പാലോട്: അർബുദ രോഗം കവർന്നെടുത്ത സഹപാഠിയുടെ ഓർമയ്ക്കായി പെരിങ്ങമ്മല ഇക്ബാൽ ഹയർ സെക്കൻഡറിസ്കൂളിൽ പണിത ഓഡിറ്റോറിയം വിദ്യാർത്ഥികൾക്കായി തുറന്നുകൊടുത്തു. സ്കൂളിലെ 2011-13 ബാച്ച് വിദ്യാർത്ഥിയായ അഞ്ജുഅജിത്ത് നട്ടെല്ലിലെ കാൻസറിനെ തുടർന്നാണ് ചികിത്സ ആരംഭിച്ചത്. പഠിക്കാൻ മിടുക്കിയായിരുന്ന അഞ്ജുവിന്റെ കുടുംബത്തിന് ചികിത്സാ ചെലവ് താങ്ങാവുന്നതിലും അധികമായപ്പോഴാണ് സഹപാഠികളും രക്ഷിതാക്കളും സഹായവുമായി ഇറങ്ങിയത്. ഒരാഴ്ച്ച കൊണ്ട് 17 ലക്ഷം രൂപ അഞ്ജുവിനായി സമാഹരിച്ചെങ്കിലും രോഗത്തിൽ നിന്നും രക്ഷിക്കാനായില്ല. ഒന്നര മാസത്തെ ചികിത്സക്ക് ശേഷംഅഞ്ചു മരണത്തിന് കീഴടങ്ങി. ചികിത്സാ ചെലവുകൾക്കായി സ്കൂളിൽ നിന്നും സമാഹരിച്ചു നൽകിയ തുകയിൽ നിന്നും ബാക്കി വന്ന എട്ടര ലക്ഷം രൂപ അഞ്ജുവിന്റെ അച്ഛൻ സ്കൂളിന് തന്നെ തിരികെ നൽകി. ആ തുക ചെലവാക്കി സ്കൂൾ മുറ്റത്ത് രണ്ടായിരത്തിലധികം പേർക്കിരിക്കാവുന്ന ഓഡിറ്റോറിയം പണിതത്. പണി പൂർത്തിയാക്കാൻ 18 ലക്ഷം രൂപ ചെലവായി. പി.ടി.എ യും സ്കൂൾ മാനേജ്മെന്റും ചേർന്ന് നടപ്പിലാക്കിയ ഈ പദ്ധതി ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി ഉദ്ഘാടനം ചെയ്തു. സ്കൂൾ വാർഷികത്തോടനുബന്ധിച്ചാണ് ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തത്. സിനിമാ താരം ഗോകുൽ സുരേഷ് സ്കൂൾ വാർഷികം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജലീല്‍ വില്ലിപ്പയില്‍ അദ്ധ്യക്ഷനായി. പ്രിൻസിപ്പൾ റസീന, സ്റ്റാഫ് സെക്രട്ടറി ഷാജഹാന്ൻ, ട്രസ്റ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഉവൈസ്ഖാൻ, ഓച്ചിറ ഖരീം, ജാസ്മിൻ, രാധികാസുരേഷ്, നസീമാഇല്യാസ്, മഹാസേനൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ എൻ.എസ്.എസ്.യൂണിറ്റിന്റെ ദത്ത്ഗ്രാമത്തിലെ നിർധന കുടുംബങ്ങൾക്കുള്ള ജീവനോപാധിയായി തയ്യൽ മെഷീനുകൾ വിതരണം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.