തിരുവനന്തപുരം: പൗരത്വ നിയമം റദ്ദാക്കണമെന്ന പ്രമേയം ഐകകണ്ഠ്യേന പാസാക്കിയെന്ന നയപ്രഖ്യാപനത്തിലെ പരാമർശത്തിൽ നിന്ന് 'ഐകകണ്ഠ്യേന" എന്ന വാക്ക് ഒഴിവാക്കണമെന്ന ബി.ജെ.പി അംഗം ഒ. രാജഗോപാലിന്റെ ആവശ്യം നിയമസഭ തള്ളി. നയപ്രഖ്യാപനത്തിന് നന്ദി രേഖപ്പെടുത്തി എസ്. ശർമ്മ അവതരിപ്പിച്ച പ്രമേയത്തിന് നൽകിയ ഭേദഗതി നോട്ടീസിലാണ് രാജഗോപാൽ ഇക്കാര്യം ആവശ്യപ്പെട്ടത്. ഗവർണറുടെ പ്രസംഗത്തിലെ പരാമർശത്തിനാണ് രാജഗോപാൽ ഭേദഗതി നിർദ്ദേശിച്ചതെന്നും നന്ദി പ്രമേയത്തിനല്ലാത്തതിനാൽ ഇത് ചട്ടപ്രകാരമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് സ്‌പീക്കർ ആവശ്യം തള്ളിയത്. ഭേദഗതി തള്ളുന്ന സമയത്തും രാജഗോപാൽ സഭയിലില്ലായിരുന്നു.
പൗരത്വ ഭേദഗതിക്കെതിരെ ഡിസംബർ 31ന് നിയമസഭ പാസാക്കിയ പ്രമേയത്തെ ഭരണപക്ഷവും പ്രതിപക്ഷവും അനുകൂലിച്ചിരുന്നു. ഒ. രാജഗോപാലാകട്ടെ, പ്രസംഗത്തിനിടയിൽ വിയോജിപ്പ് പറഞ്ഞെങ്കിലും പാസാക്കുന്ന സമയത്ത് വിയോജിപ്പറിയിച്ച് കൈ പൊക്കാതിരുന്നു. ഇതേത്തുടർന്ന് പ്രമേയം ഐകകണ്ഠ്യേന പാസാക്കിയതായി കണക്കാക്കി. ഇത് ബി.ജെ.പിക്കകത്ത് എതിർപ്പിനിടയാക്കിയ സാഹചര്യത്തിലാണ് രാജഗോപാൽ ഭേദഗതി നോട്ടീസ് നൽകിയതെന്നാണ് സൂചന.
നന്ദിപ്രമേയത്തിന്മേൽ ഗവർണറുടെ 'അധികപ്രസംഗത്തിന്" എന്ന തരത്തിൽ പി.സി. ജോർജ് കൊണ്ടുവന്ന ഭേദഗതിനോട്ടീസും സ്‌പീക്കർ തള്ളി. ഗവർണർ നയപ്രഖ്യാപനം നടത്തുന്നതിനിടെ പൗരത്വഭേദഗതി വിഷയത്തിൽ വിയോജിപ്പറിയിച്ച് നടത്തിയ പ്രതികരണത്തെയാണ് ജോർജ് അധികപ്രസംഗമെന്ന് വ്യാഖ്യാനിച്ചത്. അങ്ങയുടെ വികാരത്തോട് യോജിക്കുന്നെങ്കിലും ഭേദഗതി നോട്ടീസ് ഉൾക്കൊള്ളാനാകില്ലെന്ന് സ്‌പീക്കർ വ്യക്തമാക്കി.
ശബരീനാഥന്റെ 102 ഭേദഗതികൾ
നന്ദിപ്രമേയത്തിന്മേലുള്ള പ്രതിപക്ഷത്തിന്റെ 180 ഭേദഗതികളിൽ 102 എണ്ണവും കൊണ്ടുവന്നത് കെ.എസ്. ശബരീനാഥൻ. ഭേദഗതി നമ്പർ 56 മുതൽ 157 വരെയായാണ് ശബരീനാഥന്റെ ഭേദഗതി. നിയമസഭയുടെ ചരിത്രത്തിൽ ഇതാദ്യമാണ്. സർക്കാരിന്റെ നേട്ടങ്ങൾ വിവരിക്കുന്ന ഭാഗങ്ങൾക്കെതിരെയാണ് പ്രധാനമായും ശബരിയുടെ ഭേദഗതി നിർദ്ദേശങ്ങളുള്ളത്. മറ്റംഗങ്ങളിലേറെയും ഗവർണറുമായി ബന്ധപ്പെട്ടാണ് ഭേദഗതിനോട്ടീസുകൾ.