ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഭാഗ്യവാനാണ്. പത്ത് തലയുള്ള രാവണനെന്ന് മാത്രമേ ആരും അദ്ദേഹത്തെ വിശേഷിപ്പിക്കാതിരുന്നുള്ളൂ. മറ്റ് പല രൗദ്രഭാവങ്ങളിലും ഗവർണർക്കിന്നലെ സഭയിൽ നിറഞ്ഞാടാനായി, അസാന്നിദ്ധ്യത്തിലും! ഗവർണറെ തിരിച്ചു വിളിക്കാനാവശ്യപ്പെട്ടുള്ള പ്രതിപക്ഷനേതാവിന്റെ പ്രമേയ നോട്ടീസിന്, കേവലം കടലാസിന്റെ ആയുസേ ഉള്ളൂവെന്ന് ബോദ്ധ്യപ്പെട്ടത് അത് പരിഗണിക്കില്ലെന്ന കാര്യോപദേശകസമിതിയുടെ തീരുമാനം മുഖ്യമന്ത്രി പിണറായിവിജയൻ സഭയിൽ വച്ചപ്പോഴാണ്. തിരിച്ച് കാര്യോപദേശകസമിതിക്ക് വിടാൻ പ്രതിപക്ഷം ശഠിച്ചു. തന്റെ പ്രമേയം പാസാക്കിയാലും ഇല്ലെങ്കിലും ജനമനസിൽ നിന്ന് ആരിഫ് ഖാൻ എന്നേ പുറത്തായിരിക്കുന്നുവെന്ന് സ്വയം ആശ്വസിക്കാൻ പ്രതിപക്ഷനേതാവ് തുനിഞ്ഞത് പ്രമേയത്തിന്റെ അല്പായുസോർത്തിട്ടാവണം.
നിയമസഭ പാസാക്കിയ പ്രമേയത്തെ ഗവർണർ തള്ളിപ്പറഞ്ഞതൊന്നും അംഗീകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതിനപ്പുറം തിരിച്ചുവിളിക്കാൻ പറയാനൊന്നും പോകണ്ട. ചുരികയ്ക്ക് ചുരിക മാത്രമെന്ന് ന്യായം. ഗവർണർപദവി ദുരുപയോഗം ചെയ്യാൻ ആരിഫ്ഖാനെ പ്രേരിപ്പിക്കുന്നുവെന്നാക്ഷേപിച്ച മുഖ്യമന്ത്രി കൃത്യമായ പ്രേരണാകുറ്റം പ്രതിപക്ഷനേതാവിൽ ചുമത്തി. തദ്ദേശവാർഡ് വിഭജന ഓർഡിനൻസിൽ ഗവർണർ ഒപ്പിടാതിരുന്നതിന് കാരണം പ്രതിപക്ഷനേതാവിന്റെ കത്താണല്ലോ. മന്ത്രിസഭ പാസാക്കിയ നിയമം കോടതിവിധിക്കെതിരായാൽ ഇനിയും ചൂണ്ടിക്കാട്ടുമെന്ന് പ്രതിപക്ഷനേതാവ് തിരിച്ചടിക്കാതിരുന്നില്ല.
പ്രതിപക്ഷനേതാവിന്റെ പ്രമേയം വോട്ടിനിട്ട് തള്ളിയപ്പോൾ, 'ഗവർണർക്ക് വേണ്ടി വോട്ട് ചെയ്തോ'യെന്ന് ഭരണപക്ഷത്തെ നോക്കി പ്രതിപക്ഷം കുത്തുവാക്കെറിഞ്ഞു. റീകാൾ ഗവർണർ എന്ന ഇംഗ്ലീഷ് മുദ്രാവാക്യവും മുഴക്കി. കാര്യോപദേശകസമിതി തീരുമാനം സഭയിൽ വയ്ക്കും മുമ്പേ മന്ത്രി ബാലൻ ചോർത്തിക്കളഞ്ഞെന്ന് എം. ഉമ്മർ ആരോപിച്ചു. യോഗത്തിൽ നടന്നത് വള്ളിപുള്ളി വിടാതെ പ്രതിപക്ഷനേതാവ് വാർത്താലേഖകരോട് പറഞ്ഞതിന് മന്ത്രി ബാലനും തെളിവ് ഹാജരാക്കി. ഉമ്മർ 'അപ്പം കൊടുത്ത് പിണ്ണാക്ക് " വാങ്ങിയെന്നാണ് മന്ത്രിയുടെ തോന്നൽ. ക്ലിപ്പിംഗ് പരിശോധിച്ച് റൂളിംഗ് നൽകാമെന്ന് പറഞ്ഞ് സ്പീക്കർ തർക്കത്തിന് താത്കാലികവിരാമമുണ്ടാക്കി. ഗവർണർ സർക്കാർനയം വായിച്ചതിലുള്ള ആഹ്ലാദമായിരുന്നു നയപ്രഖ്യാപനത്തിന് നന്ദിപ്രമേയമവതരിപ്പിച്ച എസ്. ശർമ്മയുടെ വാക്കുകളിൽ. സി.എ.എക്കെതിരായ പ്രക്ഷോഭം വയലന്റ് ആകരുതെങ്കിലും ഗവർണറുടെ പേരിൽ പ്രതിപക്ഷം വയലന്റ് ആകുന്നതായാണ് മുല്ലക്കര രത്നാകരന് അനുഭവപ്പെട്ടത്. ഗവർണറോടുള്ള എതിർപ്പ് സിംബോളിക് ആയി കെ.എൻ.എ. ഖാദർ വ്യാഖ്യാനിച്ചു. ഗവർണറെ തന്നെ എതിർക്കുമ്പോൾ എന്ത് നന്ദിയെന്നാണ് തിരുവഞ്ചൂർ ന്യായം. നന്ദിപ്രമേയത്തിന് ശബരീനാഥന്റെ വക 100ഭേദഗതികളുണ്ടായി. പി.സി.ജോർജിന്റെ ഒറ്റ ഭേദഗതി അതിനെയെല്ലാം മറികടക്കുന്നതുമായി. ഗവർണറുടെ 'അധികപ്രസംഗ"ത്തിന് നന്ദി രേഖപ്പെടുത്തുന്നുവെന്ന്. പ്രസംഗത്തിന് മുമ്പ് അധിക എന്നൊരു വാക്ക് മാത്രം. ബുദ്ധിക്ക് പിന്നിൽ ദുർ എന്ന് ചേർത്താൽ ദുർബുദ്ധിയാകില്ലേയെന്ന് ചോദിച്ച സ്പീക്കർ ശ്രീരാമകൃഷ്ണൻ ജോർജിനെ മുളയിലേ നുള്ളിക്കളഞ്ഞു.
സഭാനടപടികൾ ടച്ച്സ്ക്രീനിലേക്ക് മാറിയതിന്റെ അസ്കിതകൾ പ്രകടമായിത്തുടങ്ങിയിട്ടുണ്ട്. അടിയന്തരപ്രമേയനോട്ടീസിന്മേൽ അംഗം പ്രസംഗിക്കും മുമ്പേ സ്പീക്കർ അനുമതി നിഷേധിക്കുന്നുവെന്ന് സ്ക്രീനിൽ തെളിഞ്ഞുവന്നതിലെ ക്രമമില്ലായ്മ വി.ഡി.സതീശനാണ് ചൂണ്ടിക്കാട്ടിയത്. പിഴവ് പരിഹരിക്കാമെന്ന് സ്പീക്കർ ഉറപ്പുനൽകി. വഴിതെറ്റിപ്പോയ സർക്കാരിന്റെ വഴിപിഴച്ച പൊലീസെന്നാണ് കാട്ടാക്കടയിൽ ടിപ്പറിടിച്ചുള്ള കൊലപാതകത്തെയോർത്ത് എം.വിൻസന്റ് വിലപിച്ചത്. സർക്കാരിന് വഴിതെറ്റലില്ലെന്ന് മുഖ്യമന്ത്രി ആശ്വസിപ്പിച്ചു.