ഗർഭകാലത്തുണ്ടാകാവുന്ന ഹോർമോൺ തകരാറുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് തൈറോയ്ഡ് രോഗങ്ങൾ. എന്നാൽ ഇതിന്റെ ലക്ഷണങ്ങൾ പലപ്പോഴും ഗർഭകാല അസ്വസ്ഥകളായി തെറ്റിദ്ധരിക്കാൻ ഇടയുണ്ട്. ഗർഭിണികളിലെ ചെറിയൊരു തൈറോയ്ഡ് പ്രശ്നം പോലും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം.
തൈറോയ്ഡിനെ കൂടുതൽ അറിയാം
കഴുത്തിന് മുൻവശത്ത് ശ്വാസനാളത്തിന്റെ ഇരുഭാഗത്തുമായാണ് ഈ ചെറുഗ്രന്ഥിയുടെ സ്ഥാനം. വലുപ്പത്തിൽ ചെറുതാണെങ്കിലും ശരീരത്തിലെ പല പ്രധാന പ്രക്രിയകളിലും തൈറോയ്ഡിന്റെ പങ്ക് വളരെ വലുതാണ്. ഹൃദയം, മസ്‌തിഷ്കം, ചർമ്മം, അസ്ഥികൾ എന്നിവയുടെ സുഗമമായ പ്രവർത്തനം, ശരീര താപനിയന്ത്രണം, ശാരീരിക വളർച്ച, ബുദ്ധിവികാസം എന്നിവയെ എല്ലാം തൈറോയ്ഡ് ഹോർമോണുകളായ ടി-3, ടി-4 സ്വാധീനിക്കുന്നു. ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന അയഡിൻ ഉപയോഗിച്ചാണ് ഈ ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത്. പല കാരണങ്ങളാൽ ഇവയുടെ ഉത്പാദനത്തിന്റെ താളം തെറ്രാം. തൈറോയ്ഡ് രോഗങ്ങൾ പ്രധാനമായും രണ്ട് തരത്തിലാണുള്ളത്. ഹൈപ്പോ തൈറോയ്ഡിസം, ഹൈപ്പർ തൈറോയ്ഡിസം.
ഹൈപ്പോ തൈറോയ‌്‌ഡിസം
തൈറോയ്ഡ് ഹോർമോണുകളുടെ അളവ് ശരീരത്തിൽ കുറയുന്ന ഈ അവസ്ഥയാണ് ഗർഭിണികളിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന തൈറോയ്‌ഡ് രോഗം. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനക്കുറവ് ഗർഭധാരണ ശേഷിയെ പലപ്പോഴും ദോഷകരമായി ബാധിക്കാറുണ്ട്. വന്ധ്യത, തുടർച്ചയായ ഗർഭഛിദ്രം എന്നിവയ്ക്കെല്ലാം ഹൈപ്പോ തൈറോയ്‌ഡിസം ഒരു പ്രധാന കാരണമാണ്. ഹൈപ്പോ തൈറോയ്‌ഡിസത്തിന്റെ രോഗനിർണയവും ചികിത്സയും വൈകിയാൽ ഗർഭിണികളിൽ താഴെ പറയുന്ന പ്രശ്നങ്ങൾ ഉണ്ടാകാം.
വിളർച്ച (അനീമിയ )
ഗർഭഛിദ്രം
ഗർഭിണികളിലെ രക്താതി സമ്മർദ്ദം
അമിത രക്തസ്രാവം
മറുപിള്ള വിട്ടുപോകൽ ( പ്ളാസന്റൽ അബ്രപ്ഷൻ)
ഗർഭസ്ഥ ശിശുവിന് വളർച്ചക്കുറവ്
ചാപിള്ളയെ പ്രസവിക്കൽ
മാസം തികയാതെയുള്ള പ്രസവം
നവജാതശിശുവിൽ മഞ്ഞപ്പിത്തം, ബുദ്ധി വൈകല്യം, തൈറോയ്ഡ് രോഗങ്ങൾ, കൈകാൽ വളർച്ച (ഫ്ളോപ്പി ബേബി) , കേഴ്വിക്കുറവ്.
ഡോ. ലക്ഷ്മി മോഹൻ
ഗൈനക്കോളജിസ്റ്റ്,
അർബൻ ഹെൽത്ത് ട്രെയിനിംഗ് സെന്റർ,
അമ്പലപ്പുഴ.
ഫോൺ: 9747013719.