തിരുവനന്തപുരം: മുഖം മൂടി അണിഞ്ഞ് ബൈക്കിലെത്തിയ സംഘത്തിന്റെ ആക്രമണത്തിൽ എം.ജി കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകന് പരിക്കേറ്റു. കഴിഞ്ഞദിവസം അർദ്ധരാത്രിയിൽ കോളേജിന് എതിർവശത്തുള്ള പെൻഷൻ ഭവന് മുന്നിലായിരുന്നു സംഭവം. ആക്രമണത്തിൽ എസ്.എഫ്.ഐ എം.ജി. കോളേജ് യൂണിറ്റ് അംഗവും കെമിസ്ട്രി ഒന്നാം വർഷ വിദ്യാർത്ഥിയുമായ കൗശിക്കിനാണ് പരിക്കേറ്റത്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളേജിലെ എസ്.എഫ്.ഐയുടെ യൂണിറ്റ് സമ്മേളനം ഇന്നലെ പെൻഷൻ ഭവനിൽ നടത്താൻ നിശ്ചയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൊടിതോരണങ്ങൾ കെട്ടുമ്പോഴായിരുന്നു ആക്രമണം. ഇതിന് പിന്നിൽ എ.ബി.വി.പിയാണെന്ന് ആരോപിച്ച് എസ്.എഫ്.ഐ പ്രവർത്തകർ കോളേജിലേക്ക് പ്രകടനം നടത്തി. മർദ്ദനത്തിന്റെ സി.സി ടി.വി ദ്യശ്യങ്ങൾ പൊലീസിന് ലഭിച്ചു. എട്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. ഇവർ ഹാളിലേക്ക് ഓടിക്കയറുന്നതും ഇതിന് പിന്നാലെ ഹാളിലുള്ളവർ പുറത്തേക്ക് ഓടുന്നതും ദൃശ്യങ്ങളിൽ കാണാം. ഓടുന്നതിനിടെ നിലത്ത് വീണ കൗശിക്കിനെ കുറുവടി ഉപയോഗിച്ച് നാലുപേർ ചേർന്ന് വളഞ്ഞിട്ട് അടിക്കുകയും ചവിട്ടുകയുമായിരുന്നു. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. അക്രമത്തിൽ ഉൾപ്പെട്ടവരെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. കോളേജിൽ നേരത്തെ നിലനിന്നിരുന്ന എസ്.എഫ്.ഐ - എ.ബി.വി.പി തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് സംഭവ സ്ഥലത്ത് പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.