകിച്ച് ആർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നില്ല. നിയമലംഘനങ്ങളുടെ കാര്യം അങ്ങനെയല്ല. നിറഭേദങ്ങളാണ് പ്രകൃതിയുടെ സവിശേഷത എന്ന കാര്യം മറക്കരുത്.