തിരുവനന്തപുരം: നിറുത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ മറ്റൊരു ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് പരിക്ക്. കോട്ടയം സ്വദേശി സിറിയക്കിനാണ് (50) പരിക്കേറ്റത്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് പാൽക്കുളങ്ങര - കരിക്കകം റോഡിൽ കരിക്കകം ശ്രീചാമുണ്ഡി ക്ഷേത്രത്തിന് മുന്നിലായിരുന്നു അപകടം. ഇടിച്ച ലോറിയുടെ ഡ്രൈവറാണ് സിറിയക്ക്. ഇടിയുടെ ആഘാതത്തിൽ തകർന്ന ലോറിക്കുള്ളിൽ കുടുങ്ങിയ ഇയാളെ ചാക്കയിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് പുറത്തെടുത്തത്. നിറുത്തിയിട്ടിരുന്ന ലോറിക്കുള്ളിൽ ഡ്രൈവറുണ്ടായിരുന്നില്ല. വണ്ടിയുടെ ബ്രേക്ക് പൊട്ടിയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.