korona-virusas

തിരുവനന്തപുരം /കാസർകോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ കഴിയുന്ന കാഞ്ഞങ്ങാട് സ്വദേശിയായ 22കാരന് നോവൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ നിയമസഭയിൽ പറഞ്ഞു. കേരളത്തിലും ഇന്ത്യയിലും കൊറോണ സ്ഥിരീകരിച്ച മൂന്നാമത്തെ കേസാണിത്. സംസ്ഥാനത്തു കൂടുതൽ പേർക്കു വൈറസ് ബാധയുണ്ടാകാം. എന്നാൽ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ സ്രവപരിശോധനയിലാണ് പോസിറ്റീവ് ഫലം ലഭിച്ചത്. ചൈനയിലെ വുഹാനിൽനിന്ന് മടങ്ങിയ മെഡിക്കൽ വിദ്യാർത്ഥി സംഘത്തിലുള്ളതാണ് യുവാവ്. ആരോഗ്യനില തൃപ്തികരമാണ്. നേരത്തേ തൃശൂരിലും ആലപ്പുഴയിലും ഓരോരുത്തർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. മൂവരും ഒരുമിച്ചാണ് ഒരാഴ്ച മുമ്പ് നാട്ടിലെത്തിയത്.

കാഞ്ഞങ്ങാട് ടൗണിന് സമീപം താമസിക്കുന്ന വിദ്യാർത്ഥിയെ കടുത്ത പനിയെ തുടർന്നാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംശയം തോന്നിയതിനെ തുടർന്ന് ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയായിരുന്നു. കാസർകോട് ഡി.എം.ഒ ഡോ എ പി ദിനേശ്കുമാറിന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥിയെ പരിശോധിക്കുന്നത്.

ഇന്നലെ ഉച്ചക്ക് ശേഷം കാസർകോട് കളക്ടറേറ്റിൽ കളക്ടർ ഡോ.സജിത്ബാബുവിന്റെ അദ്ധ്യക്ഷതയിൽ മെഡിക്കൽ വിഭാഗത്തിന്റെ പ്രത്യേക യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലേക്ക് പ്രത്യേക മെഡിക്കൽ സംഘത്തെ അയയ്ക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

അവധി തടഞ്ഞു
കൊറോണ രോഗ ബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർക്ക് അവധി നിഷേധിച്ചു കൊണ്ട് ആരോഗ്യവകുപ്പ് സർക്കുലർ ഇറക്കി. ഇനിയൊരറിയിപ്പ് ഉണ്ടാകും വരെ ജീവനക്കാർ ആരും അവധിയിൽ പോകാൻ പാടില്ല.

'ജനുവരി 30 നാണ് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പേ വാർഡിന്റെ രണ്ടാം നില ഐസൊലേഷൻ വാർഡായി സജ്ജീകരിച്ചിരുന്നു. ഈയാളുടെ ആരോഗ്യനിലയിൽ ആശങ്കയില്ല".

ഡോ.എ.പി.മനോജ്, ഡിസ്ട്രിക്റ്റ്

സർവൈലൻസ് ഓഫീസർ