തിരുവനന്തപുരം: ആരാധനാലയങ്ങളും ക്ലബ്ബുകളും ചാരിറ്രബിൾ സൊസൈറ്രികളും രേഖകളില്ലാതെ കൈവശം വച്ചിട്ടുള്ള ഭൂമി തിരിച്ചുപിടിക്കാനുള്ള റവന്യൂ വകുപ്പിന്റെ ശ്രമം ഉപേക്ഷിക്കുന്നു. തത്കാലം
ഇതിൽ ഒരേക്കർ വരെ ഭൂമി അവർക്ക് പതിച്ചുകൊടുക്കും. ഇതു സംബന്ധിച്ച ഉത്തരവ് ജനുവരി 29ന് ഇറങ്ങി.
. യാതൊരു രേഖയുമില്ലാതെ ആരാധനാലയങ്ങളും ചാരിറ്രബിൽ സൊസൈറ്രികളും ആവശ്യത്തിൽ കൂടുതലായി അഞ്ചും ആറും ഏക്കർ ഭൂമി കൈവശം വയ്ക്കുകയും, വാണിജ്യ ആവശ്യത്തിനും മറ്റും ഉപയോഗിക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അത്യാവശ്യം വേണ്ട ഭൂമി പതിച്ചു നൽകാനും ബാക്കി തിരിച്ചുപിടിക്കാനുമുള്ള നിർദ്ദേശം റവന്യൂ വകുപ്പ് മുന്നോട്ടുവച്ചത്. എന്നാൽ മന്ത്രിസഭാ യോഗത്തിൽ ഇതിൽ എതിർപ്പുയർന്നു. ഭൂമി സർക്കാർ തിരിച്ചുപിടിക്കുന്നത് വിമർശനത്തിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. തുടർന്നാണ് തത്കാലം ഒരേക്കർ വരെ പതിച്ചുകൊടുക്കാനും ,ബാക്കി ഭൂമി ഏറ്റെടുക്കുന്ന കാര്യം പിന്നെ ആലോചിച്ച് തീരുമാനിക്കാനും ധാരണയായത്. ഇതോടെ, അനധികൃതമായി കൈവശം വച്ച ഭൂമി തിരിച്ചുപിടിക്കാനുള്ള റവന്യൂ വകുപ്പിന്റെ നീക്കം നിലച്ചു.
പതിച്ചുനൽകൽ ഉത്തരവ് ?
ആരാധനാലയങ്ങളും ശ്മശാനങ്ങളും കൈവശം വച്ചിട്ടുള്ള രേഖകളില്ലാത്ത ഭൂമിയിൽ അത്യാവശ്യത്തിന് പരമാവധി ഒരേക്കർ വരെ പതിച്ചു നൽകാം
വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന സ്ഥലം പതിച്ചു നൽകില്ല
സ്ഥലം സ്വാതന്ത്ര്യത്തിനുമുമ്പേ ഉപയോഗിച്ചിരുന്നതാണെങ്കിൽ ന്യായവിലയുടെ 10 % ഈടാക്കി പതിച്ചു നൽകാം
കേരളപ്പിറവിക്കു മുമ്പുമുതൽ ഉപയോഗിക്കുന്നതാണെങ്കിൽ 25% തുക
ഈടാക്കി പതിച്ചുനൽകാം
1956നും 1990 ജനുവരി രണ്ടിനും ഇടയിലാണെങ്കിൽ ന്യായ വില മുഴുവനായും ഈടാക്കണം
1990നും 2008 ആഗസ്ത് 25നും മുമ്പേ കൈവശം വച്ചിട്ടുണ്ടെങ്കിൽ കമ്പോള വില ഈടാക്കി പതിച്ചുനൽകാം
സംഘടനകൾക്കും ക്ലബ്ബുകൾക്കും നഗരങ്ങളിൽ ഭൂമി പതിച്ചു നൽകില്ല
സ്ഥലം സ്വാതന്ത്ര്യത്തിനു മുമ്പുള്ളതാണെങ്കിൽ ന്യായ വിലയുടെ 25 %വും കേരളപ്പിറവിക്കു മുമ്പാണെങ്കിൽ 50% വും 1990 ജനുവരി രണ്ടിനു മുമ്പാണെങ്കിൽ മുഴുവൻ ന്യായവിലയും ഈടാക്കി പതിച്ചു നൽകാം
'വർഷങ്ങളായി ആരാധനാലയങ്ങളും ശ്മശാനങ്ങളും കൈവശം വച്ച ഭൂമിയിൽ അവർക്ക് രേഖയില്ലാതിരുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ഉടമസ്ഥാവകാശം നൽകണമെന്നും ആവശ്യപ്പെട്ട് നിരവധി അപേക്ഷകൾ കിട്ടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അവർക്ക് അത്യാവശ്യത്തിനായി ഒരേക്കർ ഭൂമിയിൽ ഉടമസ്ഥാവകാശം നൽകുന്നത്. - ഇ.ചന്ദ്രശേഖരൻ , റവന്യൂ മന്ത്രി