തിരുവനന്തപുരം : കൊറോണ വൈറസ് ബാധ സംശയത്താൽ ഐസോലേഷൻ സെന്ററിൽ നിരീക്ഷണത്തിലാകുന്നവർ സാമ്പത്തികമായി പിന്നാക്കാവസ്ഥയിലാണെങ്കിൽ അവരുടെ കുടുംബങ്ങളുടെ ദൈനംദിന ജീവിതച്ചെലവ് സർക്കാർ വഹിക്കും. ഇതു സംബന്ധിച്ച നിർദേശം തദ്ദേശസ്ഥാപനങ്ങൾക്ക് നൽകി.
രോഗം പകരുന്നത് തടയാനുള്ള സാധനസാമഗ്രികൾ രോഗിയുടെ കുടുംബത്തിന് വാങ്ങിനൽകും. രോഗബാധ സംശയിക്കുന്നവർക്ക് പരിചരണത്തിന് സഹായികളെ ആവശ്യമെങ്കിൽ നൽകും. ഇതിന്റെ സാമ്പത്തിക സഹായം തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്ന് ലഭ്യമാക്കും.
സ്വകാര്യ ആരോഗ്യസ്ഥാപനങ്ങൾ, ലാബുകൾ, കൺസൾട്ടിംഗ് സെന്ററുകൾ എന്നിവിടങ്ങളിൽ ഇൻഫെക്‌ഷൻ കൺട്രോൾ പ്രോട്ടോക്കോൾ പാലിക്കുന്നുവെന്ന് തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കണം. കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്നെത്തുന്നവരുടെയും അവരുമായി അടുത്തിടപഴകുന്നവരുടെയും പട്ടിക തദ്ദേശസ്ഥാപനങ്ങൾ തയാറാക്കി അവർക്ക് ആരോഗ്യവകുപ്പിന്റെ ഹോം ഐസൊലേഷൻ പ്രോട്ടോക്കോൾ സംബന്ധിച്ച വിവരങ്ങൾ നൽകണം. രോഗം റിപ്പോർട്ട് ചെയ്താൽ ചികിത്സയും ഐസൊലേഷനും ഉറപ്പാക്കണം. മരുന്നുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾക്ക് കുറവുണ്ടാകാതെ ശ്രദ്ധിക്കണം.