തിരുവനന്തപുരം: ഗവ. കണ്ണാശുപത്രിയിലെ പാർക്കിംഗ് ചുമതലയുള്ള ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ നിയമസഭ ജീവനക്കാരനെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു. ആശുപത്രി വളപ്പിൽ രണ്ടു ദിവസമായി പാർക്ക് ചെയ്‌തിരുന്ന കാർ പണം നൽകാതെ കൊണ്ടു പോകാൻ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് സെക്യൂരിറ്റി ജീവനക്കാരനായ സ്റ്റാൻസിലാസിന് (56) മർദ്ദനമേറ്റത്. നിയമസഭ ലൈബ്രറി ഓഫിസ് ജീവനക്കാരൻ വെമ്പായം സ്വദേശി ഹാരിസിനെതിരെയാണ് കേസ്. കഴിഞ്ഞ 27ന് രാവിലെ 10ടെയായിരുന്നു സംഭവം. വാഹനം തടഞ്ഞപ്പോൾ താൻ നിയമസഭാ ജീവനക്കാരനാണെന്നും ഭരണകക്ഷി യൂണിയനിൽപ്പെട്ടയാളെന്നും പറഞ്ഞ ഹാരിസ് സ്റ്റാൻസിലാസിനെ തള്ളി മാറ്റി. വാഹനം ആശുപത്രിക്ക് പുറത്തിട്ടശേഷം മടങ്ങിവന്ന് അടിച്ച് നിലത്തിട്ട ശേഷം ചവിട്ടിയെന്നാണ് പരാതി. ആശുപത്രിയിലെ മറ്റു ജീവനക്കാർ ഓടിയെത്തിയതോടെ ഹാരിസ് വാഹനവുമായി കടന്നു. മുഖത്തും വയറിലും പരിക്കേറ്റ സ്റ്റാൻസിലാസിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെയാണ് കന്റോൺമെന്റ് പൊലീസിൽ പരാതി നൽകിയത്.