marinja-minilori

കല്ലമ്പലം: ദേശീയപാതയിൽ കടുവാപ്പള്ളിക്ക് സമീപം അമിതവേഗത്തിൽ വന്ന കാർ നിയന്ത്രണം വിട്ട് എതിരെ വന്ന കാറിലിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. കാർ നിയന്ത്രണം വിട്ട് വരുന്നത് കണ്ട് സൈഡ് നൽകാൻ ശ്രമിക്കവേ ഒരു മിനിലോറി മറിയുകയും ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. ആറ്റിങ്ങൽ ഭാഗത്തേക്ക് അമിതവേഗത്തിൽ

വന്ന കാറിലുണ്ടായിരുന്ന കൊല്ലം സ്വദേശികളായ നിസാം, വിനയൻ, ഷാജഹാൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലത്ത് നിന്നും ആറ്റിങ്ങലിലേക്ക് ലോഡുമായി പോകുകയായിരുന്ന മിനിലോറിയാണ് മറിഞ്ഞത്. പിറകിൽ നിന്നും അമിതവേഗതയിൽ കാർ വരുന്നത് സൈഡ് ഗ്ലാസിലൂടെ കണ്ട മിനിലോറി ഡ്രൈവർ പെട്ടെന്ന് വശത്തേക്ക് ഒതുക്കി കാറിന് പോകാനിടം നൽകാൻ ശ്രമിക്കുമ്പോഴാണ് മറിഞ്ഞത്. എന്നാൽ വേഗതയിൽ വന്ന കാർ എതിർദിശയിൽ നിന്ന് വന്ന മറ്റൊരു കാറിലിടിച്ച് നിൽക്കുകയായിരുന്നു. കാർ ഡ്രൈവർ ഉറങ്ങിയതാണ് കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മിനിലോറിയിലുള്ളവരും എതിരെ വന്ന കാറിന്റെ ഡ്രൈവറും പരിക്കില്ലാതെ രക്ഷപ്പെട്ടു.