വർക്കല: വിനോദ സഞ്ചാരമേഖലയിൽ കേരളത്തിന്റെ അഭിമാനമായ പാപനാശത്തെത്തുന്ന വിദേശ സഞ്ചാരികളുടെ എണ്ണം മുൻ വർഷത്തേക്കാൾ കുറവ്. പ്രചാരണത്തിന്റെ അഭാവമാണ് വിനോദ സഞ്ചാരികൾ കുറയാൻ കാരണമെന്നാണ് ടൂറിസം വ്യവസായവുമായി ബന്ധപ്പെട്ടവർ പറയുന്നത്. ഇതോടൊപ്പം അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിലും ടൂറിസം വകുപ്പിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നാണ് ആക്ഷേപം. സഞ്ചാരികൾക്ക് തീരത്ത് വിശ്രമിക്കാനുള്ള സൗകര്യങ്ങളും പ്രാഥമിക ആവശ്യങ്ങൾക്കായി ടോയ്ലെറ്ര് സൗകര്യങ്ങളോ ഇല്ല. പാപനാശത്ത് നിർമ്മിച്ചിട്ടുള്ള നടപ്പാലം ജീർണാവസ്ഥയിലായിട്ട് വർഷങ്ങൾ പലതു കഴിഞ്ഞു. പാപനാശം കുന്നിൽ 2015 ഏപ്രിലുണ്ടായ തീപിടിത്തത്തിൽ ടിബറ്റൻ മാർക്കറ്ര് ഉൾപ്പെടെ നിരവധി കച്ചവടസ്ഥാപനങ്ങൾ അഗ്നിക്കിരയായിരുന്നു. ഫയർഫോഴ്സ് സംഘം ഇവിടെ എത്തിയെങ്കിലും രക്ഷാപ്രവർത്തനത്തിന് ഏറെ ബുദ്ധിമുട്ടി. തുടർന്ന് പാപനാശത്ത് ഫയർ ഹൈഡ്രെന്റ് സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം ഉയർന്നെങ്കിലും അധികൃതർ ഇത് ചെവിക്കൊണ്ടില്ല. ലൈഫ്ഗാർഡുകളുടെയും ടൂറിസം പൊലീസിന്റെയും എണ്ണം വർദ്ധിപ്പിക്കണമെന്ന ആവശ്യവും ഇതുവരെ നടപ്പായില്ല. ടൂറിസം ഡിപ്പാർട്ടമെന്റും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും മൺസൂൺ ടൂറിസം സാദ്ധ്യതയെ ഇത്തവണ പാടെ അവഗണിച്ചെന്നും ആക്ഷേപമുണ്ട്. നവംബർ പകുതി മുതൽ ഫെബ്രുവരി വരെയാണ് പാപനാശത്തെ പ്രധാന വിനോദസഞ്ചാര സീസൺ. ടൂറിസ്റ്റുകളുടെ എണ്ണം കുറഞ്ഞതോടെ പാപനാശത്തെ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർ കടക്കെണിയിലാണ്. വിദേശ സഞ്ചാരികളെ ആകർഷിക്കുന്നതിന് ടൂറിസം വകുപ്പും ബന്ധപ്പെട്ട അധികൃതരും തയ്യാറാകണമെന്നാണ് ഇവരുടെ ആവശ്യം.
പ്രധാന പ്രശ്‌നങ്ങൾ
തീരത്ത് വിശ്രമ കേന്ദ്രങ്ങളില്ല
ടോയ്ലറ്ര് സൗകര്യങ്ങൾ കുറവ്
കുന്നുകളിൽ സുരക്ഷാവേലി ഇല്ല
ഫയർഹൈഡ്രന്റ് സ്ഥാപിച്ചില്ല
കുന്നിലെ പടിക്കെട്ടുകൾ തകർച്ചയിൽ
അനാസ്ഥ ഒഴിയാതെ തീരം
ഹെലിപ്പാഡ് മുതൽ തിരുവമ്പാടി വരെയുള്ള ഭാഗത്തെ സുരക്ഷാ വേലിയുടെ അഭാവം അപകടമുണ്ടാക്കുന്നു. കുന്നിൽ നിന്നും വീണ് വിദേശ വിനോദ സഞ്ചാരികൾ ഉൾപ്പെടെ നിരവധി പേർ അപകടത്തിൽപ്പെടുന്നത് പതിവായിട്ടും വേലി സ്ഥാപിക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചില്ല. പലയിടത്തും നടപ്പാത കഴിഞ്ഞുള്ള ഭാഗം കാടുപിടിച്ച് കിടക്കുകയാണ്.